
ന്യൂഡല്‍ഹി: യു എ ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് ഔദ്യോഗിക സന്ദര്‍ശനത്തിനായി ന്യൂഡല്‍ഹിയിലെത്തി. വിമാനത്താവളത്തില്‍ അദ്ദേഹത്തെ പ്രധാനമന്ത്രി നരേന്ദ്ര മോഡി സ്വീകരിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ക്ഷണപ്രകാരമാണ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ സന്ദര്‍ശനം.

എക്സ് പ്ലാറ്റ്ഫോമില്‍ പങ്കുവെച്ച അറബിക് സന്ദേശത്തില്‍ ഇന്ത്യ- യു എ ഇ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിന് യു എ ഇ പ്രസിഡന്റ് നല്കുന്ന പ്രാധാന്യമാണ് ഈ സന്ദര്‍ശനം വ്യക്തമാക്കുന്നതെന്ന് മോഡി കുറിച്ചു.
ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് നരേന്ദ്ര മോഡിയുമായി ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തും. സമീപകാലത്ത് നടന്ന നിരവധി ഉന്നതതല ചര്‍ച്ചകളുടെ തുടര്‍ച്ചയായാണ് ഈ സന്ദര്‍ശനമെന്നും ഇതിലൂടെ ഇന്ത്യ- യു എ ഇ ഇടപെടലുകള്‍ക്ക് കൂടുതല്‍ ശക്തി കൈവരുമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

