

ആലുവ: ക്ലാര്‍ക്ക്, പ്യുണ്‍, സ്വീപ്പര്‍ തസ്തികകളില്‍ നിയമനം നടത്തുക, താത്കാലിക, കരാര്‍, പുറംകരാര്‍ തൊഴിലാളികളെ സ്ഥിരപ്പെടുത്തുക, ഇടപാടുകാരെ തെറ്റിദ്ധരിപ്പിച്ച് ഇന്‍ഷുറന്‍സ് ഉല്‍പന്നങ്ങള്‍ വില്‍ക്കാന്‍ ജീവനക്കാരെ നിര്‍ബന്ധിക്കുന്നത് അവസാനിപ്പിക്കുക, കരാറുകള്‍ മാനിക്കുക, അവകാശപത്രിക അംഗീകരിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് ഫെഡറല്‍ ബാങ്ക് എംപ്ലോയീസ് യൂണിയന്റെ നേതൃത്വത്തില്‍ ഓണത്തിനോടനുബന്ധിച്ച് ബാങ്കിന്റെ ആഘോഷ പരിപാടികളില്‍ നിന്നും വിട്ടുനിന്നുകൊണ്ട് ജീവനക്കാര്‍ ആലുവയില്‍ നിരാഹാര ധര്‍ണ്ണയും പ്രതിഷേധ റാലിയും നടത്തി.

ആലുവ മുനിസിപ്പല്‍ ടൗണ്‍ഹാളിനു മുന്‍പിലുള്ള മഹാത്മാ ഗാന്ധി സ്മൃതി മണ്ഡപത്തിനു സമീപം നടത്തിയ നിരാഹാര ധര്‍ണ്ണ മുന്‍മന്ത്രി വി എസ് സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. സംസഥാനത്തെ മുഴുവന്‍ ഫെഡറല്‍ ബാങ്ക് ശാഖകളിലെ ജീവനക്കാരും ദേശീയ തലത്തില്‍ മറ്റു ബാങ്കുകളിലെ എഐബിഇഎ ഭാരവാഹികളും ഉച്ചഭക്ഷണം ഉപേക്ഷിച്ചുകൊണ്ട് നിരാഹാര ധര്‍ണ്ണക്ക് ഐക്യദാര്‍ഢ്യം രേഖപ്പെടുത്തി.

ആള്‍ കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ പ്രസിഡന്റ് കെ എസ് കൃഷ്ണ, ജനറല്‍ സെക്രട്ടറി ബി രാംപ്രകാശ്, ഐ എന്‍ ടി യു സി നേതാവ് വി പി ജോര്‍ജ്, ഫെഡറല്‍ ബാങ്ക് എംപ്ലോയീസ് യൂണിയന്‍ പ്രസിഡന്റ് വിശാല്‍ താക്കര്‍, ജനറല്‍ സെക്രട്ടറി എ ആര്‍ സുജിത് രാജു, ഫെഡറല്‍ ബാങ്ക് ഓഫിസര്‍ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ഷിമിത് പി ആര്‍, ആള്‍ കേരള ബാങ്ക് റിട്ടയറീസ് ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി കെ ശ്രീനിവാസന്‍, ഫെഡറല്‍ ബാങ്ക് റിട്ടയറീസ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സി എം ദേവസ്സി എന്നിവരും മറ്റു ദേശീയ സംസ്ഥാന ഭാരവാഹികളും സംസാരിച്ചു.
