

മുംബൈ: പതിനെട്ട് ദിവസത്തിനിടെ എട്ട് സാങ്കേതിക തകരാറുകള്‍ റിപ്പോര്‍ട്ട് ചെയ്ത സ്‌പൈസ് ജെറ്റിനെതിരെ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ നടപടി. സാങ്കേതിക തകരാറുകള്‍ തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് നിലവിലുള്ളതിന്റെ 50 ശതമാനം വിമാന സര്‍വീസുകള്‍ മാത്രമേ വേനല്‍ക്കാല ഷെഡ്യൂളില്‍ പാടുള്ളൂവെന്നാണ് നിര്‍ദ്ദേശം. അടുത്ത എട്ട് ആഴ്ച്ചത്തേക്ക് സര്‍വ്വീസുകള്‍ കുറയ്ക്കാനാണ് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ നിര്‍ദ്ദേശം വന്നത്.

സര്‍വീസുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്ന ഈ കാലയളവില്‍ കര്‍ശന നിരീക്ഷണം ഉണ്ടാകുമെന്ന് ഡി ജി സി എ അറിയിച്ചു. ഡി ജി സി എ നേരത്തെ തന്നെ സ്പൈസ് ജെറ്റിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നുവെങ്കിലും കൃത്യമായ മറുപടി നല്‍കാന്‍ സ്പൈസ് ജെറ്റിന് സാധിച്ചിരുന്നില്ല. തുടര്‍ന്നാണ് നടപടിയുണ്ടായത്.

എഞ്ചിനില്‍ തീപ്പിടിത്തം, കാബിനില്‍ പുക, വിന്‍ഡ് ഷീല്‍ഡില്‍ വിള്ളല്‍ എന്നിങ്ങനെ ജൂണ്‍ 19ന് ശേഷം 18 ദിവസത്തിനിടെ എട്ടോളം സംഭവങ്ങളാണ് സ്പൈസ് ജെറ്റ് വിമാനങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

