
ന്യൂഡല്‍ഹി: രാജ്യത്തെ പരമോന്നത പത്മപുരസ്കാരങ്ങളുടെ രണ്ടാംഘട്ട വിതരണ ചടങ്ങില്‍ നടന് മമ്മൂട്ടി ഉള്‍പ്പെടെ മലയാളികള്‍ രാഷ്ട്രപിത ദ്രൗപതി മുര്‍മുവില്‍ നിന്നും ഏറ്റുവാങ്ങി. അഞ്ച് മലയാളികള്‍ക്കാണ് രണ്ടാം ഘട്ടത്തില്‍ പുരസ്ക്കാരങ്ങള്‍ സമ്മാനിച്ചത്.

ആര് എസ് എസ് സൈദ്ധാന്തികന്‍ പി നാരായണന്, പ്രമുഖ നിയമജ്ഞന് ജസ്റ്റിസ് കെ ടി തോമസ് എന്നിവര്‍ പത്മവിഭൂഷണും മമ്മൂട്ടി, എസ് എന്‍ ഡി പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് എന്നിവര്‍ പത്മഭൂഷണും നൃത്താധ്യാപികയും നര്‍ത്തകിയുമായ കലാമണ്ഡലം വിമല മേനോന് പത്മശ്രീ പുരസ്കാരവും ഏറ്റുവാങ്ങി.

പത്മ പുരസ്ക്കാരം സ്വീകരിക്കാന്‍ കഴിഞ്ഞ ദിവസമാണ് മമ്മൂട്ടി കുടുംബ സമേതം ഡല്‍ഹിയിലെത്തിയത്. മമ്മൂട്ടി പുരസ്ക്കാരം സ്വീകരിക്കുമ്പോള്‍ മകനും ചലച്ചിത്ര താരവുമായി ദുല്‍ഖര്‍ സല്മാന് സദസ്സില്‍ കയ്യടിക്കുന്നുണ്ടായിരുന്നു. മമ്മൂട്ടിയുടെ ഭാര്യ സുല്‍ഫത്ത്, മകള്‍ സുറുമി, മമ്മൂട്ടിയുടെ പേഴ്സണല്‍ അസിസ്റ്റന്റ് എസ് ജോര്‍ജ്ജ്, നിര്‍മാതാവ് ആന്റോ ജോസഫ് എന്നിവരും സദസ്സിലുണ്ടായിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോഡി, ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരെ കൈകൂപ്പി അഭിവാദ്യം ചെയ്താണ് മമ്മൂട്ടി പുരസ്ക്കാരം സ്വീകരിക്കാന്‍ രാഷ്ട്രപതിക്കു സമീപത്തേക്കെത്തിയത്.
1998ല്‍ പദ്മശ്രീ ലഭിച്ച മമ്മൂട്ടി മികച്ച നടനുള്ള ഏഴ് പുരസ്ക്കാരങ്ങള്‍ ഉള്‍പ്പെടെ 10 സംസ്ഥാന അവാര്‍ഡുകളും മികച്ച നടനുള്ള ദേശീയ അവാര്‍ഡ് മൂന്ന് തവണയും സ്വന്തമാക്കിയിരുന്നു.

