നാടന്‍ കുലുക്കി സര്‍ബത്തിന്റെ മറവില്‍ ചാരായ വില്‍പ്പന; രണ്ടുപേര്‍ പിടിയില്‍

Web Desk
4 Min Read

കാക്കനാട്: ഓണത്തോടനുബന്ധിച്ച് കാക്കനാട് കേന്ദ്രമാക്കി കുലുക്കി സര്‍ബത്തിന്റെ മറവില്‍ ചാരായം വില്‍പ്പന നടത്തി വന്ന രണ്ട് പേര്‍ എക്‌സൈസിന്റെ പിടിയില്‍. പൂക്കാട്ടുപടി സ്വദേശിയായ ഇപ്പോള്‍ തേവക്കല്‍ താമസിക്കുന്ന മണലിക്കാട്ടില്‍ വീട്ടില്‍ സന്തോഷ് (അങ്കിള്‍- 54), കാക്കനാട് കൊല്ലംകുടി മുകള്‍ സ്വദേശി മണ്ണാരം കുന്നത്ത് വീട്ടില്‍ കിരണ്‍ കുമാര്‍ (വാറ്റാപ്പി- 35) എന്നിവരാണ് സ്റ്റേറ്റ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്, എക്‌സൈസ് ഇന്റലിജന്‍സ്, എറണാകുളം എക്‌സൈസ് റേഞ്ച് എന്നിവരുടെ സംയുക്ത നീക്കത്തില്‍ പിടിയിലായത്. ഇവരുടെ വാഹനങ്ങളില്‍ നിന്നും വാടക വീട്ടില്‍ നിന്നുമായി 20 ലിറ്റര്‍ ചാരായം എക്‌സൈസ് കണ്ടെത്തി.

city exchange

ചാരായം നിര്‍മ്മിക്കാന്‍ പാകമാക്കി വച്ചിരുന്ന 950 ലിറ്റര്‍ വാഷ്, ചാരായ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന വാറ്റുപകരണങ്ങള്‍, അഞ്ച് ഗ്യാസ് കുറ്റി, 30 ലിറ്ററിന്റെ 4 പ്രഷര്‍ കുക്കറുകള്‍, ചാരായം നിറക്കുന്നതിന് വേണ്ടി സൂക്ഷിച്ച് വച്ചിരുന്ന അര ലിറ്റര്‍ കൊള്ളുന്ന 700 കാലി പ്ലാസ്റ്റിക് കുപ്പികള്‍, ചാരായം നിറച്ച കുപ്പികള്‍ സീല്‍ ചെയ്യുന്നതിനുള്ള ഉപകരണം എന്നിവയും ഇവരുടെ വാടക വീട്ടില്‍ നിന്ന് കണ്ടെടുത്തു. ചാരായ വില്‍പ്പന നടത്താന്‍ ഉപയോഗിച്ചിരുന്ന ഓട്ടോറിക്ഷ, നാനോ കാര്‍, രണ്ട് സ്മാര്‍ട്ട് ഫോണ്‍ എന്നിവയും എക്‌സൈസ് സംഘം കസ്റ്റഡിയില്‍ എടുത്തു.

കാക്കനാടിന് സമീപം തേവയ്ക്കലില്‍ രണ്ട് നില വീട് വാടക്ക് എടുത്ത് നാടന്‍ കുലുക്കി സര്‍ബത്ത് ഉണ്ടാക്കുന്നു എന്ന വ്യാജേനയാണ് വ്യവസായിക അടിസ്ഥാനത്തില്‍ ചാരായം വാറ്റിയിരുന്നത്. വാറ്റ് ചാരായത്തിന്റെ മണം പുറത്ത് വരാതിരിക്കാന്‍ സുഗന്ധവ്യഞ്ജന വസ്തുക്കള്‍ കൂട്ടിയിട്ട് കത്തിക്കുകയാണ് ഇവര്‍ ചെയ്തിരുന്നത്. ഓര്‍ഡര്‍ ലഭിക്കുന്ന മുറക്ക് മാത്രമേ ഇവര്‍ ചാരായം വാറ്റി വക്കാറുള്ളു. ആവശ്യക്കാര്‍ക്ക് ഫ്രഷ് ആയി വാറ്റി വില്‍ക്കുന്നതിനാല്‍ ഇവരുടെ ചാരായത്തിന് വന്‍ ഡിമാന്റാണ് എന്ന് ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തി.

