

ലോകത്തിനും മുന്നില്‍ തബല ജനകീയമാക്കിയ സംഗീത സാമ്രാട്ട് ഉസ്താദ് സക്കീര്‍ ഹുസൈന്‍ ഈ ലോകത്തോട് വിട പറഞ്ഞു.

തബലയെ ഒരു ക്ലാസിക്കല്‍ സംഗീതോപകരണത്തിന്റെ പരിധികള്‍ക്കപ്പുറത്തേക്ക് ഉയര്‍ത്തി ആഗോള തലത്തില്‍ അംഗീകാരം നേടിക്കൊടുത്ത ഇന്ത്യന്‍ ശാസ്ത്രീയ സംഗീതത്തിലെ തിളങ്ങുന്ന നക്ഷത്രമായിരുന്നു സക്കീര്‍ ഹുസൈന്‍.

സംഗീത ലോകത്ത് എന്നും വിസ്മയമായിരുന്ന അദ്ദേഹത്തിന്റെ തബലയില്‍ ഉള്ള വേഗ വിരല്‍ പ്രകടനങ്ങള്‍ ഇനി കാണാന്‍ കഴിയില്ല എന്ന ദുഃഖ സത്യം ഉള്‍ക്കൊള്ളാന്‍ വിഷമിക്കുകയാണ് ഇന്ത്യന്‍ സംഗീത പ്രേമികള്‍.
1997ല്‍ ദോഹയില്‍ എത്തിയ അദ്ദേഹത്തിന്റെ പരിപാടിയില്‍ ഒരു ശ്രോതാവായി പങ്കെടുക്കാനും ആ പരിപാടിയുടെ സംഘാടക ടീമില്‍ പ്രവര്‍ത്തിക്കുവാനും ഈയുള്ളവന് അവസരം ലഭിച്ചിരുന്നു.
പ്രശസ്ത സംഗീതജ്ഞനായ തബലിസ്റ്റ് ഉസ്താദ് അല്ലാ റഖയുടെ മകനായി 1951ല്‍ മുംബൈയില്‍ ജനിച്ച സാക്കിര്‍ ഹുസൈനെ പിതാവ് തന്നെയാണ് സംഗീതം അഭ്യസിപ്പിച്ചത്. മൂന്ന് വയസ്സ് മുതല്‍ അദ്ദേഹം സംഗീതത്തില്‍ അഭിരുചി കാണിച്ചു തുടങ്ങിയിരുന്നു. ഏഴാം വയസില്‍ ഉസ്താദ് അലി അഖ്ബര്‍ ഖാനൊപ്പം വേദിയിലെത്തിയ അദ്ദേഹം 12-ാം വയസ് മുതല്‍ കച്ചേരികള്‍ അവതരിപ്പിക്കാന്‍ തുടങ്ങി. സിത്താര്‍ മാന്ത്രികന്‍ പണ്ഡിറ്റ് രവിശങ്കറിനൊപ്പം സാക്കിര്‍ ഹുസൈന്‍ കച്ചേരി വായിച്ചതു പതിനെട്ടാം വയസ്സിലാണ്. അന്ന് രവിശങ്കര്‍ പറഞ്ഞു: ”ഇന്നു നമ്മള്‍ കേട്ടത് നാളെയുടെ തബല വാദനമാണ്!” ആ പ്രവചനം നീണ്ടുനിന്നത് ഒരുപാട് നാളേയ്ക്കാണ്. ഏതാണ്ട് അഞ്ചര പതിറ്റാണ്ട്.
തബലയില്‍ പഞ്ചാബ് ഖരാനയില്‍ അച്ഛന്‍ അല്ലാ രഖാ പാത പിന്തുടര്‍ന്ന സാക്കിര്‍ ഏഴാം വയസ്സില്‍ സരോദ് വിദഗ്ധന്‍ ഉസ്താദ് അലി അക്ബര്‍ ഖാനോടൊപ്പം ഏതാനും മണിക്കൂര്‍ അച്ഛന് പകരക്കാരനായി. അതായിരുന്നു ആദ്യ വാദനം. പന്ത്രണ്ടാം വയസ്സില്‍ ബോംബെ പ്രസ് ക്ലബില്‍ നൂറു രൂപയ്ക്ക് ഉസ്താദ് അലി അക്ബര്‍ ഖാനോടൊപ്പം സ്വതന്ത്രമായി തബല വായിച്ച് സംഗീതലോകത്ത് വരവറിയിച്ചു.
