
ദോഹ: മടപ്പള്ളി ഗവണ്‍മെന്റ് കോളജ് പൂര്‍വ്വ വിദ്യാര്‍ഥികളുടെ ഖത്തര്‍ കൂട്ടായ്മ ജിമാഖ് ഫെബ്രുവരി 13ന് വക്രയിലെ ഡി പി എസ് സ്‌കൂളില്‍ ലോഞ്ച് ചെയ്യും. മടപ്പള്ളി കോളജ് പൂര്‍വ വിദ്യാര്‍ഥിയും വ്യാപാര- വാണിജ്യ- സാംസ്‌കാരിക- സിനിമാ മേഖലയിലെ പ്രമുഖനുമായ ഡോ. ഗോകുലം ഗോപാലനെ ലോഞ്ചിംഗ് ചടങ്ങില്‍ ആദരിക്കും. അദ്ദേഹത്തിന്റെ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ് നല്‍കി ആദരിക്കുന്നത്.

വൈകിട്ട് അഞ്ച് മുതല്‍ ആരംഭിക്കുന്ന പരിപാടിയില്‍ ഖത്തറിലെ ഇന്ത്യന്‍ എംബസി ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ അതിഥികള്‍ പങ്കെടുക്കും.

വിജേഷ് ഗോപാല്‍, ചിത്ര അരുണ്‍, വിഷ്ണു വര്‍ദ്ധന്‍, കൃതിക, ഫാരിഷ ഹുസൈന്‍, സുധന്‍ കൈവേലി എന്നിവര്‍ അവതരിപ്പിക്കുന്ന ഗാനമേളയും കോമഡി ഷോയും പരിപാടിയില്‍ അരങ്ങേറും.
മടപ്പള്ളി കോളജില്‍ നിന്ന് ഗണിതശാസ്ത്രത്തില്‍ ബിരുദം നേടിയ ഗോകുലം ഗോപാലന്റെ ഗോകുലം ഗ്രൂപ്പിന് കീഴില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ഉള്‍പ്പെടെ ഹോട്ടല്‍ സംരംഭങ്ങള്‍ അടക്കം പന്ത്രണ്ടായിരത്തില്‍പരം പേര്‍ ജോലി ചെയ്യുന്നുണ്ട്. പഴശ്ശി രാജയും എമ്പുരാനും ഉള്‍പ്പെടെ നിരവധി ജനപ്രിയ സിനിമകളുടെ നിര്‍മാതാവായ ഗോകുലം ഗോപാലന്‍ അഭിനേതാവ് എന്ന നിലയിലും ഏതാനും സിനിമകളില്‍ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.
പരിപാടിയുടെ വിജയത്തിന് ആഷിഖ് അഹ്മദ് ചെയര്‍മാനും ശ്രീനാഥ് ജനറല്‍ കണ്‍വീനറുമായ കമ്മിറ്റിയാണ് പ്രവര്‍ത്തിക്കുന്നത്.

