Connect with us

Featured

ഇന്ത്യയിലെ ആകാശ ദുരന്തങ്ങളില്‍ ചിലത്

Published

on


2020-ല്‍ കോഴിക്കോട് നടന്ന എയര്‍ ഇന്ത്യ ദുരന്തത്തിന് ശേഷം കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഇന്ത്യയിലെ ആദ്യത്തെ ഭീകര യാത്രാ വിമാനാപകടമാണ് അഹമ്മദാബാദിലേത്

അഹമ്മദാബാദ്: അഹമ്മദാബാദില്‍ നിന്ന് ലണ്ടനിലേക്ക് പറന്നുയര്‍ന്ന എയര്‍ ഇന്ത്യയുടെ എ ഐ 171 വ്യാഴാഴ്ച അഹമ്മദാബാദ് വിമാനത്താവളത്തിന് സമീപം തകര്‍ന്നുവീണപ്പോള്‍ ജീവനക്കാര്‍ ഉള്‍പ്പെടെ 242 പേരാണ് വിമാനത്തിലുണ്ടായിരുന്നതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍ പറയുന്നത്. പറന്നുയര്‍ന്നതിന് തൊട്ടുപിന്നാലെ ജനവാസ കേന്ദ്രമായ മേഘാനിനഗറിന് സമീപമാണ് വിമാനം തര്‍ന്നത്. ഇതോടെ പ്രദേശം പരിഭ്രാന്തിയിലായി.

അപകടം നടന്ന പ്രദേശത്തു നിന്നും ഉയര്‍ന്ന കട്ടിയുള്ള പുക വസ്ത്രാപൂര്‍ വരെ കാണാമായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ സംഭവിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ വലിയ വിമാനാപകടമാണിത്. 2020ല്‍ കോഴിക്കോടാണ് ഇതിനു മുമ്പ് എയര്‍ ഇന്ത്യ വിമാനം തകര്‍ന്ന് വന്‍ ദുരന്തമുണ്ടായത്.

ഇന്ത്യയിലെ പ്രധാന വിമാന ദുരന്തങ്ങളുടെ പട്ടിക:

2020: എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഫ്‌ളൈറ്റ് ഐഎക്‌സ്1344 കോഴിക്കോട്

2020 ഓഗസ്റ്റ് 7ന് നടന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഫ്‌ലൈറ്റ് ഐഎക്‌സ്1344ന്റെ അപകടം സമീപകാല ഇന്ത്യന്‍ ചരിത്രത്തിലെ ഏറ്റവും ദാരുണമായ വ്യോമയാന ദുരന്തങ്ങളില്‍ ഒന്നായി കണക്കാക്കുന്നു. കോവിഡിനെ തുടര്‍ന്ന് വിദേശത്ത് കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചയക്കുന്നതിനായി വന്ദേ ഭാരത് മിഷന്റെ കീഴില്‍ ദുബായില്‍ നിന്ന് കോഴിക്കോട്ടേക്ക് സര്‍വീസ് നടത്തിയ ബോയിംഗ് 737- 800 വിമാനമാണ് കോഴിക്കോട് വിമാനത്താവളത്തില്‍ തകര്‍ന്നത്. കനത്ത മഴയും കുറഞ്ഞ ദൃശ്യപരതയും ഉള്ള സമയത്ത് കോഴിക്കോടിന്റെ ടേബിള്‍ടോപ്പ് റണ്‍വേയില്‍ ഇറങ്ങവെ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി 30 അടി താഴ്ചയുള്ള കൊക്കയിലേക്ക് വീണ് രണ്ടായി പിളരുകയായിരുന്നു. അപകടത്തില്‍ രണ്ട് പൈലറ്റുമാര്‍ ഉള്‍പ്പെടെ 21 പേര്‍ മരിക്കുകയും നൂറിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു, ചിലര്‍ക്ക് ഗുരുതരമായ പരിക്കുണ്ട്.

2010: എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഫ്‌ളൈറ്റ് ഐഎക്‌സ് 812 മംഗലാപുരം

2010 മെയ് 22ന് മംഗലാപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഫ്‌ളൈറ്റ് ഐഎക്‌സ് 812 തകര്‍ന്നുവീണു. ഇന്ത്യയിലെ ഏറ്റവും മാരകമായ വ്യോമയാന ദുരന്തങ്ങളിലൊന്നാണിത്. ദുബായില്‍ നിന്ന് മംഗലാപുരത്തേക്ക് സര്‍വീസ് നടത്തിയ ബോയിംഗ് 737- 800 വിമാനത്തില്‍ 166 പേരാണ് ഉണ്ടായിരുന്നത്. ഇരുവശത്തും കുത്തനെയുള്ള താഴ്ചകളുള്ള പീഠഭൂമിയില്‍ സ്ഥിതി ചെയ്യുന്ന ടേബിള്‍ടോപ്പ് റണ്‍വേയില്‍ ലാന്‍ഡ് ചെയ്തപ്പോള്‍ വിമാനം തെന്നിമാറുകയും കൃത്യസമയത്ത് നിര്‍ത്താന്‍ കഴിയാതെ താഴ്ചയുള്ള മലയിടുക്കിലേക്ക് മറിഞ്ഞ് തീ പിടിക്കുകയായിരുന്നു.അപകടത്തില്‍ 158 പേര്‍ മരിച്ചു. എട്ട് പേര്‍ മാത്രമാണ് രക്ഷപ്പെട്ടത്.

