Aisha; Sulatana of Lakshadweep

Web Desk
By
2 Min Read

ഐഷ- ലക്ഷദ്വീപിന്റെ സുല്‍ത്താന

city exchange

അടുത്ത ദിവസങ്ങളിലായി ഏറെ കേട്ട പേരുകളിലൊന്നാണ് ഐഷ സുല്‍ത്താന. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കേരളത്തില്‍ തന്നെയുണ്ടെങ്കിലും ലക്ഷദ്വീപ് വിഷയങ്ങളുമായി ബന്ധപ്പെട്ടാണ് ഐഷയുടെ പേര് കൂടുതല്‍ ഉയര്‍ന്നുകേട്ടത്. ഒടുവില്‍ രാജ്യദ്രോഹ കുറ്റത്തില്‍ വരെ എത്തിനില്‍ക്കുകയാണ് ഐഷ സുല്‍ത്താനയെന്ന ഈ ലക്ഷദ്വീപുകാരിയുടെ പേര്.

ആരാണ് ഐഷ സുല്‍ത്താന

ലക്ഷദ്വീപ് സമൂഹത്തിലെ ചെത്‌ലത് ദ്വീപാണ് ഐഷയുടെ ജന്മനാട്. ദ്വീപിലെ ക്വാര്‍ട്ടേഴ്‌സിനു സമീപത്തെ ക്ഷേത്രത്തില്‍ നിന്നും കേട്ട പാട്ടുകളിലൂടെ അവിടുത്തെ പൂജാരിയെ പരിചയപ്പെടുകയും അതുവഴി മലയാളത്തെ ഇഷ്ടപ്പെട്ടു തുടങ്ങുകയും ചെയ്ത കുഞ്ഞുപെണ്‍കുട്ടിയില്‍ നിന്നാണ് ഐഷാ സുല്‍ത്താനയുടെ കഥ തുടങ്ങുന്നത്. മൂന്നാം ക്ലാസില്‍ മലയാളം പഠിപ്പിച്ച അമ്മുക്കുട്ടി ടീച്ചറിലൂടെ കേരളത്തേയും മലയാളത്തേയും അറിഞ്ഞതോടെ കേരളം സ്വപ്‌നഭൂമിയായി അവള്‍ അന്നേ മനസ്സില്‍ കരുതി. 

- Advertisement -
Ad image

പത്താം ക്ലാസ് കഴിഞ്ഞ് ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസത്തിന് കേരളത്തില്‍ പോകണമെന്ന ഐഷയുടെ ആഗ്രഹത്തിന് പിതാവ് എതിരുനിന്നില്ല. അങ്ങനെയാണവള്‍ കോഴിക്കോടെത്തിയത്.

പ്ലസ് ടുവിന് ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിലേക്ക് ബിരുദപഠനത്തിന് ചേര്‍ന്നതോടെയാണ് ഐഷ പുതിയ ലോകത്തെത്തിയത്. കോളജ് പഠനത്തിനിടെ നൃത്തത്തിന് സമ്മാനം ലഭിച്ചത് ഐഷയെ ചാനല്‍ അവതാരക വേഷത്തിലെത്തിച്ചു. പിന്നീട് സിനിമാ ലോകത്തേക്കായിരുന്നു ഐഷയുടെ സഞ്ചാരം. സ്‌റ്റേജ് ഷോകള്‍, ഇവന്റ് മാനേജ്‌മെന്റ്, മോഡലിംഗ് തുടങ്ങി വ്യത്യസ്ത വേഷങ്ങളില്‍ ഐഷ കേരളത്തിലെ വേദികളിലും അണിയറയിലും സജീവമായി. 

ഇക്കാലത്താണ് ബാപ്പയും സഹോദരനും അടുത്തടുത്ത സമയങ്ങളില്‍ മരണമടഞ്ഞത്. അതോടെ ഉമ്മയേയും സഹോദരനേയും കൂട്ടി ഐഷ കൊച്ചിയിലെത്തി. 