ചാരായ നിര്‍മ്മാണത്തിന് വേണ്ടി വീട് വാടകയ്ക്ക് എടുത്തിരുന്നതും ഇതിന് വേണ്ടി പണം മുടക്കിയിരുന്നതും സന്തോഷാണ്. ആവശ്യക്കാരെ കണ്ടെത്തി ഓര്‍ഡര്‍ എടുത്തിരുന്നത് കിരണ്‍ ആണ്. വാറ്റ് സ്‌പെഷ്യലിസ്റ്റ് എന്ന് അറിയപ്പെടുന്ന മട്ടാഞ്ചേരി പുല്ലുപാലം സ്വദേശി കുന്നത്ത് പാറ വീട്ടില്‍ ലൈബിന്‍ എന്ന ആളാണ് തേവക്കല്‍ ഉള്ള വാടക വീട്ടില്‍ എത്തി ഓഡര്‍ പ്രകാരം ചാരായം വാറ്റി നല്‍കിയിരുന്നതെന്ന് ഇരുവരും ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തി. ലൈബിനെ പ്രതി ചേര്‍ത്തിട്ടുണ്ട്.

- Advertisement -
Ad image

അതിവിദഗ്ധമായാണ് ഇരുവരും ചാരായം ആവശ്യക്കാര്‍ക്ക് നല്‍കിയിരുന്നത്. ഒരാളുടെ ഓര്‍ഡര്‍ ലഭിച്ച് കഴിഞ്ഞാല്‍ കിരണ്‍ ഓട്ടോറിക്ഷയുമായി ആവശ്യക്കാരന്‍ പറഞ്ഞ സ്ഥലത്ത് എത്തും. തുടര്‍ന്ന് പരിസരം മുഴുവന്‍ കൃത്യമായി നിരീക്ഷിക്കും. തുടര്‍ന്ന് പണം വാങ്ങിയ ശേഷം മറ്റു കുഴപ്പങ്ങള്‍ ഒന്നും ഇല്ല എന്ന് കണ്ടാല്‍ കിരണ്‍ സന്തോഷിന് സിഗ്‌നല്‍ നല്‍കും. തൊട്ടപ്പുറത്തായി നിര്‍ത്തിയിട്ടിരിക്കുന്ന ‘നാടന്‍ കുലുക്കി സര്‍ബത്ത്’ എന്ന് ബോര്‍ഡ് വച്ച നാനോ കാറില്‍ നിന്ന് സന്തോഷ് ഓഡര്‍ പ്രകാരമുള്ള സാധനം കിരണിന്റെ ഓട്ടോയുടെ പിന്‍ഭാഗത്ത് കൊണ്ടുവെക്കുന്നു. സന്തോഷ് കുലുക്കി സര്‍ബത്ത് എന്ന ബോര്‍ഡ് വച്ച വാഹനം ഓടിച്ച് കൊണ്ടുപോകുന്നു. സാധനം നല്‍കിയ ശേഷം കിരണും അടുത്ത ഓര്‍ഡര്‍ പ്രകാരമുള്ള സ്ഥലത്തേക്ക് പോകുന്നു. ഇതായിരുന്നു വില്‍പ്പനയുടെ രീതി.

ഒരാഴ്ച് മുമ്പ് അങ്ങാടി മരുന്നിന്റെ മറവില്‍ വ്യാജ മദ്യം വിറ്റിരുന്ന ഒരു വനിതയടക്കം മൂന്ന് പേരെ 77 കുപ്പി വ്യാജ മദ്യവുമായി എക്‌സൈസ് സംഘം കാക്കനാട് ഇടച്ചിറയില്‍ നിന്ന് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇവരുടെ കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം നടത്തിയതിനെ തുടര്‍ന്നാണ് കുലുക്കി സര്‍ബത്തിന്റെ മറവില്‍ ചാരായം വില്‍പ്പന നടത്തുന്ന വാറ്റാപ്പി, അങ്കിള്‍ എന്നിവരെക്കുറിച്ചുള്ള സൂചന സ്റ്റേറ്റ് എക്‌സൈസ് ടീമിന് ലഭിച്ചത്. തുടര്‍ന്ന് ഇരുവരും എക്‌സൈസ് പ്രത്യേക സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു.

