

ദോഹ: ബ്രിട്ടീഷ് എയര്‍വെയ്‌സും ഖത്തര്‍ എയര്‍വെയ്‌സും തമ്മിലുള്ള ധാരണ പ്രകാരം ഈ ശൈത്യ സീസണില്‍ ബ്രിട്ടീഷ് എയര്‍വെയ്‌സിന്റെ ബോയിംഗ് 777ന്റെ 40 പൈലറ്റുമാര്‍ ഖത്തര്‍ എയര്‍വെയ്‌സ് ബോയിംഗ് 777 പറത്തും. വണ്‍ മൈല്‍ അറ്റ് എ ടൈമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ഈ ശൈത്യകാലത്ത് മറ്റൊരു അവസരം ഉപയോഗിക്കാന്‍ താത്പര്യമുണ്ടോ എ്ന്ന ചോദ്യവുമായി ബ്രിട്ടീഷ് എയര്‍വെയ്‌സ് പൈലറ്റുമാര്‍ക്ക് മെമ്മോ നല്കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ബ്രിട്ടീഷ് എയര്‍വെയ്‌സില്‍ അധിക പൈലറ്റുമാരുണ്ടെന്നും ഖത്തര്‍ എയര്‍വെയ്‌സിന് ആവശ്യത്തിന് പൈലറ്റുമാരില്ലാത്തതുമാണ് 2021- 22 സീസണില്‍ താത്ക്കാലിക കൈമാറ്റത്തിനുള്ള കാരണം.
നാല്‍പ്പത് പൈലറ്റുമാരെയാണ് ഇത്തരത്തില്‍ നിയോഗിക്കുന്നത്.

ക്യാപ്റ്റന്‍മാരേയും ഫസ്റ്റ് ഓഫിസര്‍മാരേയും ആറു മാസത്തേക്കാണ് കൈമാറുകയെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. അതില്‍ കൂടുതല്‍ വിപുലീകരണം പിന്നീട് കരാറിനെ അടിസ്ഥാനമാക്കിയായിരിക്കും. ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ പൈലറ്റുമാരുടെ പരിശീലനം ആരംഭിക്കുകയും തുടര്‍ന്ന് ഖത്തര്‍ എയര്‍വെയ്‌സ് ബോയിംഗ് 777 വിമാനങ്ങള്‍ ബ്രിട്ടീഷ് എയര്‍വെയ്‌സ് പൈലറ്റുമാര്‍ പറത്തുകയും ചെയ്യും.
ബ്രിട്ടീഷ് എയര്‍വെയ്‌സിന്റെ മാതൃകമ്പനിയായ ഐ എ ജിയില്‍ ഖത്തര്‍ എയര്‍വെയ്‌സിന് 25 ശതമാനം ഓഹരികളുണ്ട്.
ഇതാദ്യമല്ല രണ്ട് എയര്‍ലൈനുകളും ഒരുമിച്ച് പ്രവര്‍ത്തിക്കുന്നത്. 2017ല്‍ ബ്രിട്ടീഷ് എയര്‍വെയ്‌സില്‍ തൊഴില്‍ പ്രശ്‌നങ്ങളുണ്ടായപ്പോള്‍ ഖത്തര്‍ എയര്‍വെയ്‌സിന്റെ എട്ട് എയര്‍ബസ് എ 320 വിമാനങ്ങള്‍ ബ്രിട്ടീഷ് എയര്‍വെയ്‌സിന് പാട്ടത്തിന് നല്കിയിരുന്നു.

