നൗഷാദ് വിട പറഞ്ഞിട്ട് ഒരാണ്ട്

Web Desk
2 Min Read

കാല്‍പന്തു കളിയെ ജനകീയമാക്കിയ കായിക പ്രേമിയായ നൗഷാദ് വിട പറഞ്ഞിട്ട് ഇന്നേക്ക് ഒരു വര്‍ഷം. എത്രയൊക്കെ വലിയ ദുരന്തങ്ങള്‍ നേരിടേണ്ടി വന്നാലും മനുഷ്യരില്‍ അലിഞ്ഞു ചേര്‍ന്ന നന്മയാണ് അവയൊക്കെ മറികടന്നു മുന്നോട്ട് പോകാന്‍ വേണ്ട പ്രചോദനം നമുക്ക് നല്‍കുന്നത്. സ്വന്തം കാര്യങ്ങള്‍ക്കുമപ്പുറത്ത് സഹജീവികളുടെ സൗഖ്യം പരിഗണനയായി മാറുന്ന കരുതലാണ് നമ്മുടെ കരുത്ത്.

city exchange

പരിശുദ്ധ വ്രത മാസത്തില്‍ സഹായ ഹസ്തം എത്തിപ്പെടാത്ത രാമന്തളിയിലും രാമന്തളിക്ക് പുറത്തുമുള്ള കുടുംബങ്ങള്‍ക്ക് വ്രത മാസത്തേക്കുള്ള ഭക്ഷണ സാധനങ്ങള്‍ എത്തിച്ചു കൊടുക്കുന്നതില്‍ മുന്‍ നിരയിലുണ്ടായിരുന്ന പ്രിയ സഹപ്രവര്‍ത്തകന്റെ അകാലത്തിലുണ്ടായ വിയോഗം ഒരു നാടിനെ മുഴുവന്‍ ദു:ഖത്തിലാഴ്ത്തിയിരുന്നു.

വാക്കുകളിലൂടെയും പ്രവര്‍ത്തനങ്ങളിലൂടെയും ഏവരെയും കീഴ്‌പ്പെടുത്താന്‍ ജന്മനാ കഴിവു സിദ്ധിച്ച ഒരുജ്ജ്വല വ്യക്തിത്വത്തിനുടമയെയാണ് നൗഷാദിന്റെ വിയോഗത്തിലൂടെ നഷ്ടമായത്.
നൗഷാദ് തായിനേരി എന്ന പേരിലപ്പെടുന്ന എം കെ നൗഷാദ് ജനിച്ചത് തായിനേരിയാണെങ്കിലും കര്‍മ്മ വീഥിയായ രാമന്തളിയുടെ ഓരോ മണല്‍ തരിയും തിരിച്ചറിഞ്ഞു. കലാ- സാംസ്‌കാരിക- വിദ്യാഭ്യാസ- കായികരംഗത്ത് ശ്രദ്ധേയമായ സേവനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ നിസ്വാര്‍ഥനായ ഒരു വ്യക്തിത്വം കൂടിയായിരുന്നു.

- Advertisement -
Ad image

നാട്ടിലും പരിസര പ്രദേശങ്ങളിലും കാല്‍പന്തു കളി ജനകീയ മാക്കുന്നതില്‍ ഏറെ ശ്രദ്ധാലുവായിരുന്നു. മാത്രമല്ല ഏതു ചടങ്ങിലും നിറസാന്നിധ്യമായിരുന്നു. ഒരു കാര്യത്തിനു ഒരുങ്ങിപ്പുറപ്പെട്ടാല്‍ അത് പൂര്‍ത്തിയാവുന്നതു വരെ വിശ്രമരഹിതനായിരിക്കും. രണ്ടു വര്‍ഷം മുമ്പ് എളമ്പച്ചി സ്റ്റേഡിയത്തില്‍ ഒരു മാസക്കാലം നീണ്ടുനിന്ന ഫുട്ബാള്‍ ടൂര്‍ണ്ണമെന്റിന്റെ മുഖ്യസംഘാടകരിലൊരാളായിരുന്നു. രാപകല്‍ ഭേദമന്യേ പ്രവര്‍ത്തനം കാഴ്ചവെച്ചു.

ഏതു ചടങ്ങിന്റെയും ഫോട്ടോ സെഷനില്‍ നൗഷാദിനെ കാണാന്‍ പ്രയാസമാണ്. രാമന്തളിയിലെ പ്രമുഖ സ്‌പോര്‍ട്‌സ് ക്ലബ്ബായ ‘മുസാഫിര്‍ എഫ് സി രാമന്തളി’യുമായി ബന്ധപ്പെട്ടുകൊണ്ടായിരുന്നു ഞങ്ങളുടെ ആദ്യ പരിചയം. മരണം വരെ അത് തുടര്‍ന്നു. ക്ലബ്ബിനെ മാത്രമല്ല, ജനസഞ്ചയത്തെയും നെഞ്ചിലേറ്ററിയ ഒരു പ്രത്യേക പ്രകൃതം. അതു തന്നെയാണ് മറ്റുള്ളവരില്‍ നിന്നും വ്യതിരിക്തനാക്കുന്നത്. ഏതൊരാളോടും സംഭാഷണത്തിലേര്‍പ്പെടുന്നത് സുസ്‌മേര വദനനായി ക്കൊണ്ടായിരിക്കും. വെറുപ്പോ വിദ്വേഷമോ അദ്ദേഹത്തിന്റെ നിഘണ്ടുവിലില്ല. അതും ഒരു പ്രത്യേകത തന്നെയാണ്.

നൗഷാദിന്റെ പൊന്നുമോന്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയായ ദില്‍ഷാദ് അബ്ദുറഹിമാന്‍ പിതാവിന്റെ പാത പിന്തുടരുന്നുണ്ടെന്ന് കാണുന്ന നേരം ഹൃദയാന്തരത്തില്‍ കുളിര്‍മയേകുന്നു. വിദ്യാര്‍ഥി പ്രസ്ഥാനത്തിലും സജീവമാണ് രാമന്തളി ശാഖാ എം എസ് എഫ് സെക്രട്ടറിയായി ഈയ്യിടെയാണ് തെരഞ്ഞെടുക്കപ്പെട്ടത്.

  • കക്കുളത്ത് അബ്ദുല്‍ ഖാദര്‍
Share This Article
Leave a Comment
error: Content is protected !!