തൃക്കാക്കര ഭാരത് മാതാ കോളേജിന് എതിര്‍വശം ആവശ്യക്കാരെ കാത്ത് കിടക്കുകയായിരുന്ന വാറ്റാപ്പി എന്ന കിരണിന്റെ ഓട്ടോറിക്ഷ എക്‌സൈസ് സംഘം കണ്ടെത്തുകയും എക്‌സൈസ് സാന്നിധ്യം തിരിച്ചറിഞ്ഞ കിരണ്‍ ഓട്ടോ ഉപേക്ഷിച്ച് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും എക്‌സൈസ് സംഘം പിടികൂടുകയായിരുന്നു. അതിനിടെ തൊട്ടടുത്തായി പാര്‍ക്ക് ചെയ്തിരുന്ന നാനോ കാര്‍ സന്തോഷ് അതിവേഗം ഓടിച്ച് പോകാന്‍ ശ്രമിച്ചെങ്കിലും വാഹനം ഗതാഗത കുരുക്കില്‍ അകപ്പെട്ടു. ഇവരുടേയും വാഹനം പരിശോധിച്ചതില്‍ സന്തോഷിന്റെ കാറില്‍ നിന്ന് അഞ്ചും കിരണിന്റെ ഓട്ടോയില്‍ നിന്ന് എട്ടും കുപ്പികളിലായി വാറ്റുചാരായം എക്‌സൈസ് കണ്ടെടുത്തു. തുടര്‍ന്ന് ഇരുവരേയും വിശദമായി ചോദ്യം ചെയ്തതോടെയാണ് ഇവരുടെ വാറ്റു കേന്ദ്രം കണ്ടെത്തിയത്.

വീടിനകത്തും പുറത്തുമായി മൂന്ന് വിദേശ ഇനം നായകളെ അഴിച്ച് വിട്ടിരുന്നതിനാല്‍ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് എക്‌സൈസ് സംഘത്തിന് വീട് പരിശോധന നടത്തുവാന്‍ സാധിച്ചത്. ബാരലുകളിലും ബക്കറ്റിലും പാകമാക്കി വച്ച നിലയിലായിരുന്നു വാഷ് കാണപ്പെട്ടത്. കന്നാസുകളിലും പ്ലാസ്റ്റിക് കുപ്പികളിലുമാണ് ചാരായം നിറച്ചിരുന്നത്. നിരവധി ഗ്യാസ് കുറ്റികള്‍, പ്രഷര്‍ കുക്കറുകള്‍, വാറ്റുപകരണങ്ങള്‍ തുടങ്ങിയവയും എക്‌സൈസ് കണ്ടെടുത്തു. ഓണത്തോടനുബന്ധിച്ചുള്ള സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി ശക്തമായ എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനങ്ങളാണ് എക്‌സൈസ് നടത്തി വരുന്നത്. അനധികൃത മദ്യത്തിനും മയക്കുമരുന്നിനുമെതിരെ വരും ദിവസങ്ങളിലും ശക്തമായ നടപടികളുമായി മുന്നോട്ട് പോകുന്നതാണെന്നും എന്‍ഫോഴ്‌സ്‌മെന്റ് അസിസ്റ്റന്റ് കമ്മീഷണര്‍ ടി എന്‍ സുധീര്‍ അറിയിച്ചു.

എറണാകുളം റേഞ്ച് ഇന്‍സ്‌പെക്ടര്‍ വി സജി, ഇന്‍സ്‌പെക്ടര്‍ അജയകുമാര്‍ ടി എന്‍, സ്റ്റേറ്റ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പ്രിവന്റീവ് ഓഫീസര്‍ എന്‍ ഡി ടോമി, ഇന്റലിജന്‍സ് പ്രിവന്റീവ് ഓഫീസര്‍ എന്‍ ജി അജിത്ത് കുമാര്‍, എറണാകുളം റേഞ്ച് പ്രിവന്റീവ് ഓഫീസര്‍ കെ ആര്‍ സുനില്‍, വനിത സി ഇ ഒ റസീന, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സാജന്‍, ഉനൈസ്, കാര്‍ത്തിക് എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് പ്രതികളെ കസ്റ്റഡിയില്‍ എടുത്തത്. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്റ് ചെയ്തു.

Share This Article
Leave a Comment
error: Content is protected !!