
ലഖ്നൗ: ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ബിജെപി നേതൃത്വത്തെ പ്രതിരോധത്തിലാക്കി വരുണ്‍ ഗാന്ധി എം.പി. പ്രതിഷേധക്കാരെ കൊല ചെയ്ത് നിശ്ശബ്ദമാക്കാനാകില്ല എന്ന് വരുണ്‍ ഗാന്ധി തുറന്നടിച്ചു.


പ്രതിഷേധക്കാര്‍ക്കിടയിലേക്ക് വാഹനമിടിച്ചു കയറ്റുന്നതിന്റെ വീഡിയോ പങ്കുവച്ചാണ് പിലിഭിത്ത് എംപിയുടെ പ്രതികരണം. ഇത് രണ്ടാം തവണയാണ് വരുണ്‍ ഗാന്ധി ഇതുമായി ബന്ധപ്പെട്ട വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നത്. ‘ഇത് സുവ്യക്തമാണ്. പ്രതിഷേധക്കാരെ കൊല ചെയ്ത് നിശ്ശബ്ദമാക്കാനാകില്ല. ക്രൂരതയും അഹന്തയും പ്രതിഫലിക്കുന്ന ഈ ദൃശ്യങ്ങള്‍ ഓരോ കര്‍ഷകന്റെയും മനസ്സിലേക്ക് വ്യാപിക്കുന്നതിന് മുമ്പ് നിരപരാധികളായ കര്‍ഷകരുടെ ചോര വീഴ്ത്തിയവര്‍ ഉത്തരവാദിത്തം ഏല്ക്കണം. അവര്‍ക്ക് നീതി ലഭ്യമാകണം.’- വരുണ്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.
