ഏഷ്യന്‍ യുവജന ഗെയിംസില്‍ മികച്ച പങ്കാളിത്തവുമായി ഖത്തര്‍

Web Desk
1 Min Read

മനാമ: ഖത്തര്‍ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റ് ശൈഖ് ജോവാന്‍ ബിന്‍ ഹമദ് അല്‍ താനി ബഹ്റൈനില്‍ ഒക്ടോബര്‍ 31 വരെ നടക്കുന്ന മൂന്നാം ഏഷ്യന്‍ യുവജന ഗെയിംസിന്റെ ഉദ്ഘാടനം ചടങ്ങില്‍ പങ്കെടുത്തു.

city exchange

എക്‌സിബിഷന്‍ വേള്‍ഡ് ബഹ്‌റൈനില്‍ നടന്ന ചടങ്ങില്‍ ബഹ്റൈന്‍ രാജാവിന്റെ മനുഷ്യാവകാശ- യുവജനകാര്യ പ്രതിനിധിയും യുവജന- കായിക കാര്യങ്ങളിലേക്കുള്ള ഉന്നത കൗണ്‍സില്‍ അധ്യക്ഷനുമായ ശൈഖ് നാസര്‍ ബിന്‍ ഹമദ് അല്‍ ഖലീഫ ഗെയിംസ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ഏഷ്യന്‍ രാജ്യങ്ങളുടെ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റുമാരും ഉന്നത കായിക അധികാരികളും ചടങ്ങില്‍ പങ്കെടുത്തു.

ചടങ്ങില്‍ ഖത്തര്‍ ഒളിമ്പിക് കമ്മിറ്റി ഉപാധ്യക്ഷന്‍ ഡോ. താനി ബിന്‍ അബ്ദുറഹ്മാന്‍ അല്‍ കുവാരി, സെക്രട്ടറി ജനറല്‍ ജാസിം ബിന്‍ റാഷിദ് അല്‍ ബുവൈനീന്‍ എന്നിവരും പങ്കെടുത്തു.

ബഹ്റൈനിന്റെ സമ്പന്ന പാരമ്പര്യവും ആധുനികതയും സംയോജിപ്പിച്ച വിവിധ കലാ- സാംസ്‌കാരിക അവതരണങ്ങളാണ് ഉദ്ഘാടനച്ചടങ്ങില്‍ അവതരിപ്പിച്ചത്. ചടങ്ങില്‍ മത്സരരാജ്യങ്ങളുടെ പരേഡ്, സംഘാടന സമിതിയുടെയും ഏഷ്യന്‍ ഒളിമ്പിക് കൗണ്‍സിലിന്റെയും ഔദ്യോഗിക പ്രസംഗങ്ങള്‍, ഗെയിംസിന്റെ പതാക ഉയര്‍ത്തല്‍ എന്നിവയും ഉള്‍പ്പെടുത്തിയിരുന്നു.

- Advertisement -
Ad image

26 കായിക ഇനങ്ങളിലാണ് മൂന്നാം ഏഷ്യന്‍ യുവജന ഗെയിംസില്‍ മത്സരങ്ങള്‍ നടക്കുന്നത്. 45 ഏഷ്യന്‍ രാജ്യങ്ങളില്‍നിന്ന് അയ്യായിരത്തിലധികം താരങ്ങളാണ് പങ്കെടുക്കുന്നത്.

ഖത്തര്‍ 16 കായിക ഇനങ്ങളില്‍ മത്സരിക്കുന്ന 67 താരങ്ങളെയാണ് ഈ ഗെയിംസിലേക്ക് അയച്ചിരിക്കുന്നത്. അത്‌ലറ്റിക്‌സ്, ബാഡ്മിന്റണ്‍, 3×3 ബാസ്‌കറ്റ്‌ബോള്‍, കുതിരച്ചാട്ടം (ഷോ ജമ്പിങ്), ഗോള്‍ഫ്, ജൂഡോ, ജ്യൂ-ജിറ്റ്‌സു, സൈക്ലിങ്, നീന്തല്‍, ടേബിള്‍ ടെന്നിസ്, തായ്ക്വാണ്ടോ, ട്രയാത്ലോണ്‍, റെസ്ലിങ്, വോളിബോള്‍, ബീച്ച് വോളിബോള്‍, ബോക്‌സിംഗ് തുടങ്ങിയവയിലാണ് ഖത്തര്‍ മത്സരിക്കുന്നത്. വനിതാ താരങ്ങള്‍ അത്‌ലറ്റിക്‌സ്, ബാഡ്മിന്റണ്‍, വോളിബോള്‍, ബീച്ച് വോളിബോള്‍ എന്നീ നാല് ഇനങ്ങളില്‍ പങ്കെടുക്കുന്നുണ്ട്.

Share This Article
Leave a Comment
error: Content is protected !!