

ദോഹ: അമീരി എയര്‍ഫോഴ്സും അല്‍ സഈം മുഹമ്മദ് ബിന്‍ അബ്ദുല്ല അല്‍ അത്തിയ എയര്‍ അക്കാദമിയും ചേര്‍ന്ന് വെസ്റ്റ് ബേയിലും ദോഹ കോര്‍ണിഷ് ഏരിയയിലും എയര്‍ ഷോ നടത്തി. റോയല്‍ സൗദി എയര്‍ഫോഴ്സും (ആര്‍ എസ് എ എഫ്), ബ്രിട്ടീഷ് റോയല്‍ എയര്‍ഫോഴ്സും (ആര്‍ എ എഫ്) സംയുക്ത എയര്‍ ഷോയില്‍ പങ്കെടുത്തു.

അമീരി എയര്‍ഫോഴ്സിന്റെ നിരവധി ടൈഫൂണ്‍ ‘അല്‍ ദാരിയത്’ വിമാനങ്ങള്‍ എയര്‍ പരേഡില്‍ പങ്കെടുത്തതായി സായുധ സേനയിലെ മോറല്‍ ഗൈഡന്‍സ് ഡയറക്ടറേറ്റ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജനറല്‍ മുഹമ്മദ് അലി അല്‍ ഹജ്രി വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. സംയുക്ത ഖത്തര്‍ യു കെ ടൈഫൂണ്‍ സ്‌ക്വാഡ്രണ്‍ (12 സ്‌ക്വാഡ്രണ്‍), ടൈഫൂണ്‍ വിമാനങ്ങള്‍, ബ്രിട്ടീഷ് റോയല്‍ എയര്‍ഫോഴ്‌സിന്റെ എയറോബാറ്റിക് ടീം (റെഡ് ആരോസ്), റോയല്‍ സൗദി എയര്‍ഫോഴ്‌സിന്റെ സൗദി ഫാല്‍ക്കണ്‍സ് എയ്‌റോബാറ്റിക് ടീം എന്നിവയും അല്‍ സഈം മുഹമ്മദ് ബിന്‍ അബ്ദുല്ല അല്‍ അത്തിയ എയര്‍ അക്കാദമിയുടെ എയറോബാറ്റിക് സംഘവും എയര്‍ പരേഡിന്റെ ഭാഗമായി.

എയര്‍ ഷോയില്‍ പങ്കെടുക്കുന്ന സംയുക്ത ഖത്തര്‍ യു കെ ടൈഫൂണ്‍ സ്‌ക്വാഡ്രന്റെ ചുമതലകളിലൊന്ന് ഫിഫ ലോകകപ്പ് ഖത്തര്‍ 2022 കാലത്ത് വ്യോമാതിര്‍ത്തി സുരക്ഷിതമാക്കുന്നതില്‍ പങ്കെടുക്കുമെന്ന് ബ്രിഗേഡിയര്‍ ജനറല്‍ മുഹമ്മദ് അലി അല്‍ ഹജ്രി വിശദീകരിച്ചു.

