Connect with us

Special

കടമയും കടപ്പാടുകളും നാം വിസ്മരിക്കരുത്

Published

on


കലണ്ടര്‍ ചുമരുകളില്‍ വീണ്ടും ഒരു ജൂലൈ മുപ്പത് തെളിയുകയാണ്. ഭാഷാധ്യാപകര്‍ക്ക് ആര്‍ക്കും തന്നെ വിസ്മരിക്കാന്‍ സാധിക്കാത്ത മജീദ്- റഹ്മാന്‍- കുഞ്ഞിപ്പമാരുടെ ഓര്‍മ്മദിനം.

അതെ, 1980 ജൂലൈ 30. റമദാന്‍ 17. ഒരു സമൂഹത്തോട് അന്നത്തെ സര്‍ക്കാര്‍ കാട്ടിയ അനീതിക്കെതിരെ നീതി വിജയം വരിച്ച ദിനം.

മുസ്ലിം യൂത്ത് ലീഗിന്റെ ആഭിമുഖ്യത്തില്‍ ഭാഷാ സമരത്തിന്റെ ഭാഗമായി കേരളത്തിലെ മുഴുവന്‍ കളക്ടറേറ്റ് പടിക്കലും ഐതിഹാസികമായ കലക്ടറേറ്റ് പിക്കറ്റിംഗ് നടന്നത് അന്നാണ്. കേരളത്തിലെ കലാലയങ്ങളില്‍ ഭാഷാ പഠനം സംരക്ഷിക്കുന്നതിന്റെ പേരില്‍ സി എച്ച് എന്ന ഇതിഹാസ പുരുഷന്റെ ആഹ്വാനം സ്വീകരിച്ച് യൂത്ത് ലീഗിന്റെ സമരഭടന്മാര്‍ ഏറ്റെടുത്ത ഭാഷാ സമരം നടന്ന ദിനം.

അക്കോമഡേഷന്‍, ഡിക്ലറേഷന്‍, ക്വാളിഫിക്കേഷന്‍- എന്നീ പ്രാസ ഭംഗിയുള്ള കരിനിയമത്തിലൂടെ ഇടതു സര്‍ക്കാര്‍ പൊതുവിദ്യാലയങ്ങളില്‍ നിന്ന് അറബി ഭാഷാ പഠനത്തെ ഇല്ലാതാക്കുവാനുള്ള കുടില തന്ത്രത്തെ മൂന്ന് ജീവനുകള്‍ നല്‍കി സംരക്ഷിച്ച ദിനമാണത്.

ആരാന്റെ പുരയിലെ വെള്ളം കോരികളും വിറക് വെട്ടികളും ആകാന്‍ വിധിക്കപ്പെട്ട ഒരു തലമുറയുടെ സാംസ്‌കാരിക വ്യക്തിത്വം സംരക്ഷിച്ച ദിനമാണത്. സമുദായത്തിന് പ്രാതിനിധ്യപരവും സാമ്പത്തികവുമായ ഉണര്‍വ് നല്‍കിയ അറബി അധ്യാപക തസ്തികകള്‍ ഇല്ലാതാക്കുന്നതിനായി കൊണ്ടുവന്ന കരി നിയമത്തെ തകര്‍ത്തെറിഞ്ഞ ദിനമാണത്.

പൊതുവിദ്യാഭാസം ‘മതേതരവും നിലവാരപൂര്‍ണവും’ ആകണമെന്ന സര്‍ക്കാര്‍ ന്യായങ്ങളിലെ ഒളിയജണ്ടകള്‍ കൃത്യമായി കണ്ട് പ്രശ്‌നം സമൂഹത്തിന്റെ മുന്നിലെത്തിക്കാന്‍ അറബി അധ്യാപക സംഘടനയായ കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷനും (കെ എ ടി എഫ് ) അതിന്റെ സമുന്നതരായ നേതാക്കളായ കരുവള്ളി മുഹമ്മദ് മൗലവിക്കും പി കെ അഹമ്മദലി മദനിക്കും കൊളത്തൂര്‍ ടി മുഹമ്മദ് മൗലവിക്കും കഴിഞ്ഞു എന്നതാണ് ഈ സമരത്തിന്റെ നിദാനം.

1980ല്‍ സെക്രട്ടറിയേറ്റ് പടിക്കല്‍ കെ എ ടി എഫ് നടത്തിയ സമരത്തെ അഭിസംബോധന ചെയ്ത സി എച്ച് മുഹമ്മദ് കോയ സാഹിബിന്റെ കാലം തങ്കലിപികളാല്‍ എഴുതി ചേര്‍ത്ത വാക്കുകളാണ് ചരിത്രം രചിച്ച സമരത്തിന് ഹേതുവായത്.

