കനത്ത മഴയിലും കാറ്റിലും കൃഷി നാശം

Web Desk
2 Min Read

ആലുവ: ചൂര്‍ണ്ണിക്കര ഗ്രാമപഞ്ചായത്ത് പതിനഞ്ചാം വാര്‍ഡില്‍ പളളിക്കേരി പാടത്ത് കഴിഞ്ഞ ദിവസം ഉണ്ടായ കനത്ത മഴയിലും കാറ്റിലും വന്‍ കൃഷി നാശം ഉണ്ടായി. വിവിധ കര്‍ഷകരുടെ ഒരേക്കറോളം വാഴ കൃഷിയാണ് നശിച്ചത്.

city exchange

കുലച്ച ഏത്ത വാഴകളാണ് കൂടുതലും ഒടിഞ്ഞു വീണു നശിച്ചത്. റോബസ്റ്റും വീണു നശിച്ചിട്ടുണ്ട്. കര്‍ഷകര്‍ക്ക് ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് ഉണ്ടായത്. കര്‍ഷകര്‍ വിളിച്ചു പറഞ്ഞപ്പോള്‍ തന്നെ വാര്‍ഡ് അംഗം പി എസ് യൂസഫ് സംഭവ സ്ഥലത്ത് എത്തുകയും ചൂര്‍ണ്ണിക്കര പഞ്ചായത്ത് കൃഷിഭവനില്‍ അറിയിക്കുകയും ചെയ്തു. കര്‍ഷകര്‍ക്കുണ്ടായ നഷ്ടം വിലയിരുത്തി എഫ് ഐ ആര്‍ ഇട്ടിട്ടുണ്ടെന്നും നഷ്ട പരിഹാരത്തിനായി വേണ്ട നടപടികള്‍ എത്രയും വേഗം എടുക്കുമെന്നും കൃഷി ഓഫീസര്‍ അമൃത ലക്ഷ്മി അറിയിച്ചു.

എന്നാല്‍ കഴിഞ്ഞ വര്‍ഷം മഴക്കാലത്തും ഇതു പോലെ കനത്ത നഷ്ടം ഉണ്ടായിട്ടും കൃത്യമായ ആനുകൂല്യം കിട്ടിയില്ലെന്നു കര്‍ഷകര്‍ പരാതി പറഞ്ഞു. തങ്ങള്‍ക്കുണ്ടായ നഷ്ടം ഉടന്‍ തന്നെ അധികാരികള്‍ നികത്തണമെന്നും കഴിഞ്ഞ വര്‍ഷത്തെ പോലെ ആകരുതെന്നും പലരും ലോണെടുത്താണ് കൃഷി ചെയ്യുന്നതെന്നും കര്‍ഷകര്‍ പറഞ്ഞു. മാത്രമല്ല പലരും വാഴകള്‍ ഇന്‍ഷൂറന്‍സ് ചെയ്തതാണെങ്കിലും നഷ്ടം വന്ന എല്ലാ വാഴകള്‍ക്കും ഇന്‍ഷുറന്‍സ് തുക കൃത്യമായി ലഭിക്കുന്നില്ലെന്നും കഴിഞ്ഞ തവണ 400 വാഴ പോയ ഒരു കര്‍ഷകന് 150 എണ്ണത്തിനാണ് തുക കിട്ടിയതെന്നും കര്‍ഷകര്‍ പറഞ്ഞു.

മുണ്ടേത്ത് ഹമീദ്, മുണ്ടേത്ത് നിഷാദ്, പുത്തന്‍പുരയില്‍ അബ്ദുല്‍ ഖാദര്‍, മുണ്ടേത്ത് വീരാന്‍, നഫീസ ഖാദര്‍, ഷാജി കടവില്‍, സി എ ഹമീദ്, ജലീല്‍ പുത്തന്‍പുരയില്‍, കോട്ടേപ്പിളളി സുബൈര്‍, പുത്തന്‍പുരയില്‍ അബൂബക്കര്‍, കോട്ടേപ്പിളളി അഷ്‌റഫ്, കുഴിക്കാട്ടില്‍ അബൂബക്കര്‍ എന്നീ കര്‍ഷകര്‍ക്കാണ് കനത്ത കൃഷി നഷ്ടം ഉണ്ടായത്.

- Advertisement -
Ad image

കര്‍ഷകര്‍ക്ക് ഉണ്ടായ നഷ്ടം നികത്താന്‍ വേണ്ട നടപടികള്‍ എടുക്കുമെന്നും കര്‍ഷകരുടെ ദുരിതം അധികാരികളെ അറിയിക്കുമെന്നും ചൂര്‍ണ്ണിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജി സന്തോഷ്, വൈസ് പ്രസിഡന്റ് ബാബു പുത്തനങ്ങാടി, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ മുഹമ്മദ് ഷെഫീക്ക്, വാര്‍ഡ് മെമ്പര്‍ പി എസ് യൂസഫ് എന്നിവര്‍ പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!