ഓണ്‍ലൈന്‍ റമ്മി നിയമവിരുദ്ധമല്ലെന്ന് ഹൈക്കോടതി

Web Desk
1 Min Read

കൊച്ചി: സംസ്ഥാനത്ത് ഓണ്‍ലൈന്‍ റമ്മി നിയമ വിരുദ്ധമായി പ്രഖ്യാപിക്കാനാവില്ലെന്ന് ഹൈക്കോടതി. ഓണ്‍ലൈന്‍ റമ്മി നിയമ വിരുദ്ധമാക്കിയ സര്‍ക്കാര്‍ വിജ്ഞാപനം റദ്ദാക്കിയാണ് ഹൈക്കോടതി ഉത്തരവ് നല്കിയത്. ഓണ്‍ലൈന്‍ ഗെയിമിങ് കമ്പനികള്‍ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. ഓണ്‍ലൈന്‍ ഗെയിമുകള്‍ ചൂതാട്ടപരിധിയില്‍ വരില്ലെന്നും ഹൈക്കോടതി വിലയിരുത്തി.
സുപ്രിം കോടതിയുടെ വിവിധ വിധികള്‍ ചൂണ്ടിക്കാട്ടിയാണ് കമ്പനികള്‍ ഉന്നയിച്ച ഹര്‍ജികള്‍ ഹൈക്കോടതി അനുവദിച്ചത്. ഓണ്‍ലൈന്‍ റമ്മിയിലൂടെ പണം നഷ്ടപ്പെട്ടുള്ള ആത്മഹത്യകള്‍ സംസ്ഥാനത്ത് വര്‍ധിക്കുകയാണെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് ഭേദഗതി കൊണ്ടുവന്നതെന്നുമുള്ള സര്‍ക്കാര്‍ വാദം കോടതി നിരാകരിച്ചു.

city exchange

ഓണ്‍ലൈന്‍ റമ്മി ഗെയിമുകള്‍ നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നിലവിലുള്ള നിയമത്തില്‍ ഓണ്‍ലൈന്‍ റമ്മി കളിയെ കൂടി ഉള്‍പ്പെടുത്തി സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കിയത്. 1960ലെ കേരള ഗെയിമിങ് ആക്ട് സെക്ഷന്‍ 14എയിലായിരുന്നു ഓണ്‍ലൈന്‍ റമ്മി കൂടി ഉള്‍പ്പെടുത്തിയത്.

1960ലെ കേരള ഗെയിമിങ് നിയമത്തില്‍ ഓണ്‍ലൈന്‍ ഗാംബ്ലിങ്, ഓണ്‍ലൈന്‍ ബെറ്റിങ് എന്നിവ കൂടി ഉള്‍പ്പെടുത്തുന്നതില്‍ ഉചിതമായ തീരുമാനമെടുക്കണമെന്ന് കേരള ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു.

- Advertisement -
Ad image

ഓണ്‍ലൈന്‍ റമ്മിയും സമാനമായ ചൂതാട്ട പ്രവര്‍ത്തനങ്ങളും പ്രോത്സാഹിപ്പിക്കുന്ന വെബ് പോര്‍ട്ടലുകള്‍ക്കെതിരെ ചലച്ചിത്ര സംവിധായകന്‍ പോളി വടക്കന്‍ നല്‍കിയ ഹര്‍ജിയാണ് അന്ന് പരിഗണിച്ചത്. കേസില്‍ വിവിധ ഓണ്‍ലൈന്‍ റമ്മി പോര്‍ട്ടലുകളുടെ ബ്രാന്റ് അംബാസഡര്‍മാരായ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കോഹ്ലി, അഭിനേതാക്കളായ തമന്ന ഭാട്ടിയ, അജു വര്‍ഗീസ് എന്നിവര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു.

കേരളത്തിലെ നിലവിലുള്ള നിയമം അനുസരിച്ച് പരസ്യമായി പണം വെച്ച് ചീട്ടുകളിക്കുന്നത് കണ്ടാല്‍ പോലീസിന് നിയമനടപടി സ്വീകരിക്കാമെങ്കിലും ഓണ്‍ലൈന്‍ റമ്മിയുടെ കാര്യത്തില്‍ അത് സാധിക്കില്ല. ഈ പഴുത് മുതലെടുത്താണ് വലിയ പ്രചാരണത്തോടെ ഓണ്‍ലൈന്‍ റമ്മി ആപ്പുകള്‍ സജീവമായത്. ഇതിന് പിന്നാലെയാണ് ഓണ്‍ലൈന്‍ റമ്മി നിയമവിരുദ്ധമാക്കി സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയത്.

എന്നാല്‍ ഇതു ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയ കമ്പനികള്‍ കോടതിയെ സമീപിച്ചതോടെ കോടതി അനുകൂല വിധി നല്കുകയായിരുന്നു. കഴിവ് ഉപയോഗിച്ചുള്ള ഗെയിമാണ് റമ്മിയെന്നാണ് കമ്പനികള്‍ വാദിച്ചത്.

Share This Article
Leave a Comment
error: Content is protected !!