1998: അലയന്‍സ് എയര്‍ ഫ്‌ളൈറ്റ് 7412

അലയന്‍സ് എയര്‍ ഫ്‌ലൈറ്റ് 7412 1998 ജൂലൈ 17ന് ബീഹാറിലെ പട്‌ന വിമാനത്താവളത്തിന് സമീപമാണ് തകര്‍ന്നത്. ബോയിംഗ് 737-2എ8 വിമാനം ലാന്‍ഡിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് വിമാനത്താവളത്തിന് സമീപമുള്ള ജനസാന്ദ്രതയുള്ള പ്രദേശത്തേക്ക് ഇടിച്ചിറങ്ങുകയായിരുന്നു. ദുരന്തത്തില്‍ 60 പേര്‍ കൊല്ലപ്പെട്ടു. വിമാന ജീവനക്കാരും യാത്രക്കാരും ഉള്‍പ്പെടെ 55 പേരും പ്രദേശത്തുണ്ടായിരുന്ന അഞ്ച് പേരുമാണ് മരിച്ചത്.

1996: ചര്‍ഖി ദാദ്രി മിഡ്-എയര്‍ കൂട്ടിയിടി

1996 നവംബര്‍ 12ന് ഹരിയാനയിലെ ചര്‍ഖി ദാദ്രിക്ക് സമീപം നടന്ന ചര്‍ഖി ദാദ്രി മിഡ്- എയര്‍ കൂട്ടിയിടി വ്യോമയാന ചരിത്രത്തിലെ ഏറ്റവും മാരകമായ കൂട്ടിയിടിയായി കണക്കാക്കുന്നു. സൗദി അറേബ്യന്‍ എയര്‍ലൈന്‍സ് ഫ്‌ളൈറ്റ് 763ഉം കസാക്കിസ്ഥാന്‍ എയര്‍ലൈന്‍സ് ഫ്‌ളൈറ്റ് 1907ഉം തമ്മിലാണ് കൂട്ടിയിടിച്ചത്. തെറ്റായ ആശയവിനിമയവും ഉയര നിര്‍ദ്ദേശങ്ങളുടെ ലംഘനവുമാണ് അപകടത്തിന് കാരണമായത്. രണ്ട് വിമാനങ്ങളിലെയും 349 യാത്രക്കാരും ജീവനക്കാരും മരിച്ചു.

1993: ഇന്ത്യന്‍ എയര്‍ലൈന്‍സ് ഫ്‌ളൈറ്റ് 491 ഔറംഗാബാദ്

1993 ഏപ്രില്‍ 26ന് മഹാരാഷ്ട്രയിലെ ഔറംഗാബാദ് വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന ഉടന്‍ ഇന്ത്യന്‍ എയര്‍ലൈന്‍സ് ഫ്‌ളൈറ്റ് 491 അപകടത്തില്‍പ്പെടുകയായിരുന്നു. ബോയിംഗ് 737-2എ8 വിമാനം ടേക്ക് ഓഫ് ചെയ്യുമ്പോള്‍ അശ്രദ്ധമായി റണ്‍വേയില്‍ പ്രവേശിച്ച ഒരു ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കൂട്ടിയിടിയുടെ ഫലമായി വിമാനത്തിന് നിയന്ത്രണം നഷ്ടപ്പെടുകയും തീപിടിക്കുകയും ചെയ്തു. വിമാനത്തില്‍ 118 യാത്രക്കാരുണ്ടായതില്‍ 55 പേര്‍ മരിച്ചു.

Advertisement

1990: ഇന്ത്യന്‍ എയര്‍ലൈന്‍സ് ഫ്‌ളൈറ്റ് 605 ബാംഗ്ലൂര്‍

1990 ഫെബ്രുവരി 14ന് കര്‍ണാടകയിലെ ബാംഗ്ലൂരിലെ എച്ച് എ എല്‍ വിമാനത്താവളത്തില്‍ ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ ഇന്ത്യന്‍ എയര്‍ലൈന്‍സ് ഫ്‌ളൈറ്റ് 605 തകര്‍ന്നുവീണു. എയര്‍ബസ് എ320 വിമാനം പെട്ടെന്ന് താഴേക്ക് ഇറങ്ങുകയും റണ്‍വേയില്‍ നിന്ന് അല്പം താഴേക്ക് പതിക്കുകയും ഗുരുതരമായ അപകടത്തിലേക്ക് നയിക്കുകയും ചെയ്തു. വിമാനത്തില്‍ 146 യാത്രക്കാരുണ്ടായിരുന്നു. ജീവനക്കാരും യാത്രക്കാരും ഉള്‍പ്പെടെ 92 പേര്‍ അപകടത്തില്‍ മരിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!