

ദോഹ: രിസാല സ്റ്റഡി സര്‍ക്കിള്‍ ഖത്തര്‍ നാഷനല്‍ തര്‍തീല്‍-2025ന് അബുഹമൂര്‍ പൂനെ യൂണിവേഴ്‌സിറ്റി ഓഡിറ്റോറിയത്തില്‍ പരിസമാപ്തി. ഖുര്‍ആന്‍ പഠനവും പാരായണ പരിശീലനവും ലക്ഷ്യം വെച്ച് നടത്തുന്ന തര്‍തീലില്‍ ഹിലാല്‍ സോണ്‍ ജേതാക്കളായി. റയ്യാന്‍, ഗറാഫ സോണുകള്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനക്കാരായി.

എട്ടാമത് എഡിഷന്‍ തര്‍തീലിന്റെ ഭാഗമായി തിലാവത്, ഹിഫ്‌ള്, ക്വിസ്, ഖുര്‍ആന്‍ സെമിനാര്‍, ഖുര്‍ആന്‍ എക്‌സ്‌പോ തുടങ്ങി ഇരുപത്തിയൊന്ന് ഇനങ്ങളില്‍ എട്ട് വിഭാഗങ്ങളിലായാണ് മത്സരങ്ങള്‍ നടന്നത്. ആറ് സോണുകളില്‍ നിന്നുള്ള വിജയികളാണ് നാഷനല്‍ തര്‍തീലില്‍ മാറ്റുരച്ചത്.

പരിപാടിയുടെ ഭാഗമായി നടന്ന ഖുര്‍ആന്‍ എക്‌സ്‌പോ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ പ്രസിഡണ്ട് എ പി മണികണ്ഠന്‍ ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ ജനറല്‍ സെക്രട്ടറി ഹംസ യൂസഫ്, ലോക കേരള സഭ അംഗം അബ്ദുല്‍ റഊഫ് കൊണ്ടോട്ടി എന്നിവര്‍ പവലിയനുകള്‍ സന്ദര്‍ശിച്ച് ആശംസകള്‍ നേര്‍ന്നു.
സമാപന സമ്മേളനം ഐ സി എഫ് ദേശീയ പ്രസിഡന്റ് പറവണ്ണ അബ്ദുല്‍ റസാഖ് മുസ്ലിയാര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. നാഷനല്‍ ചെയര്‍മാന്‍ ഉനൈസ് അമാനി അധ്യക്ഷത വഹിച്ചു. പ്രമുഖ ഖുര്‍ആന്‍ പ്രഭാഷകന്‍ ഷാഫി സഖാഫി മുണ്ടമ്പ്ര സന്ദേശ പ്രഭാഷണം നടത്തി.
ഐ സി ബി എഫ് സെക്രട്ടറി ജാഫര്‍ തയ്യില്‍, സ്വാഗതസംഘം ചെയര്‍മാന്‍ അബ്ദുല്‍ അസീസ് സഖാഫി പാലോളി, കണ്‍വീനര്‍ ഉമര്‍ കുണ്ടുതോട്, ജമാല്‍ അസ്ഹരി, ആര്‍ എസ് സി ഗ്ലോബല്‍ നേതൃത്വം ഹബീബ് മാട്ടൂല്‍, മൊയ്തീന്‍ ഇരിങ്ങല്ലൂര്‍, ഷഫീഖ് കണ്ണപുരം, ശംസുദ്ധീന്‍ സഖാഫി എന്നിവര്‍ സംബന്ധിച്ചു. ആസിഫ് അലി കൊച്ചനൂര്‍ സ്വാഗതവും അഷ്‌കര്‍ കൊണ്ടോട്ടി നന്ദിയും പറഞ്ഞു.

