
പെട്രോളും ഡീസലും പാചക വാതകവും വില ഉയരുന്നു

കൊച്ചി: ഇന്ധനവിലയില്‍ വീണ്ടും വര്‍ധന. ഡീസലിന് 36 പൈസയും പെട്രോളിന് 30 പൈസയുമാണ് വര്‍ധിച്ചത്. ഇതോടെ കൊച്ചിയില്‍ പെട്രോളിന് 103.67 രൂപയും ഡീസലിന് 97.02 രൂപയുമായി. തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 10.48 രൂപയും ഡീസല്‍ 98.71 രൂപയുമാണ്. കോഴിക്കോട് പെട്രോളിന് 103.87 രൂപയും ഡീസലിന് 97.04 രൂപയുമാണ് വില. ഗാര്‍ഹിക ഉപയോഗത്തിനുള്ള പാചക വാതകത്തിന് 15 രൂപയും വര്‍ധിച്ചിട്ടുണ്ട്. ഇതോടെ പാചകവാതക വില 900 മുകളില്‍ കടന്നു.

രണ്ടാഴ്ചക്കിടെ പെട്രോളിന് 2.07 രൂപയും ഡീസലിന് 3.06 രൂപയുമാണ് വര്‍ധിച്ചത്. രാജ്യാന്തര വിപണിയില്‍ അസംസ്കൃത എണ്ണ വിലയിലും വര്‍ധന തുടരുകയാണ്. ബ്രെന്റ് ക്രൂഡ് ബാരലിന് 82.50 ഡോളറായി.

ഇന്ധനവില അനിയന്ത്രിതമായ വര്‍ധനവ് സംസ്ഥാനത്ത് പച്ചക്കറി വിലയിലും പ്രതിഫലിച്ചു. സവാള, ക്യാരറ്റ്, തക്കാളി, മുരിങ്ങയ്ക്ക എന്നിവയ്ക്ക് ഇരട്ടിയോളമാണ് വില വര്‍ധിച്ചത്. ഇന്ധന, പാചക വാതക വില വര്‍ധനവിനു പിന്നാലെ നിത്യോപയോഗ സാധനങ്ങള്‍ക്കും വില വര്‍ധിക്കുന്നത് കുടുംബ ബജറ്റുകളുടെ താളം തെറ്റിക്കും.
കോഴിക്കോട് പാളയം മാര്‍ക്കറ്റില്‍ കിലോയ്ക്ക് 30 രൂപ വിലയുള്ള സവാള ചില്ലറ വില്‍പ്പനയ്ക്കായെത്തുമ്പോള്‍ വില 50 രൂപ. കൊച്ചി മാര്‍ക്കറ്റില്‍ കഴിഞ്ഞ മാസം ഒരു കിലോ സവാളയുടെ വില 25 രൂപയായിരുന്നു. ഇന്നത്തെ വില 50. തക്കാളിയുടെ വിലയും 30ല്‍ നിന്ന് 60ലേക്ക് കുതിച്ചു. ക്യാരറ്റിനും (60) മുരിങ്ങക്കയ്ക്കും(80) വില ഇരട്ടിയായി.
രണ്ടാഴ്ച കൊണ്ടാണ് പച്ചക്കറികളുടെ വില കുത്തനെ ഉയര്‍ന്നത്. കഴിഞ്ഞ രണ്ടുവര്‍ഷവും വര്‍ഷാവസാനം ഉള്ളിവില 100 കടന്നിരുന്നു. ഇതരസംസ്ഥാനങ്ങളില്‍ നിന്നുള്ള വരവ് കുറഞ്ഞതും പ്രതികൂല കാലാവസ്ഥയും വില കൂടാന്‍ കാരണമായി.

