

ആലുവ: ചൂര്‍ണ്ണിക്കര ഗ്രാമപഞ്ചായത്തിലെ ആശാ വര്‍ക്കര്‍മാര്‍ക്ക് സൗജന്യ യൂണിഫോം നല്‍കി പഞ്ചായത്ത്. പഞ്ചായത്തിലെ പതിനെട്ട് ആശാ വര്‍ക്കര്‍മാര്‍ക്കും പഞ്ചായത്ത് ഭരണസമിതി യൂണിഫോം നല്‍കി. കഴിഞ്ഞ ദിവസം കൂടിയ കമ്മിറ്റിയില്‍ ആശാ വര്‍ക്കര്‍മാര്‍ക്ക് 2000 രൂപ വീതം മാസം നല്‍കാന്‍ പഞ്ചായത്ത് തീരുമാനിച്ചിരുന്നു.

ആസൂത്രണ സമിതിക്കും സര്‍ക്കാരിന്റെയും അനുവാദത്തിനായി പഞ്ചായത്ത് കമ്മിറ്റി തീരുമാനം അയച്ചിരിക്കുകയാണ്്. ആയുര്‍വേദ ഡിസ്‌പെന്‍സറിയില്‍ ഒരു പരിപാടിക്ക് വന്നപ്പോള്‍ ആണ് ആശ വര്‍ക്കര്‍മാര്‍ തങ്ങളുടെ യൂണിഫോം പഴയതാണെന്നു പ്രസിഡന്റ് രാജി സന്തോഷിനോടും സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ മുഹമ്മദ് ഷെഫീക്കിനോടും പരാതി പറഞ്ഞത്. അപ്പോള്‍ തന്നെ പഞ്ചായത്ത് കമ്മിറ്റിയില്‍ വെച്ചു പുതിയ യൂണിഫോം വാങ്ങി നല്‍കാനുള്ള തീരുമാനം എടുക്കാം എന്നു ഉറപ്പു നല്‍കുകയും അടുത്ത കമ്മിറ്റിയില്‍ വെച്ചു ആശാ വര്‍ക്കര്‍മാര്‍ക്ക് സൗജന്യമായി യൂണിഫോം നല്‍കാന്‍ തീരുമാനിക്കുകയും ചെയ്തു.

ആശാ വര്‍ക്കര്‍മാര്‍ക്കുളള സൗജന്യ യൂണിഫോം വിതരണം പഞ്ചായത്ത് പ്രസിഡന്റ് രാജി സന്തോഷ് ഉല്‍ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ബാബു പുത്തനങ്ങാടി അധ്യക്ഷത വഹിച്ചു. സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ മുഹമ്മദ് ഷെഫീക്ക്, ഷീല ജോസ്, പി എസ് യൂസഫ്, രാജേഷ് പുത്തനങ്ങാടി, രമണന്‍ ചേലാക്കുന്ന്, ഷെമീര്‍ ലാല, ലൈല അബ്ദുല്‍ ഖാദര്‍, അലീഷ ലിനീഷ്, ലീന ജയന്‍, അസിസ്റ്റന്റ് സെക്രട്ടറി എം എല്‍ പ്രേമലത എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.
