Community
ഡയസ്‌പോറ ഓഫ് മലപ്പുറം മല്‍ഹാര്‍ 2025 സീസണ്‍ 2 വെള്ളിയാഴ്ച ഡി പി എസ് ഐ എസില്‍

ദോഹ: ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പ്രഥമ കൂട്ടായ്മയായ ഡയസ്‌പോറ ഓഫ് മലപ്പുറം (ഡോം ഖത്തര്‍) മലപ്പുറം ജില്ലാ പിറവി ദിനത്തോട് അനുബന്ധിച്ച് സംഘടിപ്പിക്കുന്ന മല്‍ഹാര്‍ 2025 സീസണ്‍ 2 അല്‍വക്‌റയിലെ ഡി പി എസ് ഐ എസ് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ 20ന് വെള്ളിയാഴ്ച വൈകിട്ട് മൂന്നു മണിക്ക് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.


ഖത്തറില്‍ താമസിക്കുന്ന മലപ്പുറം ജില്ലക്കാരുടെ നേട്ടങ്ങള്‍ ആദരിക്കാന്‍ അക്കാദമിക്, സ്‌പോര്‍ട്‌സ്, ആര്‍ട്‌സ്, സോഷ്യല്‍ സര്‍വ്വീസ് എന്നീ വിഭാഗങ്ങളില്‍ എക്‌സലന്‍സ് അവാര്‍ഡ് നല്‍കും.

മലപ്പുറം ജില്ലയില്‍ നിന്നും ഖത്തറില്‍ ജോലി ചെയ്യുന്ന അഞ്ച് വര്‍ഷത്തില്‍ കുറയാത്ത ഹൗസ് മെയ്ഡിനെ (വനിതകള്‍) ആദരിക്കുന്നതോടൊപ്പം അവരെ പ്രവാസി ക്ഷേമനിധി പദ്ധതിയില്‍ അഞ്ച് വര്‍ഷത്തേക്കുള്ള പ്രീമിയം കൊടുത്ത് അംഗത്വം നല്‍കുകയും ചെയ്യുന്നു.


പ്രശസ്ത മജീഷ്യനും മോട്ടിവേഷന്‍ സ്പീക്കറുമായ ഗോപിനാഥ് മുതുകാട് പ്രവാസി കുടുംബങ്ങള്‍ക്ക് ഉപകാരപ്രദമായ വിഷയങ്ങളില്‍ സദസ്സുമായി സംവദിക്കും.
തുടര്‍ന്ന് കണ്ണൂര്‍ ഷരീഫ്, ഷൈഖ അബ്ദുള്ള എന്നിവരുടെ നേതൃത്വത്തില്‍ ദോഹയില്‍ നിന്നുള്ള പ്രശസ്തരായ ഗായകരേയും ഉള്‍പ്പെടുത്തി സംഗീത നിശയും ദോഹയിലെ പ്രമുഖ കൂട്ടായ്മകളില്‍ നിന്നുള്ള ഒപ്പന, ക്ലാസിക്കല്‍ ഡാന്‍സ്, കൈ കൊട്ടി കളി, ഖവാലി ഡാന്‍സ് തുടങ്ങിയ ദൃശ്യാവിഷ്‌കാരങ്ങളും പരിപാടിയോട് ബന്ധപ്പെട്ട് നടക്കും. അബി ചുങ്കത്തറ, മഞ്ജു മനോജ് എന്നിവര്‍ അവതാരകരായിരിക്കും.
വാര്‍ത്താ സമ്മേളനത്തില്‍ ഡോം ഖത്തര്‍ പ്രസിഡന്റ് ഉസ്മാന്‍ കല്ലന്‍, ജനറല്‍ സെക്രട്ടറി മൂസ താനൂര്‍, ട്രഷറര്‍ ബിജേഷ് കൈപ്പട, മുഖ്യ ഉപദേശകന്‍ മഷ്ഹൂദ് തിരുത്തിയാട്, വൈസ് പ്രസിഡന്റ് നബ്ഷാ മുജീബ്, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ അബി ചുങ്കത്തറ, വേള്‍ഡ് മലയാളി ഫെഡറേഷന്‍ ഖത്തര്‍ കോര്‍ഡിനേറ്റര്‍ അജാസ് അലി തുടങ്ങിയവര്‍ പങ്കെടുത്തു.


