ലഖിംപുര്‍; അന്വേഷണ മേല്‍നോട്ടത്തിന് വിരമിച്ച ഹൈക്കോടതി ജഡ്ജിയെന്ന് സുപ്രിം കോടതി

Web Desk
1 Min Read

ന്യൂഡല്‍ഹി: ലഖിംപുര്‍ സംഭവത്തില്‍ അന്വേഷണ മേല്‍നോട്ടത്തിന് വിരമിച്ച ഹൈക്കോടതി ജഡ്ജിയെ നിയമിക്കുമെന്ന് സുപ്രിം കോടതി വ്യക്തമാക്കി. സര്‍ക്കാര്‍ സമര്‍പ്പിച്ച പുതിയ അന്വേഷണ റിപ്പോര്‍ട്ടില്‍ അതൃപ്തി രേഖപ്പെടുത്തിയ കോടതി റിപ്പോര്‍ട്ടില്‍ പുതിയതായി ഒന്നുമില്ലെന്നും കുറ്റപ്പെടുത്തി.

city exchange

കേസിന്റ അന്വേഷണത്തില്‍ യു പി പൊലീസ് പ്രതീക്ഷിച്ച രീതിയിലല്ല മുന്നോട്ടുപോകുന്നത്. ഇത്രയും ദിവസമായിട്ടും യു പി പൊലീസ് എന്താണ് ചെയ്യുന്നതെന്നും ചീഫ് ജസ്റ്റിസ് എന്‍ വി രമണ രൂക്ഷമായി വിമര്‍ശിച്ചു.

അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്നതിനുള്ള ജഡ്ജി ആരാണെന്ന് തങ്ങള്‍ തീരുമാനിക്കും. ജഡ്ജി ഉത്തര്‍പ്രദേശിന് പുറത്തുള്ള വ്യക്തിയായിരിക്കുമെന്നും കോടതി വ്യക്തമാക്കി. എന്നാല്‍ ഇത് സംബന്ധിച്ച നിലപാട് അറിയിക്കാന്‍ കൂടുതല്‍ സമയം വേണമെന്നാണ് ഉത്തര്‍പ്രദേശ് സര്‍ക്കാരിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വേ അറിയിച്ചത്.

- Advertisement -
Ad image

വെള്ളിയാഴ്ചയ്ക്കകം ഇക്കാര്യത്തില്‍ നിലപാട് അറിയിക്കാനാണ് സുപ്രിം കോടതി നിര്‍ദേശിച്ചിരിക്കുന്നത്. ലഖിംപുര്‍ സംഭവത്തെക്കുറിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സമര്‍പ്പിച്ച അന്വേഷണ പുരോഗതി റിപ്പോര്‍ട്ടിനെതിരെ നിശിതമായ വിമര്‍ശനങ്ങളും കോടതി ഉയര്‍ത്തി. പത്ത് ദിവസം നല്‍കിയിട്ടും പുതിയ റിപ്പോര്‍ട്ടില്‍ പുതിയതായി ഒന്നുമില്ലെന്ന് കോടതി കുറ്റപ്പെടുത്തി. കേസില്‍ ആകെ പതിനാറ് പ്രതികളാണുള്ളത്. ഇതില്‍ പതിമൂന്ന് പേരെ അറസ്റ്റ് ചെയ്തതായും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. എന്നാല്‍ കേസിലെ ഒരു പ്രതിയുടെ ഫോണ്‍ മാത്രമാണ് ഇതുവരെ കണ്ടെത്തിയത്. ബാക്കിയുള്ളവരുടേത് ഇതുവരെ കണ്ടെത്താത്തത് എന്താണെന്നും കോടതി ചോദിച്ചു.

പ്രതികള്‍ ഫോണ്‍ ഉപയോഗിച്ചിരുന്നില്ലെന്ന് അറിയിച്ചുവെന്നാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. സര്‍ക്കാര്‍ വിശദീകരണം കോടതിക്ക് തൃപ്തികരമല്ലായിരുന്നു. തുടര്‍ന്നാണ് അന്വേഷണത്തിന് മേല്‍നോട്ടം നല്‍കാന്‍ വിരമിച്ച ഹൈക്കോടതി ജഡ്ജിയെ നിയമിക്കുമെന്ന് കോടതി വ്യക്തമാക്കിയത്. വിശ്വാസയോഗ്യവും നിഷ്പക്ഷവുമായി അന്വേഷണത്തിന് ഇത് അനിവാര്യമാണെന്നും കോടതി വ്യക്തമാക്കി. വെള്ളിയാഴ്ച കേസ് വീണ്ടും പരിഗണിക്കും.

Share This Article
Leave a Comment
error: Content is protected !!