
ആലുവ: പുളിഞ്ചോട് കവലക്ക് സമീപം സുഹൃത്തുക്കളായ യുവതിയും യുവാവും സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞ് യുവതി മരിച്ചു. യുവാവിന് പരിക്കേറ്റു.

ചാലക്കുടി പോട്ട സ്വദേശി ഞാറക്കല്‍ വീട്ടില്‍ സുദേവന്റെ മകള്‍ അനഘ (26) ആണ് മരിച്ചത്. ചാലക്കുടി പോട്ട വടുതല വീട്ടില്‍ ജയപ്രകാശ് നാരായണന്റെ മകന് ജിഷ്ണു (30)നെ പരിക്കുകളോടെ ആലുവ നജാത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച ഉച്ചക്ക് 12 മണിയോടെ പുളിഞ്ചോട് കവലയിലായിരുന്നു അപകടം. വിവാഹിതരാവാന്‍ തീരുമാനിച്ചിരുന്നവരായിരുന്നു ജിഷ്ണുവും അനഘയും.

ബുധനാഴ്ച രാവിലെ ലുലു മാള്‍ സന്ദര്‍ശിക്കാന്‍ വേണ്ടി ചാലക്കുടിയിലെ വീട്ടില്‍ നിന്ന് പുറപ്പെട്ടതായിരുന്നു ഇരുവരും. ഇവര്‍ ബന്ധുക്കള്‍ കൂടിയായിരുന്നു.
മരണപ്പെട്ട അനഘ ഇന്‍ഫോപാര്‍ക്ക് സൈബര്‍ സെക്യൂരിറ്റി വിഭാഗം ജോലിക്കാരിയായിരുന്നു. ഹബിതയാണ് മാതാവ്. സഹോദരന് അനന്തു.
പരിക്കേറ്റ ജിഷ്ണു ഇരിങ്ങാലക്കുടയില്‍ സ്വന്തമായി ബൈക്ക് ആക്സസറീസ് ഷോപ്പ് നടത്തിവരികയാണ്. ആലുവ പൊലീസ് കേസെടുത്തു. മേല്‍ നടപടികള്‍ സ്വീകരിച്ചു.

