

ന്യൂഡല്‍ഹി: ഹിന്ദു ക്ഷേത്രത്തിന്റെ ഭൂമി കയ്യേറി നശിപ്പിക്കുന്ന കയ്യേറ്റ മാഫിയക്കെതിരെ പരാതിയുമായി മുസ്‌ലിംകള്‍ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു. ജാമിയ നഗറിലെ നൂര്‍ നഗറില്‍ സ്ഥിതി ചെയ്യുന്ന ക്ഷേത്രം തകര്‍ത്ത് വര്‍ഗീയ കലാപം സൃഷ്ടിക്കാന്‍ ശ്രമം നടത്തുന്നുവെന്നും പ്രദേശവാസികള്‍ ആരോപിക്കുന്നു.ക്ഷേത്രം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് നൂര്‍ നഗറിലെ മുസ്ലിംകള്‍ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്.

1970കളില്‍ നിര്‍മിച്ച ക്ഷേത്രത്തില്‍ പൂജകളും കീര്‍ത്തനങ്ങളും തടസ്സമില്ലാതെ നടക്കുന്നുണ്ട്. എട്ടോ പത്തോ വിഗ്രഹങ്ങളുമുണ്ട്. എന്നാല്‍ കയ്യേറ്റ മാഫിയ നിയമവിരുദ്ധമായ മാര്‍ഗ്ഗങ്ങളുപയോഗിച്ച് ക്ഷേത്രം തകര്‍ക്കാനും ഭൂമി കയ്യേറാനും ശ്രമിക്കുകയാണ്.

ക്ഷേത്രത്തിന്റെ ധര്‍മ്മശാല ധൃതിപിടിച്ച് തകര്‍ത്തതായും പ്രദേശം നിരപ്പാക്കി കയ്യേറാന്‍ ശ്രമിക്കുന്നതായും ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നു. 184 ജോഹര്‍ ഫാമിനോട് ചേര്‍ന്ന് കിടക്കുന്ന സ്ഥലത്ത് ഫ്ളാറ്റുകള്‍ നിര്‍മ്മിച്ചുവില്‍ക്കാന്‍ സ്ഥലമൊഴിപ്പിക്കാനാണ് വര്‍ഗ്ഗീയ കലാപമുണ്ടാക്കാന്‍ കയ്യേറ്റ മാഫിയ ശ്രമിക്കുന്നതെന്നും പരാതിയില്‍ ആരോപിക്കുണ്ട്.
പരാതിയില്‍ പറയുന്നത് പ്രകാരം പ്രദേശത്ത് നിയമവിരുദ്ധമായി ഭൂമി കയ്യേറിയിട്ടുണ്ടെങ്കില്‍ എത്രയും വേഗം നടപടി സ്വീകരിക്കണമെന്നും ക്ഷേത്രം സംരക്ഷിക്കണമെന്നും ജസ്റ്റിസ് സജ്ജീവ് സച്ച്‌ദേവ് ഉത്തരവിട്ടു. പ്രദേശത്ത് ക്രമസമാധന നില ഉറപ്പുവരുത്താന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

