നിശ്ശബ്ദതയായിരുന്നു കെ കെയുടെ ഭാഷ

Web Desk
2 Min Read

നിശ്ശബ്ദതയില്‍ ജീവിച്ചു, നിശ്ശബ്ദതയിലാണ് കെ കെ ഇന്ന് യാത്രയായത്. കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്റെ മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റായിരുന്ന കെ കെ മുഹമ്മദ്. സൗമ്യതയുടെ, മാന്യതയുടെ, സ്‌നേഹത്തിന്റെയും സഹാനുഭൂതിയുടെയും പ്രതിരൂപമായിരുന്നു. ആരോടും കയര്‍ത്ത് സംസാരിക്കാതെ, ഉയര്‍ന്ന ശബ്ദമുയര്‍ത്താതെ, ആത്മാര്‍ഥത മുറുകെപ്പിടിച്ച് അദ്ദേഹം ജീവിതം നയിച്ചു.

city exchange

കുട്ടികളുടെയും രക്ഷിതാക്കളുടെയും സഹപ്രവര്‍ത്തകരുടെയും ഹൃദയങ്ങളില്‍ ആഴത്തില്‍ ഇടം നേടിയ മഹത് വ്യക്തിത്വമായിരുന്നു അദ്ദേഹം. ഒരു അധ്യാപകനെന്നതിലുപരി കുടുംബാംഗമായിത്തന്നെ അദ്ദേഹം തന്റെ വിദ്യാര്‍ഥികളുടെ മനസ്സില്‍ നിലനിന്നു.

വിരമിക്കല്‍ ദിനത്തില്‍ ശിഷ്യന്മാര്‍ അദ്ദേഹത്തിന് സമ്മാനിച്ച നാനോ കാര്‍ അദ്ദേഹത്തോടുള്ള സ്‌നേഹത്തിന്റെ പ്രതീകമായിരുന്നു. അന്നത്തെ കാലഘട്ടത്തില്‍ എല്ലാവരും ആഗ്രഹിച്ചിരുന്ന ആ കാര്‍ ശിഷ്യരുടെ ഹൃദയത്തില്‍ നിന്ന് നിറഞ്ഞ ആദരവിന്റെ ചിഹ്നമായി അദ്ദേഹം ഏറ്റുവാങ്ങി. കെ കെ എന്ന രണ്ടക്ഷരങ്ങള്‍ ശിഷ്യരുടെ മനസ്സില്‍ വിശ്വാസത്തിന്റെയും ആത്മാര്‍ഥതയുടെയും പ്രതീകമായി മാറിയിരുന്നു.

ജീവിതത്തിന്റെ അവസാനത്തോടടുത്തപ്പോഴും സഹജീവികളോടുള്ള കരുതലും സഹാനുഭൂതിയും അദ്ദേഹം അണച്ചിട്ടില്ല. ഒരു മാസം മുമ്പ് എന്റെ അയല്‍വാസിയുടെ ചികിത്സയുമായി ബന്ധപ്പെട്ട സഹായം വാട്ട്‌സാപ്പ് ഗ്രൂപ്പിലൂടെ ഞാന്‍ ആവശ്യപ്പെട്ടപ്പോള്‍, വലിയൊരു തുക മക്കളില്‍ നിന്നും മറ്റും സമാഹരിച്ച് എനിക്ക് അദ്ദേഹം കൈമാറി. അന്നേരം അദ്ദേഹം പറഞ്ഞ സൗമ്യവാക്കുകള്‍, ഇന്നും എന്റെ ഹൃദയത്തില്‍ മുഴങ്ങിക്കൊണ്ടിരിക്കുന്നു.

- Advertisement -
Ad image

മരണം പോലും നിശ്ശബ്ദമായിട്ടാണ് അദ്ദേഹത്തെ തേടിയെത്തിയത്. ആരെയും അലട്ടാതെ, ആരെയും അറിയിക്കാതെ, അല്ലാഹുവിന്റെ അനന്തകരുണയില്‍ അദ്ദേഹം ചേര്‍ന്നു. ”മഹത്വം ഉയര്‍ന്ന ശബ്ദത്തില്‍ അല്ല, മറിച്ച് സൗമ്യമായ ഹൃദയത്തിലാണ്” കെ കെ മുഹമ്മദ് സാറിന്റെ ജീവിതം നമ്മെ പഠിപ്പിക്കുന്ന സന്ദേശമാണിത്.

ഞാന്‍ കെ എ ടി എഫ് കാസര്‍ഗോഡ് ജില്ല ജനറല്‍ സെക്രട്ടറിയായിരുന്ന കാലത്താണ് അദ്ദേഹം സര്‍വീസില്‍ നിന്ന് വിരമിച്ചത്. സംസ്ഥാന കൗണ്‍സില്‍ യോഗങ്ങളിലൂടെയും മറ്റു അവസരങ്ങളിലൂടെയും അദ്ദേഹവുമായി സൗഹൃദബന്ധം കാത്തുസൂക്ഷിക്കുവാന്‍ എനിക്ക് കഴിഞ്ഞിരുന്നു. അതിനാലാണ് അദ്ദേഹം വിരമിക്കുമ്പോള്‍ കാസര്‍ഗോഡ് ജില്ലാ സമ്മേളനത്തില്‍ യാത്രയപ്പ് നല്‍കണമെന്ന തീരുമാനമെടുത്തത്. ആ യോഗത്തില്‍ അദ്ദേഹം സംബന്ധിക്കുകയും യാത്രയയപ്പ് യോഗത്തില്‍ സന്തോഷപൂര്‍വ്വം പങ്കെടുക്കുകയും ചെയ്തു. അങ്ങനെ ഞങ്ങള്‍ തമ്മിലുള്ള സ്‌നേഹബന്ധം കൂടുതല്‍ ഉറപ്പിക്കുകയും ചെയ്തു.

വാചാലമായ പ്രസംഗ ശൈലിയോ ആരെയും കീഴടക്കുന്ന വാക്‌സാമര്‍ഥ്യമോ അദ്ദേഹത്തിനുണ്ടായിരുന്നില്ല. എന്നാല്‍ സ്വഭാവ മഹിമ കൊണ്ട് തന്നെ ആരെയും ആകര്‍ഷിക്കുകയും ആത്മാര്‍ഥത നിറഞ്ഞ പ്രവര്‍ത്തനത്തിലൂടെ എല്ലാവരുടെയും വിശ്വാസം നേടുകയും ചെയ്ത വ്യക്തിയായിരുന്നു അദ്ദേഹം.

അദ്ദേഹത്തിന്റെ ജീവിതം സന്തോഷവും ആത്മാര്‍ഥതയും നിറഞ്ഞതായിരുന്നു. അല്ലാഹുവിന്റെ പരമകരുണയില്‍ അദ്ദേഹത്തിന് സ്വര്‍ഗ്ഗീയമായ ശാന്തിയും നിത്യാനന്ദവും ലഭിക്കട്ടെ എന്ന് ആത്മാര്‍ഥമായി പ്രാര്‍ഥിക്കുന്നു.

മാഹിന്‍ ബാഖവി
(കെ എ ടി എഫ് സീനിയര്‍ വൈസ് പ്രസിഡന്റ്)

Share This Article
Leave a Comment
error: Content is protected !!