

ന്യൂഡല്‍ഹി: ഈ ആഴ്ച റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവിന്റെ ഇന്ത്യാ സന്ദര്‍ശനത്തിന് മുമ്പ് യുക്രെയ്‌നിലെ യുദ്ധത്തോടനുബന്ധിച്ച് ബൈഡന്‍ ഭരണകൂടം ഏര്‍പ്പെടുത്തിയ റഷ്യയ്‌ക്കെതിരായ ഉപരോധത്തിന്റെ മുഖ്യ തന്ത്രജ്ഞനായ ഡെപ്യൂട്ടി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ദലീപ് സിംഗ് ഡല്‍ഹിയിലെത്തും. അഫ്ഗാനിസ്ഥാനുമായി ബന്ധപ്പെട്ട് ബീജിംഗില്‍ ചേരുന്ന കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്ന ലാവ്‌റോവ് അതിനുശേഷം ഡല്‍ഹിയിലെത്തി വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായും മറ്റ് ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തും.

യു എസ് ഡെപ്യൂട്ടി എന്‍ എസ് എയുടെ സന്ദര്‍ശനത്തിനു പുറമെ ദല്‍ഹിയിലെത്തിയ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ലിസ് ട്രസും തമ്മില്‍ സൗത്ത് ബ്ലോക്കില്‍ മീറ്റിംഗുകള്‍ നടത്തുകയും ജയശങ്കറുമായി സംയുക്തമായി തിങ്ക് ടാങ്ക് പരിപാടിയെ അഭിസംബോധന ചെയ്യുകയും ചെയ്യും. ചൈനയുടെ വിദേശകാര്യ മന്ത്രി വാങ് യി ഉള്‍പ്പെടെ നിരവധി വിദേശ രാജ്യങ്ങളുടെ പ്രതിനിധികളുടെ ഇന്ത്യന്‍ സന്ദര്‍ശനം നടന്നുവരികയാണ്. യുക്രെയ്ന്‍ പ്രതിസന്ധിയില്‍ പക്ഷം ചേരാതെ നില്‍ക്കുന്ന ഇന്ത്യയുടെ നിലപാട് അറിയുന്നതിനും തങ്ങളുടെ നിലപാട് ചര്‍ച്ചചെയ്യുന്നതിനും വേണ്ടിയാണ് വിദേശ നേതാക്കളുടെ സന്ദര്‍ശനങ്ങള്‍.

യുക്രെയ്ന്‍ പ്രതിസന്ധിയെ കുറിച്ചുള്ള യോഗങ്ങള്‍ക്കായി യു എസ് അണ്ടര്‍സെക്രട്ടറി ഓഫ് പൊളിറ്റിക്കല്‍ അഫയേഴ്‌സ് വിക്ടോറിയ നൂലാന്‍ഡ് സന്ദര്‍ശിച്ച് ഒരാഴ്ചയ്ക്ക് ശേഷമാണ് സിംഗ് ഡല്‍ഹി സന്ദര്‍ശിക്കുന്നത്, ഇന്ത്യ- യു എസ് ‘2+2’ വിദേശ പ്രതിരോധ മന്ത്രിമാരുടെ കൂടിയാലോചനകള്‍ ഏപ്രില്‍ പകുതിയോടെ വാഷിംഗ്ടണില്‍ നടക്കും.
യു എസിന്റെ യൂറോപ്യന്‍, ക്വാഡ് പങ്കാളികളായ ജപ്പാനും ഓസ്‌ട്രേലിയയും റഷ്യയെക്കുറിച്ച് പരസ്യമായി അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുകയും അത് വ്യക്തമായി സൂചിപ്പിക്കുകയും ചെയ്യുന്നു. ഇന്ത്യമാത്രമാണ് പരസ്യനിലപാട് പ്രകടിപ്പിക്കാത്തത്. യുക്രെയ്ന്‍ പ്രമേയങ്ങളില്‍ ഐക്യരാഷ്ട്രസഭയില്‍ നിന്ന് വിട്ടുനിന്ന ഇന്ത്യയുടെ നിലപാട് മാറ്റുമെന്ന് അവര്‍ പ്രതീക്ഷിക്കുന്നു. റഷ്യയ്‌ക്കെതിരായ പാശ്ചാത്യ ഉപരോധം ഇന്ത്യന്‍ വ്യാപാരത്തിലും ഊര്‍ജ വാങ്ങലിലും ചെലുത്തിയ ആഘാതം ലഘൂകരിക്കാനുള്ള പേയ്‌മെന്റ് സംവിധാനങ്ങളിലൂന്നിയുള്ള ചര്‍ച്ചകളാണ് ഇപ്പോള്‍ നടക്കുന്നത്.
റഷ്യന്‍ വിദേശകാര്യമന്ത്രി ലാവ്‌റോവിന്റെ ഡല്‍ഹി സന്ദര്‍ശനം യുക്രെയ്‌നിലെ റഷ്യയുടെ നടപടിയെക്കുറിച്ചും സമാധാന ചര്‍ച്ചയെക്കുറിച്ചും സര്‍ക്കാരിനെ അറിയിക്കുമെന്നും ഇന്ത്യയ്ക്ക് വിലക്കിഴിവുള്ള ഓയില്‍ റഷ്യ വാഗ്ദാനം ചെയ്യുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും പ്രതീക്ഷിക്കുന്നു. ഇന്ത്യ ശക്തമായി പരിഗണിക്കുന്ന വിഷയമാണിത്. കൂടാതെ, യൂറോപ്യന്‍ യൂണിയനും യുണൈറ്റഡ് സ്റ്റേറ്റ്‌സും പങ്കാളികളും ഏര്‍പ്പെടുത്തുന്ന വര്‍ധിച്ചുവരുന്ന ഉപരോധങ്ങള്‍ ഒഴിവാക്കാന്‍ ഇന്ത്യന്‍, റഷ്യന്‍ ബാങ്കുകളെ ഉപയോഗിച്ചുള്ള പേയ്‌മെന്റ് സംവിധാനങ്ങളും റുപ്പി- റൂബിള്‍ ഇടപാടുകളും ചര്‍ച്ച ചെയ്യാന്‍ റഷ്യയുടെ സെന്‍ട്രല്‍ ബാങ്കില്‍ നിന്നുള്ള ഒരു സംഘം ഈ ആഴ്ച ഇന്ത്യയില്‍ എത്തിയിട്ടുണ്ട്.
തിങ്കളാഴ്ച, ഇന്തോ- പസഫിക്കിലെ യൂറോപ്യന്‍ യൂണിയന്റെ പ്രത്യേക ദൂതന്‍ ഗബ്രിയേല്‍ വിസെന്റിന്‍ വിദേശകാര്യ മന്ത്രാലയവുമായി ചര്‍ച്ച നടത്തി. യൂറോപ്യന്‍ യൂണിയന്റെ ‘തന്ത്രപരമായ പരിധി’ ചര്‍ച്ച ചെയ്യുന്നതിനു പുറമേ, റഷ്യയ്‌ക്കെതിരായ സംയുക്ത നിലപാടിനുള്ള യൂറോപ്യന്‍ ആഹ്വാനത്തെക്കുറിച്ച് ഇ.യു ദൂതന്‍ സംസാരിച്ചു.

