

ലഖ്നൗ: കര്‍ഷക പ്രതിഷേധത്തിനിടയിലേക്ക് കേന്ദ്രമന്ത്രിയുടെ മകന്റെ വാഹനവ്യൂഹം ഇടിച്ചുകയറി രണ്ട് കര്‍ഷകര്‍ മരിച്ചു. ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരി ജില്ലയിലാണ് സംഭവം.
ഇന്ത്യാ ടുഡെ, എന്‍ ഡി ടി വി ഉള്‍പ്പെടെയുള്ള ദേശീയ മാധ്യമങ്ങള്‍ സംഭവം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയുടെ വാഹനമാണ് പ്രതിഷേധക്കാര്‍ക്കിടയിലേക്ക് ഇടിച്ചു കയറിയത്.

ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി കേശവ് മൗര്യയ്ക്കെതിരെ പ്രതിഷേധിക്കുകയായിരുന്ന കര്‍ഷകര്‍ക്കിടയിലേക്ക് വാഹനം കയറുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റ എട്ടോളം പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.

കേശവ് പ്രസാദ് മൗര്യ മുഖ്യാതിഥിയായി പങ്കെടുക്കുന്ന ഒരു പരിപാടി സ്ഥലത്തിനടുത്ത് രാവിലെ മുതല്‍ കാര്‍ഷിക ബില്ലുകള്‍ക്കെതിരെ കര്‍ഷകര്‍ പ്രതിഷേധിക്കുന്നുണ്ടായിരുന്നു.
അപകടമുണ്ടായതോടെ ജില്ലയില്‍ പ്രതിഷേധം പൊട്ടിപുറപ്പെട്ടുണ്ട്.
‘ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരിയില്‍, കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുടെ പരിപാടിയില്‍ പ്രതിഷേധിച്ച് മന്ത്രിമാരുടെ വാഹനവ്യൂഹത്തിലെ വാഹനങ്ങള്‍ വഴിയരികില്‍ നില്‍ക്കുന്ന കര്‍ഷകരിലേക്ക് ഇടിച്ചുകയറുകയും 2 കര്‍ഷകര്‍ മരിക്കുകയും 8 കര്‍ഷകര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.’ എന്നാണ് കര്‍ഷക സംഘടനകളുടെ കൂട്ടായ്മയായ സംയുക്ത കിസാന്‍ മോര്‍ച്ച ട്വീറ്റ് ചെയ്തു.
അതേസമയം മരണങ്ങളോ അപകടമോ സര്‍ക്കാര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

