
മനാമ: കണ്ണൂര്‍ ജില്ലയിലെ യൂത്ത് കോണ്‍ഗ്രസ് നേതാവായിരുന്ന ഷുഹൈബ് എടയന്നൂരിന്റെ രക്തസാക്ഷിത്വ ദിനത്തില്‍ ഐ വൈ സി സി മനാമ ഏരിയ കമ്മിറ്റി അനുസ്മരണ സമ്മേളനം നടത്തി. മനാമ എം സി എം എ ഹാളില്‍ നടന്ന പരിപാടിയില്‍ ഏരിയ പ്രസിഡന്റ് മുഹമ്മദ് ജസീല്‍ അധ്യക്ഷത വഹിച്ചു. ദേശീയ പ്രസിഡണ്ട് റിച്ചി കളത്തൂരേത്ത് ഉദ്ഘാടനം ചെയ്തു.

നാടിന്റെ നന്മയ്ക്കായി പ്രവര്‍ത്തിച്ചിരുന്ന ഒരു ചെറുപ്പക്കാരനെ ക്രൂരമായി കൊലപ്പെടുത്തിയ സി പി എമ്മിന്റെ അക്രമ രാഷ്ട്രീയം ഒരു നിലക്കും ന്യായീകരിക്കാന്‍ സാധിക്കില്ലെന്ന് പറഞ്ഞ നേതാക്കള്‍ സി പി എമ്മിന്റെ ഇത്തരം പ്രവര്‍ത്തികള്‍ കൊണ്ട് ഇനിയും മറ്റൊരു ജീവന്‍ കൂടി നഷ്ടപ്പെടാന്‍ ഇടയാകരുതെന്നും ചടങ്ങില്‍ ഓര്‍മ്മിപ്പിച്ചു.

2018-ല്‍ നടന്ന ക്രൂരമായ സംഭവം ഇന്നും കേരളീയ പൊതുസമൂഹത്തിന്റെ മനസ്സാക്ഷിയെ വേദനിപ്പിക്കുന്ന ഓര്‍മ്മയാണ്. സി പി എമ്മിന്റെ ഇത്തരം കൊലപാതക- ആക്രമണ ശൈലികള്‍ അവസാനിപ്പിക്കണമെന്നും സമാധാനപരമായ രാഷ്ട്രീയ അന്തരീക്ഷമാണ് നാടിന് ആവശ്യമെന്നും അനുസ്മരണ പ്രഭാഷണം നടത്തിയവര്‍ അഭിപ്രായപ്പെട്ടു.
സാമൂഹിക പ്രവര്‍ത്തകന്‍ ലത്തീഫ് കോളിക്കല്‍ മുഖ്യപ്രഭാഷണവും മുന്‍ ദേശീയ പ്രസിഡന്റ് ബേസില്‍ നെല്ലിമറ്റം അനുസ്മരണ പ്രസംഗവും നടത്തി. ആക്ടിങ് ജനറല്‍ സെക്രട്ടറി രഞ്ജിത്ത് മാഹി, മെമ്പര്‍ഷിപ്പ് കണ്‍വീനര്‍ ജമീല്‍ കണ്ണൂര്‍, മുന്‍ ദേശീയ പ്രസിഡന്റ് ഫാസില്‍ വട്ടോളി, മുന്‍ വൈസ് പ്രസിഡന്റ് ഷംഷാദ് കാക്കൂര്‍, ഹിദ്ദ് ഏരിയ സെക്രട്ടറി രാജേഷ് പന്മന എന്നിവര്‍ സംസാരിച്ചു. ഏരിയ സെക്രട്ടറി റോഷന്‍ ആന്റണി സ്വാഗതവും ഏരിയാ കമ്മറ്റി ട്രഷറര്‍ ഫിജിഹാസ് ചടങ്ങിന് നന്ദിയും രേഖപ്പെടുത്തി.

