

കൊച്ചി: ഗവര്‍ണറുടെ ജോലി ഈ കാലഘട്ടത്തില്‍ ഏറെ ശ്രമകരവും വെല്ലുവിളികള്‍ നിറഞ്ഞതുമാണെന്ന് പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സി വി ആനന്ദബോസ്. ഭരണഘടനാ പദവിയിലായാലും റോട്ടറി പ്രവര്‍ത്തനങ്ങളിലായാലും ഗവര്‍ണര്‍മാര്‍ സത്യത്തിന് വേണ്ടി നിലകൊള്ളുന്നവരാകണം. സത്യവും സമാധാനവും മാത്രമേ ആത്യന്തികമായി വിജയിക്കൂ എന്നും അദ്ദേഹം പറഞ്ഞു. റോട്ടറി ഡിസ്ട്രിക്ട് 3201 വാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ച് റോട്ടറി എക്സലന്‍സ് അവാര്‍ഡുകള്‍ വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു ഗവര്‍ണര്‍.

സത്യസന്ധതയും ആര്‍ജവവും ഉണ്ടെങ്കില്‍ ഏത് പദവിയിലായാലും വിജയിക്കാന്‍ കഴിയും. ഓരോരുത്തരുടെയും ആത്മധൈര്യം തിരിച്ചറിയണം. ആത്മധൈര്യമുണ്ടെങ്കില്‍ ഏത് സ്വപ്നവും കയ്യെത്തിപ്പിടിക്കാന്‍ കഴിയുമെന്നും ആനന്ദബോസ് പറഞ്ഞു.


റോട്ടറി ഡിസ്ട്രിക്ട് 3201 പാര്‍പ്പിടം പദ്ധതി പ്രകാരം ചിറ്റിലപ്പിള്ളി ഫൗണ്ടേഷനുമായി ചേര്‍ന്ന് നിര്‍മാണം പൂര്‍ത്തീകരിച്ച വീടുകളുടെ താക്കോല്‍ദാനം സി വി ആനന്ദബോസ് നിര്‍വഹിച്ചു.
കൊച്ചിന്‍ ഷിപ്യാര്‍ഡ് സി എം ഡി മധു എസ് നായര്‍, ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിങ്സ് എം ഡി അദീപ് അഹമ്മദ്, എം ജി ശ്രീകുമാര്‍, ഡോ. രാജശ്രീ വാര്യര്‍ എന്നിവര്‍ക്ക് ബംഗാള്‍ ഗവര്‍ണര്‍ റോട്ടറി എക്സലന്‍സ് അവാര്‍ഡുകള്‍ സമ്മാനിച്ചു. റോട്ടറി സര്‍വീസ് എബോവ് സെല്‍ഫ് അവാര്‍ഡ് ഡിസ്ട്രിക്ട് ട്രെയിനര്‍ ആര്‍ മാധവ് ചന്ദ്രന്‍ ഗവര്‍ണര്‍ സി വി ആനന്ദ ബോസില്‍ നിന്ന് ഏറ്റുവാങ്ങി.
റോട്ടറി ഡിസ്ട്രിക്ട് ഗവര്‍ണര്‍ എസ് രാജ്മോഹന്‍ നായര്‍, റോട്ടറി ഇന്റര്‍നാഷണല്‍ മുന്‍ ഗവര്‍ണര്‍ ശേഖര്‍ മേത്ത, കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി, ആശിഷ് അജ്മേര, വര്‍ഗീസ് കെ ജോയ്, ടി എസ് ജയരാജ് എന്നിവര്‍ സംസാരിച്ചു.

