കേരളത്തെ ലക്ഷ്യങ്ങളിലേക്ക് നയിച്ചത് നവോഥാനത്തിന്റെ തുടര്‍ച്ച: പിണറായി

Web Desk
2 Min Read

ദോഹ: നവോഥാനത്തിന് ശരിയായ തുടര്‍ച്ചയുണ്ടായതാണ് കേരളത്തെ ലക്ഷ്യങ്ങളിലേക്ക് നയിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ലോക കേരള സഭയുടേയും മലയാളം മിഷന്‍ സംസ്‌കൃതി ഖത്തര്‍ ചാപ്റ്ററിന്റേയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച മലയാളോത്സവം 2025ല്‍ ഐഡിയല്‍ ഇന്ത്യന്‍ ഇന്ത്യന്‍ സ്‌കൂളിലെ വേദിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

city exchange

മലയാളികളുടെ മനസ്സില്‍ കേരളത്തെ കുറിച്ചുള്ള വികാരം രൂഡമൂലമാണെന്നും അതാണ് ഇവിടെ പ്രകടമാകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. നമ്മുടെ നാട് ദുരിതപര്‍വ്വം താണ്ടി ഇന്ന് നല്ല നില കൈവരിച്ചത് സ്വാഭാവികമായി വന്നതല്ല. വിദ്യ നിഷേധിക്കപ്പെട്ടവരും വഴി നടക്കാന്‍ സ്വാതന്ത്ര്യമില്ലാത്തവരും മുï് മുട്ടിനു താഴെ ഉടുക്കാനും മാറു മറക്കാനും അവകാശമില്ലാത്തവരുമായ കാലത്തു നിന്നുമാണ് കേരളം പുരോഗതി കൈവരിച്ചത്.

കേരളം ഇപ്പോള്‍ നേടിയിട്ടുള്ള വികസനത്തിന്റെ അടിത്തറ ഇ എം എസിന്റെ ആദ്യമന്ത്രിസഭയാണ്. കേരളം പിന്നീട് നേടിയ ലക്ഷ്യങ്ങളും വികസനങ്ങളും ഉള്‍പ്പെടുത്തിയാണ് കേരള മോഡല്‍ എന്നു വിളിക്കുന്നത്. കേരള മോഡലിന്റെ ഏറ്റവും പ്രധാനപ്പെട്ട രണ്ട് ഘടകങ്ങള്‍ ഭൂപരിഷ്‌ക്കരണവും പ്രവാസികളുമായിരുന്നു.

ആദ്യ കാലങ്ങളില്‍ തോട്ടപ്പണിക്കും നിര്‍മാണ മേഖലയിലേക്കുമാണ് മലയാളികള്‍ പ്രവാസം സ്വീകരിച്ചതെങ്കിലും വിദ്യാഭ്യാസത്തിന് വലിയ പ്രാധാന്യം കൈവരികയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വര്‍ധിക്കുകയും ചെയ്തതോടെ വലിയ അവസരങ്ങളാണ് തുറന്നത്.

- Advertisement -
Ad image

ലോകത്തിന്റെ പല ഭാഗങ്ങളിലുള്ള ആധുനിക സാങ്കേതിക വിദ്യ കൈകാര്യം ചെയ്യുന്നതിലും മലയാളികളുണ്ട്. അവരെ കുറിച്ച് ഓരോ രാജ്യവും വലിയ മതിപ്പോടെയാണ് സംസാരിക്കുന്നത്.

പ്രവാസികള്‍ക്കായാണ് ലോക കേരള സഭ ആരംഭിച്ചത്. പല തലങ്ങളില്‍ ഇടപെടാന്‍ പ്രവാസികള്‍ക്ക് വഴിയൊരുക്കുകയും അഭിമാനിക്കാനുള്ള വക നല്‍കുന്നതുമാണ് ലോകകേരള സഭ. 35 രാജ്യങ്ങളില്‍ നിന്നും പ്രതിനിധികള്‍ പങ്കെടുത്ത ആദ്യത്തെ സഭയില്‍ നിന്നും നാലാമത്തേതിലെത്തിയപ്പോള്‍ 103 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളായി വളര്‍ന്നു. പ്രവാസികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ നല്ല രീതിയില്‍ പരിഹരിക്കാനാണ് ലക്ഷ്യമിടുന്നത്.

ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിക്കും ഖത്തര്‍ ജനതയ്ക്കും നന്ദി പറഞ്ഞു കൊണ്ടാണ് മുഖ്യമന്ത്രി പ്രസംഗം ആരംഭിച്ചത്.

സി വി റപ്പായി അധ്യക്ഷത വഹിച്ചു. ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ വിപുല്‍, മന്ത്രി സജി ചെറിയാന്‍, എം എ യൂസഫലി, കെ ജയതിലകന്‍, ജെ കെ മേനോന്‍, ഇ എ സുധീര്‍, പൊതുജനാരോഗ്യ മന്ത്രാലയത്തിലെ പൊതുജനാരോഗ്യ വിഭാഗം ഡയറക്ടര്‍ ശൈഖ് മുഹമ്മദ് ബിന്‍ അഹമ്മദ് അല്‍താനി, ആഭ്യന്തര മന്ത്രാലയം കമ്യൂണിറ്റി പൊലീസ് വിഭാഗം അവയര്‍നെസ് ആന്റ് എജുക്കേഷന്‍ ഹെഡ് ലഫ്റ്റനന്റ് കേണല്‍ തലാല്‍ മെനസ്സര്‍ അല്‍ മദൗരി, ആഭ്യന്തര മന്ത്രാലയം കമ്യൂണിറ്റി പൊലീസിംഗ് വിഭാഗം പാര്‍ട്ണര്‍ഷിപ്പ് ആന്റ് ഇനീഷ്യേറ്റീവ്‌സ് സെക്ഷന്‍ ഫസ്റ്റ് ലഫ്റ്റനന്റ് അബ്ദുല്‍ അസീസ് അല്‍ മുഹന്നദി, എ പി മണികണ്ഠന്‍, താഹ, ഇ പി അബ്ദുറഹ്മാന്‍, മുഹമ്മദ് അല്‍താഫ്, ഷാനവാസ് ബാവ, ഡോ. മോഹന്‍ തോമസ്, ഷമീര്‍ അരിക്കുളം, അസീസ് സഖാഫി പാലൊളി, ഹസ്സന്‍ കുഞ്ഞി, എ കെ ഉസ്മാന്‍, സുനില്‍ കുമാര്‍, ഷഹീന്‍ ഷാഫി എം പി, സാബിത്ത്, ദോഹ സെന്റ് പീറ്റേഴ്‌സ് ക്‌നാനായ സിറിയന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് വികാരി ഫാ. അജു കെ തോമസ്, സെന്റ് ജെയിംഗ് യാക്കോബൈറ്റ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് വികാരി ഫാ. ഫെവിന്‍ ജോണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share This Article
Leave a Comment
error: Content is protected !!