

തൃശൂര്‍: മൂന്നു ദിവസമായി നടന്ന പെരുവനം രാജ്യാന്തര ഗ്രാമോത്സവത്തിന്റെ മൂന്നാം പതിപ്പിന് തിരശ്ശീല വീണു. സമാപനസമ്മേളനത്തില്‍ ടെംസ് നെറ്റ്‌വര്‍ക്ക് എംഡിയും സിഇഒയുമായ എം കെ ആനന്ദ് അധ്യക്ഷനായി.

എഴുത്തുകാരായ സുഭാഷ്ചന്ദ്രന്‍, കല്‍പ്പറ്റ നാരായണന്‍, വാദ്യകലാ വിദഗ്ധന്‍ പെരുവനം കുട്ടന്‍മാരാര്‍, വൈദ്യരത്നം എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഇ ടി യദു നാരായണന്‍ മൂസ്സ്, ഗ്രാമോത്സവത്തിന്റെ സംഘാടകരായ സര്‍വമംഗള ട്രസ്റ്റ് ചെയര്‍മാന്‍ ഡോ. അജയ്യകുമാര്‍, ഫെസ്റ്റിവല്‍ ഡയറക്ടര്‍ രാജീവ് മേനോന്‍, ശ്രീലകം ലൈഫ്ലോംഗ് ലേണിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് മാനേജിംഗ് ട്രസ്റ്റിയും ന്യൂയോര്‍ക്കിലെ സ്റ്റോണി ബ്രൂക് യൂണിവേഴ്സിറ്റിയിലെ മുന്‍ ശാസ്ത്രജ്ഞനായ ഡോ. സി വി കൃഷ്ണന്‍, ബോട്സ്വാനയിലെ ചോപ്പീസ് ഗ്രൂപ്പ് സ്ഥാപകന്‍ രാമചന്ദ്രന്‍ ഒറ്റപ്പത്ത്, യു എ ഇയിലെ ഒയാസിസ് ഗ്രൂപ്പ് എം ഡി വേണുഗോപാല മേനോന്‍ ഐവറി ബുക്സ് സി ഇ ഒ പ്രവീണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


മികച്ച കവിതാ സമാഹാരത്തിനുള്ള പ്രഥമ ഡോ. പി നാരായണന്‍ കുട്ടി സ്മാരക പുരസ്‌കാരം കടല്‍ കടന്ന കറിവേപ്പുകള്‍ എന്ന സമാഹാരത്തിന് ശ്രീകാന്ത് താമരശ്ശേരിക്ക് സുഭാഷ്ചന്ദ്രന്‍ സമ്മാനിച്ചു. ഐവറി എം എന്‍ വിജയന്‍ പുരസ്‌കാരം തൃശൂര്‍ ആസ്ഥാനമായ സാമൂഹ്യപ്രവര്‍ത്തന പ്രസിദ്ധീകരണ കൂട്ടായ്മയായ ജാഗ്രതയുടെ കേരളീയത്തിനു വേണ്ടി എ റോബിനും സംഘവും എം കെ ആനന്ദില്‍ നിന്ന് ഏറ്റുവാങ്ങി.
ഐവറി ബുക്‌സ് സുകുമാര്‍ അഴീക്കോട് പുരസ്‌കാരം കറുത്തവര്‍ഗ്ഗക്കാരുടെ ഇടയില്‍ നിന്നും ജീവിതത്തിന്റെ കടുത്ത യാഥാര്‍ഥ്യങ്ങളിലൂടെ കടന്നുവന്ന യുണൈറ്റഡ് നേഷന്‍സ് വനിതാ അംബാസിഡറായ എവിറ്റെ എലിസബത്ത് സ്റ്റീവണ്‍സണിനു വേണ്ടി ഹുസൈഫ ഫക്രുദീനും ഏറ്റുവാങ്ങി. 25,000 രൂപയും കരിങ്കല്‍ ശില്‍പ്പവും അടങ്ങുന്നതാണ് ഐവറി ബുക്സ് എം എന്‍ വിജയന്‍, സുകുമാര്‍ അഴീക്കോട് പുരസ്‌കാരങ്ങള്‍. സമാപന സമ്മേളനത്തെത്തുടര്‍ന്ന ടി എം കൃഷ്ണയുടെ കര്‍ണാടക സംഗീതക്കച്ചേരിയും അരങ്ങേറി.

