

ന്യൂഡല്‍ഹി: നെടുമ്പാശ്ശേരിയില്‍ പുതിയ റെയില്‍വേ സ്റ്റേഷന് നടപ്പിലാക്കാനുള്ള നടപടികള്‍ കൈക്കൊള്ളണമെന്ന് ബെന്നി ബഹനാന് എം പി കേന്ദ്ര റെയില്‍വേ വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവിന് നേരില്‍ കണ്ട് നല്കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു. ആഭ്യന്തര, അന്തരാഷ്ട്ര വിമാന യാത്രക്കാര്‍ ഏറ്റവും കൂടുതലായി എത്തുന്ന നെടുമ്പാശ്ശേരിയില്‍ റെയില്‍വേ സ്റ്റേഷനില്ലാത്തത് ലക്ഷക്കണക്കിന് യാത്രക്കാരെയാണ് വലയ്ക്കുന്നത്.

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തുന്ന ആഭ്യന്തര, അന്താരാഷ്ട്ര യാത്രക്കാരുടെ സംഖ്യ വര്‍ഷംതോറും വര്‍ധിച്ച് വരികയാണ്. പുതിയ സ്റ്റേഷന് നെടുമ്പാശ്ശേരിയില്‍ വരുന്നതോടുകൂടി ഇതര സംസ്ഥാന തൊഴിലാളികള്‍, വാണിജ്യ പ്രവര്‍ത്തനങ്ങള്‍, ടൂറിസം എന്നിവയിലേക്കുള്ള ഗതാഗതത്തിനായി ഉപകാരപ്രദമാകുമെന്നും ആയതിനാല്‍ നെടുമ്പാശ്ശേരിയില്‍ അത്യാധുനിക സൗകര്യത്തോടു കൂടിയ റെയില്‍വേ സ്റ്റേഷന് അനിവാര്യമാണെന്നും അത് നടപ്പിലാക്കാനുള്ള നടപടികള്‍ മന്ത്രാലയം കൈക്കൊള്ളണമെന്നും എം പി മന്ത്രിയോട് ആവശ്യപ്പെട്ടു.

ഒപ്പം തൃശൂര്‍ ജില്ലയില്‍ ഡിവൈന്‍ നഗര്‍ റെയില്‍വേ സ്റ്റേഷനില്‍ യാത്രക്കാര്‍ക്ക് സുരക്ഷിതവും സൗകര്യപ്രദവുമായ യാത്രാ ഉറപ്പാക്കാന്‍ അടിയന്തിരമായി ഫുട്ഓവര്‍ ബ്രിഡ്ജ് നിര്മാണനത്തിന്റെ ആവശ്യകതയും എം പി മന്ത്രിയെ ധരിപ്പിച്ചു.
ഫുട് ഓവര്‍ ബ്രിഡ്ജ് ഇല്ലാത്തതിനാല്‍ യാത്രക്കാര്‍ പാളങ്ങള്‍ മുറിച്ച് കടക്കേണ്ടി വരുന്നത് ഗുരുതര അപകടസാധ്യതകള്‍ക്കും നിരന്തരമായ അപകടങ്ങള്‍ക്കും വഴിവെച്ചുകൊണ്ടിരിക്കുകയാണ്.
ഈ സാഹചര്യത്തില്‍ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും പാളങ്ങള്‍ മുറിച്ചുകടക്കുന്ന പ്രശ്നം പരിഹരിക്കുന്നതിനും ഫുട് ഓവര്‍ ബ്രിഡ്ജ് നിര്‍മാണം അനിവാര്യമാണെന്ന് ബെന്നി ബഹനാന് മന്ത്രിയോട് ആവശ്യപ്പെട്ടു.

