Business
മിഡില്‍ ഈസ്റ്റ് വാണിജ്യ വ്യോമയാന വിപണി കുതിപ്പില്‍

ദോഹ: മിഡില്‍ ഈസ്റ്റിലെ വാണിജ്യ വ്യോമയാന വിപണിയുടെ വളര്‍ച്ച കുറിക്കുന്ന വര്‍ഷമാണ് വരുന്നതെന്ന പ്രതീക്ഷ പങ്കുവെച്ച് അന്താരാഷ്ട്ര മാനേജ്മെന്റ് കള്‍സള്‍ട്ടിംഗ് സ്ഥാപനം ഒലിവര്‍ വൈമാന്‍. വിമാന യാത്രക്കാരുടെ വര്‍ധനവ്, ബജറ്റ് കാരിയറുകളുടെ വര്‍ധനവ്, വലിയ കമ്പനികള്‍ വിമാനങ്ങള്‍ക്ക് നല്‍കിയ ഓര്‍ഡറുകള്‍ തുടങ്ങിയവ പരിഗണിച്ചാണ് വിലയിരുത്തല്‍.


മിഡില്‍ ഈസ്റ്റ് മേഖലയില്‍ വ്യോമയാന രംഗത്ത് 5.1 ശതമാനം വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്. വൈഡ് ബോഡികളേക്കാള്‍ നാറോ ബോഡി വിമാനങ്ങളായിരിക്കും വര്‍ധിക്കുകയെന്നും കരുതുന്നു. വൈഡ് ബോഡി വിമാനങ്ങള്‍ ആധിപത്യം പുലര്‍ത്തുന്ന മേഖലയില്‍ പത്തു വര്‍ഷത്തിനിടെ നാറോ ബോഡികളുടെ വളര്‍ച്ച 43 ശതമാനത്തില്‍ നിന്ന് 47 ആയി വര്‍ധിച്ചേക്കും. ഇതോടെ നാറോ- വൈഡ് ബോഡി വിമാനങ്ങളുടെ വിഹിതം ഏകദേശം തുല്യമാകും.

വ്യോമയാന വിപണിയുെട 60 ശതമാനം കൈകാര്യം ചെയ്യുന്ന സൗദി അറേബ്യയും യു എ ഇയും തങ്ങളുടേതായ മേഖലയിലെ വിപണിയാണ് കൈകാര്യം ചെയ്യുന്നത്. സൗദി അറേബ്യയില്‍ ആഭ്യന്തര വിമാനക്കമ്പനി 45 ശതമാനവും നേട്ടമുണ്ടാക്കുമ്പോള്‍ യു എ ഇ വിമാന യാത്ര അന്താരാഷ്ട്ര ഗതാഗതത്തെയാണ് അടിസ്ഥാനമാക്കുന്നത്. രണ്ട് രാജ്യങ്ങള്‍ക്കും അവരുടെ വ്യോമയാനവുമായി ബന്ധപ്പെട്ട ആസ്തികള്‍ ഗണ്യമായി വളര്‍ത്താനും ധനസമ്പാദനം നടത്താനും പദ്ധതികളുണ്ട്.
മിഡില്‍ ഈസ്റ്റ് വ്യോമയാന മേഖലയുടെ 15 ശതമാനം കൈകാര്യം ചെയ്യുന്ന ഖത്തര്‍ ഓരോ ആറു വര്‍ഷത്തിലും ശേഷി ഇരട്ടിയാക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.


2035 ആകുമ്പോഴേക്കും ആഗോള വിമാനങ്ങളുടെ എണ്ണം 38,300 കവിയുമെന്ന് പ്രതീക്ഷിക്കുന്നു, ഉത്പാദന രംഗത്തെ വെല്ലുവിളികള്‍ വിമാനക്കമ്പനികളെ പഴയ വിമാനങ്ങള്‍ പിന്‍വലിക്കുന്നത് വൈകിപ്പിക്കുന്നത് അവയുടെ ശരാശരി പ്രായം വര്‍ധിപ്പിക്കാന്‍ കാരണമാകുന്നുണ്ട്.
വടക്കേ അമേരിക്ക ഏറ്റവും വലിയ വിപണിയായി തുടരുമെങ്കിലും ചൈന, ഇന്ത്യ, മിഡില്‍ ഈസ്റ്റ് തുടങ്ങി വളര്‍ന്നുവരുന്ന പ്രദേശങ്ങള്‍ വലിയ പങ്ക് പിടിച്ചെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് ആഗോള വ്യോമയാന മേഖലയിലെ മാറിക്കൊണ്ടിരിക്കുന്ന അവസ്ഥകളെ എടുത്തുകാണിക്കുന്നുവെന്ന് റിപ്പോര്‍ട്ട് പറയുന്നു.


