
ദോഹ: ഖത്തര്‍ ചാരിറ്റിയുടെ ഘാനയിലേയും ഐവറികോസ്റ്റിലേയും ഓഫീസുകള്‍ ചേര്‍ന്ന് റമദാന്‍ കാമ്പെയ്ന്‍ ഗുഡ് സ്റ്റാര്‍ട്‌സ് വിത്ത് യുവിന്റെ ഭാഗമായി ‘ഇഫ്താര്‍ ഫോര്‍ ദ ഫാസ്റ്റിംഗ്’ പദ്ധതി ആരംഭിച്ചു. ഇതിന്റെ ഭാഗമായി ഇരു രാജ്യങ്ങളിലുമായി സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങള്‍ക്കും സ്‌പോണ്‍സര്‍ ചെയ്യുന്ന വ്യക്തികള്‍ക്കും അതീവ ദുര്‍ബല വിഭാഗങ്ങള്‍ക്കുമായി ഒരു ലക്ഷം ചൂട് ഇഫ്താര്‍ ഭക്ഷണപ്പൊതികളാണ് വിതരണം ചെയ്യുന്നത്.

ഘാനയിലെ ഫീല്‍ഡ് ടീമുകള്‍ തലസ്ഥാനമായ അക്രയുള്‍പ്പെടെ രാജ്യത്തിലെ പ്രധാന നഗരങ്ങളായ കുമാസി, തമാലെ, വടക്കന്‍ ഘാനയിലെ വ എന്നിവിടങ്ങളിലെ വിവിധ കേന്ദ്രങ്ങളിലൂടെ റമദാന്‍ ചൂട് ഭക്ഷണ വിതരണം ആരംഭിച്ചതായി പ്രസ്താവനയില്‍ അറിയിച്ചു.

‘ഇഫ്താര്‍ ഫോര്‍ ദ ഫാസ്റ്റിംഗ്’ പദ്ധതിയുടെ ഗുണഭോക്താക്കളുടെ എണ്ണം ഒരു ലക്ഷത്തിലധികമാണെന്നും അബിഡ്ജാന്‍ നഗരത്തിലെ ഒരു കമ്മ്യൂണിറ്റി സെന്ററില്‍ പ്രാദേശിക നിവാസികള്‍ക്കായി സ്ഥിരമായി കൂട്ടായ ഇഫ്താര്‍ സംഘടിപ്പിക്കുന്നതായും ഘാനയും ഐവറികോസ്റ്റും ഉള്‍പ്പെടുന്ന മേഖലകളിലെ ഖത്തര്‍ ചാരിറ്റി ഡയറക്ടര്‍ ഹസ്സന്‍ ഔദ വ്യക്തമാക്കി. വിശ്വാസം, സഹോദരത്വം, സാമൂഹിക ഐക്യം എന്നിവ ശക്തിപ്പെടുത്തുന്നതാണ് ഇതിന്റെ ലക്ഷ്യം. അനാഥകുടുംബങ്ങള്‍, ഭിന്നശേഷിക്കാര്‍, മറ്റ് ദുര്‍ബല വിഭാഗങ്ങള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കുന്നു.
കൂടാതെ, വടക്കന്‍ ഐവറികോസ്റ്റിലെ യൂജിന്‍ നഗരത്തിലും കൂട്ടായ ഇഫ്താര്‍ സംഘടിപ്പിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം സംഘടന നിര്‍മിച്ച പള്ളികളില്‍ ഖത്തര്‍ ചാരിറ്റി ടീമുകള്‍ ദിവസേന ഇഫ്താര്‍ ഭക്ഷണം വിതരണം ചെയ്യുകയും ബോര്‍ഡിംഗ് സ്‌കൂളുകളിലും ഖുര്‍ആന്‍ മന:പ്പാഠ കേന്ദ്രങ്ങളിലുമുള്ള മുസ്ലിംകള്‍ക്കായി ദിവസേന കൂട്ടായ ഇഫ്താര്‍ സംഘടിപ്പിക്കുകയും ചെയ്യുന്നു. ഈ വര്‍ഷം ഘാനയിലെ നാല് പ്രധാന നഗരങ്ങളില്‍ പദ്ധതി നടപ്പാക്കും. രാജ്യത്തുടനീളം കുറഞ്ഞ വരുമാനമുള്ള കുടുംബങ്ങളിലെ നോമ്പുകാര്‍ക്ക് ഗുണം ലഭിക്കുന്ന തരത്തിലാണ് പദ്ധതി മതകാര്യ വകുപ്പിന്റെ സഹകരണത്തോടെ നടപ്പാക്കുന്നത്.

