NEWS
അധ്യാപന മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കെ എ ടി എഫ് വിദ്യാഭ്യാസ മന്ത്രിക്ക് അവകാശപത്രിക സമര്‍പ്പിച്ചു

തിരുവനന്തപുരം: അധ്യാപന മേഖലയിലെ വിവിധ വിഷയങ്ങള്‍ ഉന്നയിച്ചു കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ (കെ എ ടി എഫ്) വിദ്യാഭ്യാസ മന്ത്രിക്കും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്കും അവകാശപത്രിക സമര്‍പ്പിച്ചു. കരിക്കുലം കമ്മിറ്റിയില്‍ കെ എ ടി എഫ് പ്രതിനിധികളെ ഉള്‍പ്പെടുത്തുക, ഭാഷാധ്യാപകര്‍ക്ക് ഹെഡ്മാസ്റ്റര്‍ പ്രൊമോഷന്‍ നല്‍കുക, പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ പുനഃസ്ഥാപിക്കുക തുടങ്ങിയ നിരവധി ആവശ്യങ്ങളാണ് ഫെഡറേഷന്‍ ഉന്നയിച്ചത്.



ഭാഷാധ്യാപകരെ ഹെഡ്മാസ്റ്റര്‍ പ്രൊമോഷന് പരിഗണിക്കണം, സ്ഥാനക്കയറ്റം ലഭിച്ചവരെ ഭാഷാധ്യാപകരായിത്തന്നെ നിലനിര്‍ത്തണം, കേന്ദ്ര വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി അധ്യാപക- വിദ്യാര്‍ഥി അനുപാതം പരിഷ്‌കരിച്ചതനുസരിച്ച് ഭാഷാധ്യാപക തസ്തികകള്‍ അനുവദിക്കാനും നിലനിര്‍ത്താനുമുള്ള കുട്ടികളുടെ എണ്ണം ആനുപാതികമായി കുറയ്ക്കണം, സ്‌കൂള്‍ കലോത്സവങ്ങളോടൊപ്പം നടത്തുന്ന അറബിക്, സംസ്‌കൃത സാഹിത്യോത്സവങ്ങളില്‍ കുട്ടികളുടെ പങ്കാളിത്തവുമായി ബന്ധപ്പെട്ട പുതിയ നിബന്ധന വെക്കാനുള്ള തീരുമാനം പിന്‍വലിക്കണം, സ്പാര്‍ക്കില്‍ ഭാഷാധ്യാപകരുടെ ഡെസിഗ്‌നേഷന്‍ പ്രശ്‌നം പരിഹരിക്കണം, അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയ പാര്‍ട്ട് ടൈം അധ്യാപകര്‍ക്ക് ഫുള്‍ടൈം തസ്തികയിലേക്ക് സ്ഥാനക്കയറ്റം നല്‍കുകയും പാര്‍ട്ട് ടൈം സര്‍വീസ് പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ക്ക് പരിഗണിക്കുകയും ചെയ്യുക, പ്രൈമറി ഭാഷാധ്യാപക യോഗ്യതയായി ഡി എല്‍ എഡ് കോഴ്‌സ് ആരംഭിച്ച 2019 വരെ ഭാഷാധ്യാപകര്‍ക്ക് മുന്‍പ് നിഷ്‌കര്‍ഷിച്ചിരുന്ന യോഗ്യത നേടിയവര്‍ക്കും പ്രസ്തുത കോഴ്‌സുകള്‍ക്ക് ചേര്‍ന്നവര്‍ക്കും നിയമനം നല്‍കണമെന്ന ഉത്തരവ് നടപ്പിലാക്കുക, 2019 വരെ നിലവിലുണ്ടായിരുന്ന ഭാഷാധ്യാപക പരിശീലന കോഴ്‌സ് ബി