”നിങ്ങള്‍ അധ്യാപകരുടെ ജോലി കുട്ടികളെ പഠിപ്പിക്കലാണ്. നിങ്ങള്‍ ക്ലാസ് മുറികളിലേക്ക് മടങ്ങിപ്പോവുക. ഈ സമരം നിങ്ങളില്‍ നിന്ന് മുസ്ലിം സമുദായം ഏറ്റെടുത്തിരിക്കുന്നു.” ആവേശം അലകടലായി ഇളകിമറിഞ്ഞ സി എച്ചിന്റെ ഈ വാക്കുകള്‍ ഇപ്പോഴും കാതില്‍ അലയടിക്കുന്നുണ്ട്.

അതിനെ തുടര്‍ന്ന് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പി കെ കെ ബാവയുടെയും ജനറല്‍ സെക്രട്ടറി കെ പി എ മജീദ് സാഹിബിന്റെയും നേതൃത്വത്തിലുള്ള യൂത്ത് ലീഗ് ജൂലൈ 30ന് ജില്ലാ തലസ്ഥാനങ്ങളില്‍ കലക്റ്ററേറ്റ് ഉപരോധം പ്രഖ്യാപിച്ചു. പ്രവര്‍ത്തകര്‍ അവകാശബോധത്തിന്റെ അമരജ്വാലകളായി മുഴുസമയ സജീവതയിലേക്ക് പടര്‍ന്നുകയറി. എവിടെയും എന്നും സമരത്തെക്കുറിച്ചുള്ള ആലോചനകള്‍, ആസൂത്രണങ്ങള്‍.

ബദ്ര്‍ യുദ്ധം നടന്ന റമദാന്‍ 17 ആ വര്‍ഷം ജൂലൈ 30നായിരുന്നു. ബദ്റിന്റെ ഓര്‍മ്മകളുള്ള മനസ്സുമായാണ് വിശുദ്ധമായ ഒരു ജനാധിപത്യ ചെറുത്തുനില്‍പിന് മുസ്‌ലിം യുവത അന്ന് സമരകേന്ദ്രങ്ങളിലേക്ക് നോമ്പുകാരായി പ്രവഹിച്ചത്. യുവതയുടെ ആവേശവും ആത്മാര്‍ഥതയും ഈമാനിക ശക്തിയുമായിരുന്നു സമരത്തിന്റെ കരുത്ത്.

സമാധാനപരമായി നടത്തിയ ധര്‍ണ്ണ കലക്കാന്‍ മലപ്പുറത്തെ പൊലീസ് മനസിലുറച്ച് പദ്ധതികളിട്ടു. അതിന് ഉമ്മത്തിന്റെ മൂന്ന് ജീവനുകള്‍ ബലി നല്‍കേണ്ടിവന്നു. മജീദ് റഹ്മാന്‍ കുഞ്ഞിപ്പമാരുടെ രക്തസാക്ഷിത്വം ആ സമരത്തിന്റെ ഗതി മാറ്റിമറിച്ചു. ലക്ഷ്യത്തിലേക്കുള്ള കുതിപ്പിന് വിരാമമിട്ടത് ആ ധീരരുടെ ശഹാദത്തായിരുന്നു.

ഭാഷാ പഠനം കലാലയങ്ങളില്‍ സംരക്ഷിച്ച് നിര്‍ത്താന്‍ മൂന്ന് വിലപ്പെട്ട ജീവനുകള്‍ നല്‍കേണ്ടി വന്ന ചരിത്രം തീര്‍ത്ത സമരമാണത്. രക്ത സാക്ഷികള്‍ മരിക്കില്ലെന്ന വചനത്തെ അന്വര്‍ഥമാക്കി അവരിന്നും നമ്മില്‍ ജീവിക്കുന്നു. അവര്‍ ഉയര്‍ത്തിയ മുദ്രാവാക്യം കാത്തുസൂക്ഷിക്കേണ്ട ഭാരിച്ച ഉത്തരവാദിത്വമാണ് നമുക്കിന്നുള്ളത്. കടമകളും കടപ്പാടുകളും വിസ്മരിക്കാതെ നാം മുന്നോട്ട് പോവുക. നാഥന്‍ അനുഗ്രഹിക്കട്ടെ.

മാഹിന്‍ ബാഖവി (കെ എ ടി എഫ് സംസ്ഥാന ട്രഷറര്‍)

error: Content is protected !!