ഗാന്ധി ജയന്തി ദിനത്തില്‍ ഗാന്ധി നാടകവുമായി ഐ സി സി

Web Desk
2 Min Read

ദോഹ: ഗാന്ധി ജയന്തിയോടനുബന്ധിച്ച് ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സമൂഹത്തിന് മഹാത്മാഗാന്ധിയുടെ ജീവിതത്തെ കുറിച്ച് പാഠങ്ങള്‍ നല്‍കുകയും വിദ്യാര്‍ഥികളിലേക്ക് ഗാന്ധിജിയുടെ ജീവിതലക്ഷ്യങ്ങള്‍ പ്രചരിപ്പിക്കുകയുമാണ് പരിപാടിയുടെ ലക്ഷ്യം.

city exchange

ഗാന്ധി ജയന്തി ആഘോഷത്തിന്റെ ഭാഗമായി പ്രശസ്ത സിനിമാ- നാടക കലാകാരനായ മകരന്ദ് ദേശ്പാണ്ഡെ നയിക്കുന്ന ഇന്ത്യയില്‍ നിന്നുള്ള ഒരു സംഘം ‘ഗാന്ധി’ എന്ന ഏകാംഗ നാടകം അവതരിപ്പിക്കും. ഒക്ടോബര്‍ 2ന് വ്യാഴാഴ്ച വൈകുന്നേരം ഏഴ് മണിക്ക് ഡി പി എസ് മോഡേണ്‍ ഇന്ത്യന്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തിലാണ് പരിപാടി നടക്കുക.

ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ വിപുല്‍ മുഖ്യാതിഥിയായി പങ്കെടുക്കും. അഞ്ച് സിനിമകള്‍ സംവിധാനം നിര്‍വഹിച്ച മകരന്ദ് ദേശ്പാണ്ഡെ
നടനും എഴുത്തുകാരനുമാണ്. ഹിന്ദി, മലയാളം, മറാത്തി, കന്നഡ, തെലുങ്ക്, തമിഴ് ഭാഷാ സിനിമകളില്‍ അഭിനയിച്ചു. ജംഗിള്‍, സര്‍ഫറോഷ്, സ്വദേശ്, സത്യ, ബുദ്ദ, ഹോഗ ടെറാ ബാപ്പ്, പുലിമുരുകന്‍, അമ്മന്‍, ടു കണ്‍ട്രീസ് എന്നിവയാണ് അദ്ദേഹത്തിന്റെ ചില സിനിമകള്‍.

സര്‍ സര്‍ സിര്‍ല, ജോക്ക്, മാ ഇന്‍ ട്രാന്‍സിറ്റ്, കൃഷ്ണ കിഡ്ഡിംഗ്, ഷേക്ക്പിയാര്‍ച്ച മഹാതാര എന്നിവയുള്‍പ്പെടെ 50-ലധികം ഹ്രസ്വ നാടകങ്ങളും 40 മുഴുനീള നാടകങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്.

- Advertisement -
Ad image

മഹാത്മാഗാന്ധിയുടെ തത്വങ്ങളായ അഹിംസ, സത്യസന്ധത, സ്വാശ്രയത്വം (സ്വരാജ്), കാരുണ്യം എന്നിവയുടെ ശാശ്വത പ്രസക്തിയിലും പരിസ്ഥിതി പ്രശ്‌നങ്ങള്‍ പോലുള്ള ആധുനിക വെല്ലുവിളികളെ അഭിസംബോധന ചെയ്യുന്നതിലും ഐ സി സി ശ്രദ്ധ കേന്ദ്രീകരിക്കും.

ഖത്തറിലെ ഇന്ത്യന്‍ എംബസി ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്ററുമായി (ഐ സി സി) സഹകരിച്ച് ബിര്‍ള പബ്ലിക് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ഗാന്ധി ജയന്തി ആഘോഷങ്ങളുടെ ഭാഗമായി ‘റെസിലിയന്റ് എര്‍ത്ത്, റെസ്‌പോണ്‍സിബിള്‍ ലിവിംഗ്- ദി ഗാന്ധിയന്‍ വേ’ എന്ന പേരില്‍ ഒരു അവബോധ സിമ്പോസിയം സംഘടിപ്പിച്ചിരുന്നു. മഹാത്മാഗാന്ധിയുടെ ലളിതവും ഉത്തരവാദിത്തമുള്ളതുമായ ജീവിതത്തിന്റെ തത്വങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് സുസ്ഥിരതയെയും കാലാവസ്ഥാ പ്രതിരോധത്തെയും കുറിച്ചുള്ള അവബോധം വളര്‍ത്തുന്നതിനും കൂട്ടായ പ്രവര്‍ത്തനത്തിന് പ്രചോദനം നല്‍കുന്നതുമായിരുന്നു സിംപോസിയം ഉന്നമിട്ടത്. ഖത്തറിലെ ഇന്ത്യന്‍ എംബസിയിലെ ഫസ്റ്റ് സെക്രട്ടറി ഹരീഷ് പാണ്ഡെ ആയിരുന്നു മുഖ്യാതിഥി.

ഹേമന്ത് നന്ദന്‍ പവാര്‍ സംസാരിച്ചു. അശ്വിന്‍ മധുസൂദനന്‍, ഡോ. രവി രംഗരാജന്‍, ഡോ. അനു ജോസന്‍ എന്നിവര്‍ പ്രസംഗിച്ചു.

ബിര്‍ള പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച ”ഓസോണ്‍ സംരക്ഷിക്കല്‍, നമ്മുടെ ഭാവി സംരക്ഷിക്കല്‍” എന്ന സംഗീത സ്‌കിറ്റും സിംപോസിയത്തില്‍ അവതരിപ്പിച്ചു.

ഡോ. ബിമലേന്ദു ബി നാഥ് സമാപന പ്രസംഗം നടത്തി. ഖത്തര്‍ ഇന്ത്യന്‍ എംബസിയിലെ സെക്കന്‍ഡ് സെക്രട്ടറി ബിന്ദു എന്‍ നായര്‍, അപെക്‌സ് ബോഡി പ്രസിഡന്റുമാര്‍, കമ്മിറ്റി അംഗങ്ങള്‍, അനുബന്ധ സംഘടനകളുടെ പ്രസിഡന്റുമാര്‍, മറ്റ് മുതിര്‍ന്ന കമ്മ്യൂണിറ്റി നേതാക്കള്‍ എന്നിവരുള്‍പ്പെടെ നിരവധി വിശിഷ്ട വ്യക്തികള്‍ ചടങ്ങില്‍ പങ്കെടുത്തു.

വാര്‍ത്താ സമ്മേളനത്തില്‍ ഡോ. വൈഭവ് തണ്ടാലെ, എ പി മണികണ്ഠന്‍, പി എന്‍ ബാബുരാജന്‍, രവീന്ദ്ര പ്രസാദ്, സന്ദീപ് ശ്രീരാമറെഡ്ഡി, ശന്തനു ദേശ്പാണ്ഡെ, മകരന്ദ് വിനായക് ദേശ്പാണ്ഡെ, അബ്രഹാം ജോസഫ്, നന്ദിനി അബ്ബഗൗനി, രാകേഷ് വാഗ്, അഫ്‌സല്‍ അബ്ദുല്‍ മജീദ് എന്നിവര്‍ പങ്കെടുത്തു.

Share This Article
Leave a Comment
error: Content is protected !!