
കൊച്ചി: റിയാദില്‍ സെപ്റ്റംബര്‍ 15, 16 തിയ്യതികളില്‍ നടക്കുന്ന സൗദി ഗ്ലോബല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ സമ്മിറ്റില്‍ ഇന്‍ഡോ ഗള്‍ഫ് ട്രേഡ് സിറ്റിയുടെ മാസ്റ്റര്‍ പ്ലാന്‍ സൗദി അധികാരികള്‍ക്ക് അവതരിപ്പിക്കുമെന്ന് ബഹറൈന്‍ ഇന്‍ഡോ ഗള്‍ഫ് കമ്പനീസ് സ്ഥാപകന്‍ സിദ്ദീഖ് എ മുഹമ്മദ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

1997ലാണ് സിദ്ദീഖ് എ മുഹമ്മദും അല്‍ മുതവ്വ ഗ്രൂപ്പും ചേര്‍ന്ന് സൗദിയില്‍ ആദ്യത്തെ ഇന്‍ഡോ സൗദി ട്രേഡ് എക്സ്പോ ആരംഭിച്ചത്. ഇന്ത്യന്‍ കൊമേഴ്സ് മിനിസ്ട്രിയുടേയും സൗദിയിലെ ഇന്ത്യന്‍ എംബസിയുടേയും സൗദി ചേംബര്‍ ഓഫ് കോമേഴ്സിന്റേയും പിന്തുണയോടെയാണ് ഇത് ആരംഭിച്ചത്. കഴിഞ്ഞ 28 വര്‍ഷമായി ആയിരക്കണക്കിന് ഇന്ത്യന്‍ കമ്പനികളെയാണ് ഇതിലൂടെ സൗദിയില്‍ എത്തിച്ചത്.

1997ല്‍ 2.5 ബില്യന്‍ ഡോളറില്‍ നിന്നും ഇപ്പോള്‍ 48 ബില്യണ്‍ ഡോളറിലേക്കാണ് ഉഭയകക്ഷി വ്യാപാരം വര്‍ധിച്ചത്. ഇന്ത്യയും ഗള്‍ഫ് രാജ്യങ്ങളുമായി ഇപ്പോള്‍ 148 ബില്യന്‍ ഡോളറിന്റെ വ്യാപാരമാണ് നടക്കുന്നത്. ഇന്‍ഡോ ഗള്‍ഫ് ട്രേഡ് സിറ്റിയിലൂടെ ഇത് അടുത്ത അഞ്ച് വര്‍ഷത്തിനകം 500 ബില്യന്‍ ഡോളറിലേക്ക് മാറ്റാനാവും.
വിഴിഞ്ഞം തുറമുഖത്തിലൂടെ ആയിരക്കണക്കിന് പുതിയ ബിസിനസ് അവസരം കൈവരിക്കാന്‍ കഴിയും. കേരളത്തിലെ ഏറ്റവും വലിയ സാമ്പത്തിക സ്രോതസ്സാണ് ഗള്‍ഫ് രാജ്യങ്ങള്‍. ഇന്ത്യക്കാര്‍ പൊതുവെ മലയാളികള്‍ ജോലി അന്വേഷിക്കുന്നവരില്‍ നിന്ന് പുതിയ സംരംഭകരാക്കുക എന്നതാണ് ഇന്‍ഡോ ഗള്‍ഫ് ട്രേഡ് സിറ്റി എന്ന ആശയത്തിന്റെ ലക്ഷ്യം.
ആയിരക്കണക്കിന് ഇന്ത്യന്‍ കമ്പനികള്‍, ഇതിന്റെ ഭാഗമാകാന്‍ സന്നദ്ധത അറിയിച്ചതായും സിദ്ദീഖ് എ മുഹമ്മദ് പറഞ്ഞു. കേരളത്തിന്റെ സ്ഥിരമായ ബിസിനസ് പവലിയന് സിറ്റിയില്‍ ഉള്‍പ്പെടുത്താന്‍ പദ്ധതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

