

ദോഹ: ഇന്ത്യന്‍ കമ്യൂണിറ്റി ബെനവലന്റ് ഫോറം (ഐ സി ബി എഫ്) ലോക തൊഴിലാളി ദിനാഘോഷത്തിന്റെ ഭാഗമായി മെയ് 10ന് രംഗ് തരംഗ് 2024 സംഘടിപ്പിക്കുമെന്ന് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഏഷ്യന്‍ ടൗണ്‍ ക്രിക്കറ്റ് സ്റ്റേഡിയം പാര്‍ക്കിംഗ് ഏരിയയില്‍ വൈകിട്ട് അഞ്ചു മുതല്‍ രാത്രി 10 വരെയാണ് പരിപാടി.

ഇന്ത്യന്‍ തൊഴിലാളികള്‍ക്കായി സംഘടിപ്പിക്കുന്ന സാംസ്‌ക്കാരിക സാമൂഹ്യ പരിപാടി വ്യത്യസ്തമായ അനുഭവമായിരിക്കുമെന്ന് ഐ സി ബി എഫ് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ വിപുല്‍ പരിപാടിയില്‍ മുഖ്യാതിഥിയായിരിക്കും. ഖത്തര്‍ ആഭ്യന്തര മന്ത്രാലയം, ആരോഗ്യ മന്ത്രാലയം, തൊഴില്‍ മന്ത്രാലയം, ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്‍, നാഷണല്‍ ഹ്യൂമന്‍ റൈറ്റ്സ് കമ്മിറ്റി, ഇന്ത്യന്‍ എംബസി എന്നിവയുടെ പ്രതിനിധികളും ഖത്തറിലേയും ഇന്ത്യന്‍ സമൂഹത്തിലേയും പ്രമുഖരും പരിപാടിയില്‍ പങ്കെടുക്കും.

രംഗ് തരംഗിന്റെ ഭാഗമായി ഖത്തറില്‍ ദീര്‍ഘകാലമായി തൊഴിലെടുക്കുന്ന കുറഞ്ഞ വേതനമുള്ള 40 തൊഴിലാളികളെ ആദരിക്കും. ഇതിനായി ഖത്തറിലെ ഇന്ത്യക്കാര്‍ക്ക് മെയ് അഞ്ചിനകം നോമിനികളെ നിര്‍ദ്ദേശിക്കാവുന്നതാണ്. നാമനിര്‍ദ്ദേശത്തിനുള്ളവരുടെ പേര്, ഖത്തറില്‍ തൊഴിലെടുക്കുന്ന വര്‍ഷങ്ങളുടെ വിവരം, തൊഴില്‍, ചെറിയ വിവരണം എന്നിവയുണ്ടായിരിക്കണം. നാമനിര്‍ദ്ദേശങ്ങള്‍ [email protected] എന്ന ഇ-മെയിലിലേക്കാണ് അയക്കേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഐ സി ബി എഫ് ജനറല്‍ സെക്രട്ടറി വര്‍ക്കി ബോബനെ 66100744 എന്ന നമ്പറിലും വൈസ് പ്രസിഡന്റ് ദീപക് ഷെട്ടിയെ 66262477 എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.
ഐ സി ബി എഫ് കാഞ്ഞാണി ഹാളില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഐ സി ബി എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ എസ് എ എം ബഷീര്‍, ഐ സി ബി എഫ് മുന്‍ പ്രസിഡന്റും പ്രോഗ്രാം കമ്മിറ്റി ചെയര്‍മാനുമായ പി എന്‍ ബാബുരാജന്‍, ഐ സി ബി എഫ് വൈസ് പ്രസിഡന്റ് ദീപക് ഷെട്ടി, ജനറല്‍ സെക്രട്ടറി വര്‍ക്കി ബോബന്‍ എന്നിവര്‍ പങ്കെടുത്തു.