എഡിന് തുല്യമാക്കിയ ഉത്തരവ് മരവിപ്പിച്ച നടപടി പിന്‍വലിക്കുക, ഹയര്‍ സെക്കന്‍ഡറിയില്‍ 10 കുട്ടികള്‍ അറബി പഠിക്കാന്‍ ഉണ്ടായാല്‍ തസ്തിക അനുവദിക്കണമെന്ന ഉത്തരവ് നിലനില്‍ക്കെ അധിക തസ്തിക അനുവദിക്കരുത് എന്ന നിര്‍ദ്ദേശം പിന്‍വലിക്കുക, ഒഴിഞ്ഞുകിടക്കുന്ന മുഴുവന്‍ തസ്തികകളിലും ഉടന്‍ നിയമനം നടത്തുക, ഭിന്നശേഷിക്കാര്‍ക്ക് സംവരണം ചെയ്ത തസ്തിക മാറ്റിവെച്ച വിദ്യാലയങ്ങളില്‍ മറ്റ് തസ്തികളില്‍ നിയമിതരായ അധ്യാപകര്‍ക്ക് മുഴുവന്‍ ശമ്പളത്തോടുകൂടി നിയമന അംഗീകാരം നല്‍കുക,
അധിക തസ്തികകളില്‍ നിയമനം ലഭിച്ച അധ്യാപകരുടെ നിയമന അംഗീകാരം അനുവദിക്കുക, മുഴുവന്‍ അധ്യാപകര്‍ക്കും ജോലി സംരക്ഷണം ഉറപ്പാക്കുക, കേരളത്തില്‍ അറബിക് സര്‍വകലാശാല സ്ഥാപിക്കുക, സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും തടഞ്ഞുവെച്ച ക്ഷാമബത്ത, ശമ്പള കുടിശ്ശിക ഉള്‍പ്പെടെയുള്ള മുഴുവന്‍ ആനുകൂല്യങ്ങളും ഉടന്‍ നല്‍കുക, ശമ്പള കമ്മീഷനെ ഉടന്‍ നിയമിക്കുക, മെഡിസെപ്പിലെ അപാകതകള്‍ പരിഹരിച്ച് മുഴുവന്‍ ആശുപത്രികളിലും എല്ലാ വിഭാഗങ്ങളിലും ചികിത്സ ലഭ്യമാക്കുക, ഇന്‍ഷുറന്‍സ് പ്രീമിയം വര്‍Oിപ്പിക്കാനുള്ള ശ്രമം ഉപേക്ഷിക്കുക, എന്‍ പി എസ് പിന്‍വലിച്ച് സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ പുനഃസ്ഥാപിക്കുക, ഐ എം ഇ നിയമനം ത്വരിതപ്പെടുത്തുക, ഹൈസ്‌കൂള്‍ സമയമാറ്റം വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷം മാത്രം തീരുമാനിക്കുക, അധ്യാപക സമൂഹത്തിന്റെ ദീര്‍ഘകാലമായുള്ള ആവശ്യങ്ങളും നിലവിലെ വിദ്യാഭ്യാസ മേഖലയിലെ പ്രശ്‌നങ്ങളും കണക്കിലെടുത്ത് സര്‍ക്കാര്‍ ഈ ആവശ്യങ്ങള്‍ പരിഗണിക്കണമെന്ന് കെ എ ടി എഫ് ആവശ്യപ്പെട്ടു.

സംസ്ഥാന പ്രസിഡന്റ് എം ടി സൈനുല്‍ ആബിദീന്‍, ജനറല്‍ സെക്രട്ടറി മന്‍സൂര്‍ മാടമ്പാട്ട്, എ പി ബഷീര്‍, മാഹിന്‍ ബാഖവി, നൗഷാദ് കോപ്പിലാന്‍, എം എ റഷീദ് മദനി, മുഹമ്മദലി മിഷ്‌കാത്തി, എം എ സാദിഖ്, സി പി മുഹമ്മദ് കുട്ടി, നൂറുല്‍ അമീന്‍ കെ, ടി സി ലത്തീഫ്, യഹ്യ ഖാന്‍, ജൈസല്‍ വടകര, അബ്ദുല്‍ റഷീദ് ഖാസിമി എന്നിവര്‍ സംബന്ധിച്ചു.


