

തിരുവനന്തപുരം: മസ്തിഷ്‌ക്ക മരണം സംഭവിച്ച മകന്റെ അവയവങ്ങള്‍ ഏഴുപേര്‍ക്ക് ദാനം നല്കി മാതൃകയായി മാതാപിതാക്കള്‍. കോട്ടയം വടവത്തൂര്‍ കളത്തില്‍പടി ചിറത്തിലത്ത് ഏദന്‍സിലെ സാജന്‍ മാത്യുവും ഭാര്യ ഷെറിനുമാണ് മകന്‍ നേവിസിന്റെ അവയവങ്ങള്‍ ഏഴു ജീവിതങ്ങള്‍ക്ക് വെളിച്ചമേകാന്‍ നല്കിയത്.

രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറഞ്ഞതിനെ തുടര്‍ന്ന് അബോധാവസ്ഥയിലായാണ് 25കാരന്‍ നേവിസിന് മസ്തിഷ്‌ക്ക മരണം സംഭവിച്ചത്.

ഫ്രാന്‍സില്‍ അക്കൗണ്ടിംഗ് മാസ്റ്ററിന് പഠിക്കുകയായിരുന്നു നേവിസ്. കോവിഡിനെ തുടര്‍ന്ന് ഓണ്‍ലൈനായാണ് പഠനം നടന്നിരുന്നത്. സെപ്തംബര്‍ 16ന് രാത്രി പഠനത്തിന് ശേഷം ഉറങ്ങാന്‍ കിടന്ന നേവിസിനെ പിറ്റേന്ന് രാവിലെ സഹോദരി എട്ടാം ക്ലാസുകാരി വിസ്മയ വിളിച്ചുണര്‍ത്താന്‍ ചെന്നപ്പോഴാണ് അബോധാവസ്ഥയിലാണെന്ന് കണ്ടെത്തിയത്. ഉടന്‍ കോട്ടയം കാരിത്താസ് ആശുപത്രിയില്‍ എത്തിച്ചു. രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി താഴ്ന്നതുമൂലമുള്ള പ്രശ്‌നമായിരുന്നു നേവിസ് നേരിട്ടത്.
ആരോഗ്യ നിലയില്‍ വലിയ മാറ്റങ്ങളില്ലാതിരുന്നതിനെ തുടര്‍ന്ന് 20ന് എറണാകുളം രാജിഗിരി ആശുപത്രിയിലെത്തിച്ചെങ്കിലും 24ന് മസ്തിഷ്‌ക മരണം സംഭവിക്കുകയായിരുന്നു. തുടര്‍ന്നാണ് നേവിസിന്റെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ മാതാപിതാക്കള്‍ രംഗത്തുവന്നത്.
നേവിസിന്റെ എട്ട് അവയവങ്ങളാണ് ഏഴുപേര്‍ക്കായി ദാനം നല്കിയത്. ഹൃദയം, കരള്‍, കൈകള്‍, രണ്ട് വൃക്കകള്‍, രണ്ട് കണ്ണുകള്‍ എന്നിവയാണ് ദാനം ചെയ്തത്. കേരള സര്‍ക്കാരിന്റെ മരണാന്തര അവയവദാന പദ്ധതിയായ മൃതസഞ്ജീവനി (കെ എന്‍ ഒ എസ്) വഴിയാണ് അവയവദാനം നടത്തിയത്. കെ എന്‍ ഒ എസ് നോഡല്‍ ഓഫീസര്‍ ഡോ. നോബിള്‍ ഗ്രേഷ്യസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അവയവദാന പ്രക്രിയ പൂര്‍ത്തിയാക്കിയത്. അവയവദാന പ്രക്രിയ സുഗമമാക്കുന്നതിന് മന്ത്രി വീണാ ജോര്‍ജ് നേതൃത്വം നല്‍കി.
ഹൃദയം കോഴിക്കോട് മെട്രോ ഇന്റര്‍നാഷണല്‍ ആശുപത്രിയില്‍ ചികിത്സയിലുള്ള രോഗിക്കാണ് നല്‍കിയത്. എറണാകുളത്ത് നിന്നും ഹൃദയവും വഹിച്ചുള്ള ആംബുലന്‍സ് മൂന്നു മണിക്കൂറും അഞ്ചുമിനുട്ടു കൊണ്ട് കോഴിക്കോട്ടെത്തി. അവയവദാന പ്രക്രിയയ്ക്കും സുഗമമായ യാത്രയ്ക്കും വേണ്ട ക്രമീകരണങ്ങള്‍ സര്‍ക്കാര്‍ ഒരുക്കുകയായിരുന്നു.
ഏറെ വിഷമ ഘട്ടത്തിലും അവയവദാനത്തിന് മുന്നോട്ട് വന്ന കുടുംബത്തെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പ്രകീര്‍ത്തിച്ചു. അച്ഛന്‍ സാജന്‍ മാത്യുവിനേയും അമ്മ ഷെറിനേയും സഹോദരന്‍ എല്‍വിസിനേയും സര്‍ക്കാരിന്റെ ആദരവ് മന്ത്രി അറിയിച്ചു.