കൊച്ചിയില്‍ പരസ്യക്കമ്പനി നടത്തുന്നതിനിടെയാണ് ലാല്‍ ജോസിന്റെ സഹസംവിധായികയായി വെളിപാടിന്റെ പുസ്തകത്തില്‍ പ്രവര്‍ത്തിച്ചത്. തുടര്‍ന്ന് ഒരു കുട്ടനാടന്‍ ബ്ലോഗ് ഉള്‍പ്പെടെയുള്ള സിനിമകള്‍ ചെയ്തു. ഒടുവില്‍ കെട്ട്യോളാണെന്റെ മാലാഖയിലും സംവിധാന സഹായിയായി പ്രവര്‍ത്തിച്ചു. 2020 നവംബറില്‍ ചിത്രീകരണം ആരംഭിച്ച ഫ്‌ളഷ് എന്ന ചിത്രത്തിന്റെ രചന നിര്‍വഹിച്ച് സ്വതന്ത്ര സംവിധായികയായി അരങ്ങേറ്റം കുറിച്ചു. കോവിഡ് പശ്ചാതലത്തില്‍ സിനിമ റിലീസായില്ലെങ്കിലും ലക്ഷദ്വീപിന്റെ പശ്ചാതലത്തിലാണ് ഫ്‌ളഷ് കഥ പറഞ്ഞു പോകുന്നത്. 

ലക്ഷദ്വീപിനെ കുറിച്ച് പറയുമ്പോള്‍ തനിക്കെപ്പോഴും നൂറുനാവാണെന്നും കടലും സൗന്ദര്യവും ആതിഥേയ മര്യാദയുള്ള നാട്ടുകാരും ചേരുന്നതാണ് ലക്ഷദ്വീപെന്നും ഐഷ പറയുന്നു. കടല്‍ കടന്നു കേരളത്തിലെത്തുമ്പോള്‍ മലയാളം നന്നായി പഠിക്കണമെന്നും കേരളത്തെ കൂടുതല്‍ അറിയണമെന്നതുമായിരുന്നു തന്റെ ആഗ്രഹമെങ്കിലും വലിയ പ്ലാറ്റ്‌ഫോമാണ് കേരളം തനിക്ക് തുറന്നുതന്നതെന്നും ഐഷ പറയുന്നു. 

പരസ്യക്കമ്പനി നടത്തി ബിസിനസ് രംഗത്ത് തുടക്കംകുറിച്ച ഐഷയ്ക്ക് എറണാകുളം തൈക്കുടം മെട്രോ സ്‌റ്റേഷനു സമീപം ഒരു സലൂണുമുണ്ട്. 

ഇതാദ്യമായല്ല ഐഷ സുല്‍ത്താന വിവാദങ്ങളില്‍ പെടുന്നത്. തന്റെ നിലപാടുകളും ശരിയെന്നു തോന്നുന്ന കാര്യങ്ങളും ആരുടെ മുമ്പിലും തുറന്നു പറയുകയെന്നത് ഐഷയുടെ ശൈലിയാണ്. നേരത്തെ ലക്ഷദ്വീപ് കേന്ദ്രമായി ചിത്രീകരിച്ച മൂത്തോന്‍ സിനിമയുടെ സംവിധായിക ഗീതു മോഹന്‍ദാസിനെതിരെ കോസ്റ്റിയൂം ഡിസൈനര്‍ സ്‌റ്റെഫി സേവ്യര്‍ നടത്തിയ പരാമര്‍ശങ്ങളെ പിന്തുണച്ച് ഐഷ സുല്‍ത്താന രംഗത്തെത്തിയിരുന്നു. 

വ്യവസ്ഥകളല്ല നിങ്ങളുടെ തീരുമാനങ്ങളാണ് നിങ്ങളുടെ വിധി നിര്‍ണയിക്കുന്നതെന്നാണ് ഐഷ സുല്‍ത്താനയുടെ ഫ്‌ളഷ് സിനിമയുടെ പരസ്യവാചകം പറയുന്നുണ്ട്. അതുതന്നെയാണ് ഐഷ സുല്‍ത്താനയുടെ ജീവിതത്തിലേക്കുള്ള ചൂണ്ടുപലകയും.

Share This Article
Leave a Comment
error: Content is protected !!