

കൊച്ചി: റോട്ടറി ക്ലബ് കൊച്ചിന്‍ പറവൂര്‍, കൊച്ചിന്‍ വെസ്റ്റ്, കൊച്ചിന്‍ ട്രൈസിറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ റോട്ടറി ഒളിംപിക്സ് ഫോര്‍ സ്പെഷ്യല്‍ എജുക്കേഷന്‍ സ്റ്റുഡന്‍സ്- റോസസ് അരങ്ങേറി. ആലുവ യു സി കോളജില്‍ നടന്ന അത്ലറ്റിക്സ് മീറ്റ് റോട്ടറി 3201 ഡിസ്ട്രിക്ട് ഗവര്‍ണര്‍ ടി ആര്‍ വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു.

ദൈവം അനുഗ്രഹിച്ച കുട്ടികളാണ് നിങ്ങളെന്നും നിങ്ങളെ പോലുള്ള കുട്ടികളെ നോക്കുന്ന അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കുമാണ് നിറഞ്ഞ കൈയടി നല്‍കേണ്ടതെന്നും പരിപാടിയില്‍ മുഖ്യാതിഥിയായെത്തിയ സംഗീതജ്ഞന്‍ സ്റ്റീഫന്‍ ദേവസ്സി പറഞ്ഞു. ജയിക്കുന്നതിലല്ല മത്സരത്തില്‍ പങ്കെടുക്കുന്നതിലാണ് കാര്യമെന്നും അദ്ദേഹം കുട്ടികളെ ഉണര്‍ത്തി.


കുട്ടികളുടെ പാട്ടിനൊപ്പം തന്റെ സംഗീതോപകരണം വായിച്ച് സ്റ്റീഫന്‍ ദേവസ്സി ആഹ്ലാദം പങ്കുവെച്ചു. ഗായകന്‍ സുമേഷ് സ്റ്റീഫന്‍ ദേവസ്സിയോടൊപ്പം ഗാനം അവതരിപ്പിച്ചു. മെജീഷ്യന്‍ വിനോദ് കുട്ടി കുട്ടികള്‍ക്കായി മാന്ത്രിക വിദ്യകള്‍ അവതരിപ്പിച്ചു.
ഉദ്ഘാടന ചടങ്ങില്‍ റോണിലാല്‍ അധ്യക്ഷത വഹിച്ചു. ബിബു പുന്നൂരാന്‍, ദിനില്‍ ത്മ്പി, പ്രകാശ് അയ്യര്‍, കിരണ്‍ റോയ് പോത്താടി, റോട്ടറി 3201 അസിസ്റ്റന്റ് ഗവര്‍ണര്‍ റോഷ്ന എന്നിവര്‍ പ്രസംഗിച്ചു.
അത്ലറ്റിക്സ് മീറ്റിന് ദ്രോണാചാര്യ കെ പി തോമസും ഇടുക്കി അത്ലറ്റിക്സ് രാജാസ് മാത്യുവും ടീമും നേതൃത്വം നല്‍കി. റോട്ടറി ഡിസ്ട്രിക്ട് 3201ന് കീഴിലുള്ള പാലക്കാട്, തൃശൂര്‍, എറണാകുളം, ഇടുക്കി ജില്ലകളിലെ സ്പെഷ്യല്‍ സ്‌കൂളുകളില്‍ നിന്നായി ആയിരത്തോളം വിദ്യാര്‍ഥികളാണ് കായിക മത്സരത്തില്‍ പങ്കെടുത്തത്. ആണ്‍, പെണ്‍ വിഭാഗങ്ങളില്‍ 16 കാറ്റഗറികളിലായി 36 ഇനങ്ങളാണ് മത്സരത്തിനുണ്ടായിരുന്നത്.
ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന സ്‌ക്ൂളിന് ബെന്നി ആന്റ് ഷീല മെമ്മമോറിയല്‍ എവര്‍റോളിംഗ് ട്രോഫി സമ്മാനിക്കും. മത്സരത്തില്‍ വിജയിക്കുന്ന ആദ്യ മൂന്ന് സ്ഥാനക്കാര്‍ക്കും പങ്കെടുക്കുന്ന മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും സമ്മാനങ്ങളും നല്‍കും.
ഈ വര്‍ഷത്തെ ട്രോഫികളും മെഡലുകളും രാമചന്ദ്രന്‍ പിള്ളയുടെ ഓര്‍മയ്ക്കായി അദ്ദേഹത്തിന്റെ കുടുംബമാണ് സ്പോണ്‍സര്‍ ചെയ്തത്. സമ്മാനദാനം റോട്ടറി 3201 ഡിസ്ട്രിക്ട് നിയുക്ത ഗവര്‍ണര്‍ ഡോ. ജിതിന്‍ രമേശ് നിര്‍വഹിച്ചു.

