

ക്വറ്റ: തെക്കുപടിഞ്ഞാറന്‍ പാക്കിസ്ഥാനില്‍ ബലൂചിസ്ഥാനിലെ ക്വറ്റ മേഖലയിലെ ഭൂചലനത്തില്‍ 20 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. നൂറിലേറെ പേര്‍ക്ക് പരിക്കേറ്റു. റിക്ടര്‍ സ്‌കെയിലില്‍ 5.9 രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടതെന്നാണ് ജര്‍മന്‍ റിസര്‍ച്ച് സെന്റര്‍ ഫോര്‍ ജിയോസയന്‍സസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഫ്രാന്‍സിലെ റൂസോ നാഷണല്‍ ഡി സര്‍വൈലന്‍സ് സിസ്മിക് 5.5 തീവ്രതയും യൂറോപ്യന്‍- മെഡിറ്ററേനിയന്‍ സീസ്‌മോളജിക്കല്‍ സെന്റര്‍ 5.8 തീവ്രതയുമാണ് ഇതേ ഭൂകമ്പത്തിന് രേഖപ്പെടുത്തിയിരിക്കുന്നത്.

പ്രാദേശിക സമയം പുലര്‍ച്ചെ 3.01നാണ് ഭൂചലനം അനുഭവപ്പെട്ടത്. ക്വറ്റയില്‍ നിന്നും നൂറു കിലോമീറ്റര്‍ അകലെ ഹര്‍നായി ജില്ലയിലാണ് ഭൂകമ്പം അനുഭവപ്പെട്ടത്.

ഭൂകമ്പത്തെ തുടര്‍ന്ന് റോഡുകള്‍ തകരുകയും മണ്ണിടിച്ചല്‍ അനുഭവപ്പെടുകയും ചെയ്തതിനാല്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് പ്രയാസം അനുഭവപ്പെടുന്നതായി പ്രവിശ്യാ മന്ത്രി സിയ ലാംഗോവിനെ ഉദ്ധരിച്ച് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.

മണ്ണും കല്ലുംകൊണ്ട് നിര്‍മിച്ചതാണ് ഭൂരിപക്ഷം വീടുകളുമെന്നതിനാല്‍ അവ തകര്‍ന്നുള്ള നാശനഷ്ടങ്ങളും സംഭവിച്ചിട്ടുണ്ട്. മേല്‍ക്കൂരകള്‍ തകര്‍ന്നാണ് പലരും മരിക്കുകയും പരിക്കേല്‍ക്കുകയും ചെയ്തതെന്ന് പ്രവിശ്യാ സര്‍ക്കാര്‍ വക്താവിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എ എഫ് പി റിപ്പോര്‍ട്ട് ചെയ്തു.
പരിക്കേറ്റവരില്‍ പലരുടേയും നില ഗുരുതരമായതിനാല്‍ മരണ സംഖ്യ ഉയര്‍ന്നേക്കുമെന്ന ആശങ്കയുണ്ട്. ബലൂചിസ്ഥാന്‍ പ്രവിശ്യയുടെ തലസ്ഥാനമായ ക്വറ്റയിലായിരുന്നു ഭൂകമ്പം. മരിച്ചവരില്‍ ഒരു സ്ത്രീയും ആറ് കുട്ടികളും ഉള്‍പ്പെടുന്നു. നൂറിലധികം വീടുകള്‍ തകര്‍ന്നു. 12 കിലോമീറ്റര്‍ ചുറ്റളവിലാണ് ഭൂകമ്പത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടത്.
പത്തു കിലോമീറ്റര്‍ ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രമെന്നാണ് പ്രാഥമിക വിവരം. ആഴം കുറഞ്ഞ ഭൂകമ്പങ്ങള്‍ ഉപരിതലത്തോട് കൂടുതല്‍ അടുക്കുന്നതിനാല്‍ ആഴത്തിലുള്ളതിനേക്കാള്‍ ശക്തമായി അനുഭവപ്പെടും. ഭൂകമ്പ ശാസ്ത്രജ്ഞര്‍ വിവരങ്ങള്‍ അവലോകനം ചെയ്യുന്നതിനാല്‍ ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
സമുദ്രനിരപ്പില്‍ നിന്നും ഏറ്റവും ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന പാക്കിസ്ഥാനിലെ ഏക വന്‍ നഗരമാണ് ക്വറ്റ. പാക്കിസ്ഥാന്റെ പഴത്തോട്ടം എന്നറിയപ്പെടുന്ന നഗരം കൂടിയാണിത്.