ഐതിഹാസിക പോപ്പ് ബാന്‍ഡ് ദി ബീറ്റില്‍സ് ഉള്‍പ്പടെ നിരവധി പാശ്ചാത്യ സംഗീതജ്ഞരുമായി അദ്ദേഹം സഹകരിച്ചിട്ടുണ്ട്. നാല് തവണ ഗ്രാമി പുരസ്‌കാരം നേടിയ അതുല്യ പ്രതിഭയെ രാജ്യം പത്മശ്രീ, പത്മഭൂഷണ്‍, പത്മവിഭൂഷണ്‍ എന്നിവ നല്‍കി ആദരിച്ചിട്ടുണ്ട്. മികച്ച ഗ്ലോബല്‍ മ്യൂസിക് പെര്‍ഫോമന്‍സ്, മികച്ച ഗ്ലോബല്‍ മ്യൂസിക് ആല്‍ബം, മികച്ച കണ്ടംപററി മ്യൂസിക് ആല്‍ബം എന്നീ വിഭാഗങ്ങളിലാണ് പുരസ്‌കാരം ലഭിച്ചത്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള താളവാദ്യ വിദഗ്ധരെ സമന്വയിപ്പിച്ച് പ്ലാനറ്റ് ഡ്രം എന്ന പേരില്‍ അമേരിക്കന്‍ താളവാദ്യ വിദഗ്ധന്‍ മിക്കി ഹാര്‍ട്ട് തയ്യാറാക്കിയ ആല്‍ബത്തില്‍ ഇന്ത്യയില്‍ നിന്ന് ഘടം വിദഗ്ധന്‍ വിക്കു വിനായകറാമിനൊപ്പം സക്കീര്‍ ഹുസൈനുമുണ്ടായിരുന്നു.
ചില നൂറ്റാണ്ടില്‍ മാത്രമേ പ്രതിഭകള്‍ ജനിക്കൂ എന്ന ലോക നിയമം നമുക്കിവിടെ ഓര്‍മ്മിക്കാം
തബലയെപ്പറ്റി അല്‍പ്പം ഇന്ത്യന്‍ സംഗീതത്തില്‍ പൊതുവെയും ഉത്തരേന്ത്യന്‍ ശാസ്ത്രീയ സംഗീതമായ ഹിന്ദുസ്ഥാനി സംഗീതത്തില്‍ പ്രത്യേകിച്ചും ഉപയോഗിക്കപ്പെടുന്ന ഒരു കൊട്ടുവാദ്യമാണ് തബല. വലിപ്പത്തിലും ആകൃതിയിലും വ്യത്യസ്തമായ രണ്ടു വാദ്യോപകരണങ്ങള്‍ തബലയുടെ ഭാഗമായുണ്ട്. ഇടതു ഭാഗത്ത് ഡഗ്ഗയും വലത് കര്‍ണ്ണ അഥവാ തബലയും. വീപ്പ അഥവാ ഡ്രം എന്നര്‍ഥം വരുന്ന ഒരു അറബി വാക്കാണ് തബല എന്നതിനുറവിടം പതിമൂന്നാം നൂറ്റാണ്ടിലെ പേര്‍ഷ്യന്‍ കവിയായിരുന്ന അമീര്‍ ഖുസ്രോ ആണ് ഈ വാദ്യത്തിന്റെ ഉപ്ജ്ഞാതാവ് എന്ന് വിശ്വസിക്കപ്പെടുന്നു.
കൃത്യമായ ചരിത്രരേഖകള്‍ പ്രകാരം പതിനെട്ടാം നൂറ്റാണ്ടില്‍ ഡല്‍ഹിയില്‍ ജീവിച്ചിരുന്ന ഉസ്താദ് സിദ്ദാര്‍ ഖാനാണ് തബല ആദ്യമായി ഉപയോഗിച്ചത്.
ഡല്‍ഹി, ലക്‌നൗ, അലഹബാദ്, ഹൈദരാബാദ്, ലാഹോര്‍ എന്നിവിടങ്ങളിലെ മുഗള്‍ സാമ്രാജ്യത്തിന്റെ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ടാണു തബലയുടെ ഘരാനകള്‍. കൂടുതലും ഇസ്‌ലാം മതസ്ഥരായിരുന്നു വായിച്ചിരുന്നതെങ്കിലും വാരണാസിയിലെ ചില ഹിന്ദു കുടുംബങ്ങളും തബല അഭ്യസിച്ചിരുന്നു.

അഷറഫ് മടിയാരി

