സംവിധായകന്‍ ഷാജി എന്‍ കരുണ്‍ അന്തരിച്ചു

Web Desk
1 Min Read

തിരുവനന്തപുരം: ചലച്ചിത്ര സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എന്‍ കരുണ്‍ അന്തരിച്ചു. 73 വയസ്സായിരുന്നു. അര്‍ബുദ രോഗ ബാധിതനായ അദ്ദേഹം ദീര്‍ഘനാളായി ചികിത്സയിലായിരുന്നു.

city exchange

പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന പ്രസിഡന്റും കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പറേഷന്‍ ചെയര്‍മാനുമാണ്. ഭാര്യ: അനസൂയ വാര്യര്‍. മക്കള്‍: അപ്പു കരുണ്‍, കരുണ്‍ അനില്‍.

ദേശീയ- അന്തര്‍ദേശീയ തലങ്ങളില്‍ മലയാളസിനിമയെ അടയാളപ്പെടുത്തിയ സംവിധായകനാണ് അദ്ദേഹം. എഴുപതോളം ചലച്ചിത്രമേളകളില്‍ പ്രദര്‍ശിപ്പിക്കുകയും 31 പുരസ്‌കാരങ്ങള്‍ നേടുകയും ചെയ്ത ‘പിറവി’, കാന്‍ ചലച്ചിത്രമേളയില്‍ പാംദോറിന് നാമനിര്‍ദേശംചെയ്യപ്പെട്ട ‘സ്വം’, കാനില്‍ ഔദ്യോഗിക വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ‘വാനപ്രസ്ഥം’ തുടങ്ങിയ ചിത്രങ്ങളിലൂടെ അന്തര്‍ദേശീയതലത്തില്‍ മലയാളസിനിമയ്ക്ക് അംഗീകാരങ്ങള്‍ നേടി. മികച്ച ഛായാഗ്രാഹകനുള്ള ദേശീയ അവാര്‍ഡും മൂന്ന് സംസ്ഥാന അവാര്‍ഡുകളും നേടിയിട്ടുണ്ട്.

മമ്മൂട്ടിയെ നായകനാക്കി 2009ല്‍ പുറത്തിറങ്ങിയ കുട്ടിസ്രാങ്ക് എന്ന ചിത്രം ഏഴുവീതം ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങളാണ് നേടിയത്. കലാസാംസ്‌കാരിക രംഗത്തെ സംഭാവനയ്ക്കുള്ള ഫ്രഞ്ച് സര്‍ക്കാരിന്റെ അന്താരാഷ്ട്ര അംഗീകാരമായ ‘ദ ഓര്‍ഡര്‍ ഓഫ് ആര്‍ട്സ് ആന്‍ഡ് ലെറ്റേഴ്സ്’, പത്മശ്രീ പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്.

- Advertisement -
Ad image

1952ല്‍ കൊല്ലം ജില്ലയില്‍ കണ്ടച്ചിറയില്‍ എന്‍ കരുണാകരന്റേയും ചന്ദ്രമതിയുടേയും മൂത്ത മകനായി ജനിച്ച ഷാജി എന്‍ കരുണ്‍ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജില്‍നിന്ന് ബിരുദവും 1974ല്‍ പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഛായാഗ്രഹണത്തില്‍ ഡിപ്ലോമയും നേടി. 1975ല്‍ കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്റെ രൂപീകരണവേളയില്‍ ആസൂത്രണത്തില്‍ മുഖ്യപങ്കുവഹിച്ചു. 1998ല്‍ രൂപംകൊണ്ട കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ആദ്യ ചെയര്‍മാനായിരുന്നു.

ഷാജി എന്‍ കരുണ്‍ നാല്‍പതോളം സിനിമകള്‍ക്ക് ഛായാഗ്രഹണം നിര്‍വഹിച്ചിട്ടുണ്ട്. ജി അരവിന്ദന്റെ ക്യാമറാമാന്‍ എന്ന നിലയിലാണ് ഷാജി എന്‍ കരുണ്‍ കൂടുതല്‍ അറിയപ്പെട്ടത്. കെ ജി ജോര്‍ജ്ജ്, എം ടി വാസുദേവന്‍ നായര്‍ എന്നിവര്‍ക്കൊപ്പവും ഷാജി എന്‍ കരുണ്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Share This Article
Leave a Comment
error: Content is protected !!