

പയ്യന്നൂര്‍: ഐ എസ് ഡി ഇന്റര്‍നാഷണല്‍ സീനിയര്‍ സെക്കണ്ടറി സ്‌കൂളില്‍ സംഘടിപ്പിച്ച ‘പൈതൃക പെരുമ’ ചരിത്ര പ്രദര്‍ശനം വേറിട്ട കാഴ്ചയായി മാറി.

പഴയകാല സംസ്‌കൃതിയിലേക്കുള്ള മണ്മറഞ്ഞ ഓര്‍മ്മകള്‍ കുട്ടികള്‍ക്ക് പകര്‍ന്നു നല്‍കിക്കൊണ്ടുള്ളതായിരുന്നു ചരിത്രപ്രദര്‍ശനം. ഒരു സാധാരണ വിദ്യാര്‍ഥിയില്‍ പോലും ചരിത്ര ഗവേഷകന്റെ ചിന്തയും വിജ്ഞാനവും പകര്‍ന്നു നല്‍കുന്ന രീതിയിലായിരുന്നു പ്രദര്‍ശനം ചിട്ടപ്പെടുത്തിയത്.

കഴിഞ്ഞ തലമുറ ഉപയോഗിച്ചിരുന്നതും നിലവിലെ തലമുറയ്ക്ക് കേട്ടുകേള്‍വി പോലുമില്ലാത്തതുമായ പ്രദര്‍ശനത്തിലെ ശേഖരം അത്യാകര്‍ഷമായിരുന്നു. പണ്ടുകാലത്ത് ദൈനംദിന ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചിരുന്ന അരകല്ല്, നീട്ടമ്മി, ഉരല്‍, ഉലക്ക, റാന്തല്‍ എന്നിവ പ്രദര്‍ശന വേദിയില്‍ സ്ഥാനം പിടിച്ചിരുന്നു. വിലപിടിപ്പുള്ള ആഭരണങ്ങള്‍ സൂക്ഷിച്ചു വെക്കാനുപയോഗിച്ചിരുന്ന ആമാടപ്പെട്ടി, മുമ്പ് കാലത്ത് ഇരിക്കാന്‍ ഉപയോഗിച്ചിരുന്ന വിവിധതരം പലകകള്‍ തുടങ്ങിയവയും പ്രദര്‍ശന വേദിയെ സമ്പന്നമാക്കി.
മരത്തവി, കിണ്ണം, മങ്ങണം, വാരുരുളി, താഴികക്കുടം, നിലംതല്ലി വരെയുള്ള വിവിധതരം വസ്തുക്കളും നേരില്‍ കണ്ടറിയാനുള്ള വേദി കൂടിയായി പ്രദര്‍ശനം. പണ്ട് കാലത്ത് ക്ഷേത്രങ്ങളിലും പൂജ കര്‍മങ്ങള്‍ക്കും ഉപയോഗിച്ചിരുന്ന വസ്തുക്കളും വേദിയെ വ്യത്യസ്തമാക്കി. എഴുത്തോലകളും രേഖകള്‍ സൂക്ഷിച്ചു വെച്ചിരുന്ന ഗ്രന്ഥങ്ങളും ഇവയില്‍ ഉള്‍പ്പെടുന്നു. കൂടാതെ കളരി ആയുധങ്ങളായ വാള്‍, ഉറുമി, പരിച, കഠാര തുടങ്ങിയവയും അതിന്റെ പ്രൗഢിയൊട്ടും ചോരാതെ തന്നെ വേദിയില്‍ സന്ദര്‍ശകര്‍ക്കായി ഒരുക്കി വെച്ചിരുന്നു.
സ്‌കൂളിലെ അധ്യാപികമാരായ രമ്യ ബാലന്‍, അനിത എന്നിവരാണ് കോര്‍ഡിനേറ്റര്‍മാര്‍. പ്രദര്‍ശനം കാണാന്‍ എത്തുന്ന കുട്ടികളുമായി സംവദിച്ചു കൃത്യമായ വിവരങ്ങള്‍ നല്‍കാനും അധ്യാപികമാര്‍ പ്രത്യേകം ശ്രദ്ധിച്ചു. വിദ്യാലയത്തിലെ അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും പൂര്‍ണ്ണ സഹകരണത്തോടെ നടന്ന പ്രദര്‍ശനം വന്‍ വിജയമായിരുന്നു. പ്രിന്‍സിപ്പല്‍ ടി പി സുരേഷ് പൊതുവാള്‍ ഉദ്ഘാടനം ചെയ്തു. മാനേജ്‌മെന്റ് ട്രഷറര്‍ കക്കുളത്ത് അബ്ദുല്‍ ഖാദര്‍, വൈസ് പ്രിന്‍സിപ്പല്‍ കെ പി ദിവ്യ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.

