
കോഴിക്കോട്: ഇന്‍വെസ്റ്റ് കേരള നിക്ഷേപ സൗഹൃദ ഉച്ചകോടിയില്‍ ഉള്‍പ്പെട്ട കേരളത്തിലെ ആദ്യ ഹെല്‍ത്ത് കെയര്‍ ടൗണ്‍ഷിപ്പ് ക്യാനിയോ ഹെല്‍ത്തിന് ചെര്‍പ്പുളശ്ശേരിയില്‍ തുടക്കമായി. വ്യവസായ വകുപ്പ് മന്ത്രി പി രാജീവിന്റെ സാന്നിധ്യത്തില്‍ ക്യാനിയോ ഹെല്‍ത്ത് ചെയര്‍മാന്‍ പത്മഭൂഷന്‍ പത്മശ്രീ പ്രൊഫസര്‍ ഡോ. സുരേഷ് എച്ച് അദ്വാനി ശിലാസ്ഥാപനം നിര്‍വഹിച്ചു. ഷൊര്‍ണൂര്‍ എം എല്‍ എ മമ്മി കുട്ടി, മറ്റു രാഷ്ട്രീയ സാമൂഹിക നേതാക്കളും ചടങ്ങില്‍ സംസാരിച്ചു.

ഡിജിറ്റലായി സംയോജിപ്പിച്ച ആരോഗ്യ വിദ്യാഭ്യാസ കേന്ദ്രമാണ് ചെര്‍പ്പുളശ്ശേരിയില്‍ ക്യാനിയോ ഹെല്‍ത്ത് ഒരുക്കുന്നത്. അഞ്ചുഘട്ടങ്ങളിലായി അഞ്ചു വര്‍ഷം കൊണ്ട് പൂര്‍ത്തീകരിക്കുന്ന പദ്ധതിയില്‍ ഓങ്കോളജി വിഭാഗം ഉള്‍പ്പെടെ 250 ബെഡുള്ള മള്‍ട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റല്‍, ബര്‍ത്ത് സ്യൂട്ട് അടങ്ങുന്ന പ്രസവ- പ്രസവാനന്തര ശുശ്രൂഷ ഉള്‍പ്പെടുന്ന 100 ബെഡ് മദര്‍ ആന്‍ഡ് ചൈല്‍ഡ് ഹോസ്പിറ്റല്‍, 1100 വിദ്യാര്‍ഥികള്‍ക്കായി ബി എസ് സി നഴ്സിങ്, ജി എന്‍ എം, പാരാമെഡിക്കല്‍ കോഴ്സുകള്‍ തുടങ്ങിയവ ഉള്‍പ്പെടുന്ന അക്കാദമി എന്നിവ ഉണ്ടാകും.


പ്രീമിയം കെയര്‍ റിട്ടയര്‍മെന്റ് ഹോമും വിവിധ വിഭാഗങ്ങളിലെ സന്ദര്‍ശകര്‍ക്കായി ബൈസ്റ്റാന്‍ഡര്‍ അപ്പാര്‍ട്ട്‌മെന്റും പദ്ധതി വിഭാവനം ചെയ്തിട്ടുണ്ട്. ഫുഡ് കോര്‍ട്ട്, സൂപ്പര്‍ മാര്‍ക്കറ്റ്, സ്റ്റാഫ് ഹോസ്റ്റല്‍, എനര്‍ജി സ്റ്റേഷന്‍, കണ്‍വെന്‍ഷന്‍ സെന്റര്‍, പാര്‍ക്ക്, സ്പോര്‍ട്ട്‌സ് കോംപ്ലക്സ് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളും ക്യാനിയോ ഹെല്‍ത്തില്‍ ഒരുങ്ങും. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ അനുബന്ധ സ്ഥാപനമായ യു-സ്ഫിയറിനാണ് പ്രോജക്റ്റിന്റെ നിര്‍മ്മാണ ചുമതല.
സുസ്ഥിരതയും സാമൂഹിക ബാധ്യതയും അടിസ്ഥാനമാക്കിയുള്ള ക്യാനിയോ ഹെല്‍ത്ത് ടൗണ്‍ഷിപ്പ് പദ്ധതിയുടെ നിര്‍മാണത്തില്‍ യു-സ്ഫിയര്‍ പങ്കുചേരുന്നത് അഭിമാനകരമാണെന്നും അന്താരാഷ്ട്ര നിലവാരമുള്ള ആരോഗ്യ സേവനങ്ങളും വിദ്യാഭ്യാസ സംവിധാനങ്ങളും ഉള്‍ക്കൊള്ളുന്ന ഈ സമഗ്ര ഹബ്ബ്, കാലികവും സുസ്ഥിരവുമായ ഇന്‍ഫ്രാസ്ട്രക്ചര്‍ വികസനത്തിന് മാതൃകയാകും എന്നും യു-സ്ഫിയര്‍ സിഇഒ ബിജു മഹിമ പറഞ്ഞു.
തികച്ചും പരിസ്ഥിതി സൗഹൃദ ക്യാമ്പസാവും ക്യാനിയോ ഹെല്‍ത്തിന്റെത്. എല്ലാ ജനവിഭാഗങ്ങളെയും ഉള്‍ക്കൊള്ളിച്ചുകൊണ്ട് എല്ലാവരിലേക്കും മികച്ച സേവനം എത്തിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. മാനേജിംഗ് ഡയറക്ടര്‍ നജീബ് കാരോത്ത്കുഴി മൂസ, മെഡിക്കല്‍ ഡയറക്ടര്‍ ഡോ. മുബാറക് മൊയ്തീന്‍, ഫൈനാന്‍സ് ഡയറക്ടര്‍ അമില്‍ കുമാര്‍, ലീഗല്‍ ഡയറക്ടര്‍ അഡ്വ. ഷഹസാദ് തുടങ്ങിയവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.

