ഒന്‍പത് വയസ്സുകാരന്‍ മാധവ് മുരളിയുടെ ‘മാധവഗീതം’ നാലു ദിവസംകൊണ്ട് കണ്ടത് ലക്ഷം പേര്‍

Web Desk
2 Min Read
https://youtu.be/kYflS4Rvafk

തിരുവനന്തപുരം: ഒന്‍പത് വയസ്സുകാരന്‍ മാധവ് മുരളി ആദ്യമായി പാടിയ മാധവഗീതം എന്ന വീഡിയോ ആല്‍ബം നാലു ദിവസംകൊണ്ട് കണ്ടത് ഒരു ലക്ഷം പേര്‍. ശ്രീകൃഷ്ണനെ വര്‍ണ്ണിച്ചുകൊണ്ടുള്ള ഈ ഗാനം രചിച്ചത് എഴുത്തുകാരിയും സാമൂഹ്യ- കലാ- സാംസ്‌കാരിക പ്രവര്‍ത്തകയുമായ ജയശ്രീ ഗോപാലകൃഷ്ണനാണ്. ജയശ്രീയുടെ മൂത്തമകള്‍ വീണയുടെയും മുരളീധരന്‍ നായരുടെയും മകനാണ് മാധവ്.

city exchange

‘യമുനാതീരത്തെ അമ്പാടിക്കണ്ണനെ കാണുവാന്‍…’ എന്നു തുടങ്ങുന്ന ഗാനം അതിമനോഹരമായാണ് മാധവ് പാടി അഭിനയിച്ചത്. പ്രമുഖ ഗായകന്‍ കൂടിയായ ഖാലിദ് ആണ് ഗാനത്തിന് ഈണം നല്‍കിയത്. ജയശ്രീയും ഖാലിദും ഒന്നിച്ച് പ്രവര്‍ത്തിച്ച എട്ടാമത്തെ ആല്‍ബമാണിത്.

ബാബു ജോസ് ഓര്‍ക്കസ്‌ട്രേഷന്‍ നിര്‍വഹിച്ച ഗാനം തിരുവനന്തപുരം ബെന്‍സണ്‍ ക്രിയേഷന്‍സ് സ്റ്റുഡിയോയില്‍ റെക്കോര്‍ഡ് ചെയ്തു. ട്യൂണ്‍സ് ഓഫ് യാദിന്റെ ബാനറില്‍ നിര്‍മിച്ച ആല്‍ബം അജി മസ്‌കത്ത് ആണ് സംവിധാനം ചെയ്തത്. അബുദാബി ജെംസ് വിന്‍സിസ്റ്റര്‍ സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിയാണ് മാധവ് മുരളി.

ചെറുമകനെക്കൊണ്ട് ഗാനം പാടിപ്പിക്കണമെന്നത് ജയശ്രീയുടെ ആഗ്രഹമായിരുന്നു. മാധവും കുടുംബവും ആഗസ്റ്റില്‍ അവധിക്ക് തിരുവനന്തപുരത്ത് വന്നപ്പോഴായിരുന്നു ഗാനം പാടിപ്പിച്ചത്. ആദ്യമായി പാടിയതാണെങ്കിലും ആലാപനം അതീവ ഹൃദ്യമാക്കാന്‍ കൊച്ചുമിടുക്കന് കഴിഞ്ഞു. സോഷ്യല്‍ മീഡിയയില്‍ ഗാനം പുറത്തിറങ്ങിയപ്പോള്‍ മാധവനെ തേടി അഭിനന്ദന പ്രവാഹമുണ്ടായി. മനോഹരമായ പുഞ്ചിരിയോടെ അഭിനയിച്ച മാധവ് കാഴ്ചക്കാരുടെ മനം കവര്‍ന്നു.

- Advertisement -
Ad image

പഠനത്തിലെന്നപോലെ അഭിനയവും ഗാനാലാപനവും നീന്തലും മാധവിന് ഏറെ ഇഷ്ടമാണ്. സ്വന്തമായി ‘മാഡ്‌സ്‌പേസ്’ എന്ന യൂട്യൂബ് ചാനലും ഉണ്ട്. വിവിധ രാജ്യങ്ങളുടെ തലസ്ഥാനങ്ങളും ഭാഷയും കറന്‍സികളും കാണാതെ പറയാനും മാധവിന് കഴിയും. മാധവിന്റെ അച്ഛന്‍ അബുദാബിയില്‍ എന്‍ജിനീയറും അമ്മ ഇന്‍ഷുറന്‍സ് സ്ഥാപനത്തിലെ ഉദ്യോഗസ്ഥയുമാണ്. തൃശൂര്‍ എന്‍ജിനീയറിംഗ് കോളേജിലെ മൂന്നാം വര്‍ഷ ബി ആര്‍ക് വിദ്യാര്‍ഥിനിയായ സഹോദരി കല്യാണി ഗായികയും നര്‍ത്തകിയും ചിത്രകാരിയുമാണ്.

കലാകുടുംബമാണ് ജയശ്രീ ഗോപാലകൃഷ്ണന്റേത്. വിദേശത്ത് എഞ്ചിനീയര്‍ ആയിരുന്ന ഭര്‍ത്താവ് ഗോപാലകൃഷ്ണന്‍ നായര്‍ ഇപ്പോള്‍ നാട്ടില്‍ ബിസിനസ് ചെയ്യുന്നു. ഇവരുടെ ഇളയ മകന്‍ ഡോ. വിഷ്ണു ഗോപാല്‍ കേരള യൂണിവേഴ്‌സിറ്റി കലോത്സവത്തില്‍ മൂന്നു തവണ തുടര്‍ച്ചയായി കലാപ്രതിഭയായിരുന്നു. വിഷ്ണുവിന്റെ ഭാര്യ ശില്പ ബാല നര്‍ത്തകിയും വ്‌ളോഗറും ടി വി, സ്റ്റേജ് ഷോ അവതാരകയുമാണ്.

ഗാനാലാപനം തുടരുന്നതോടൊപ്പം നല്ല അവസരങ്ങള്‍ വന്നാല്‍ മാധവിനെ സിനിമയില്‍ അഭിനയിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് കുടുംബം.

Share This Article
Leave a Comment
error: Content is protected !!