
ദോഹ: മലയാള സിനിമയുടെ പ്രിയനടനും ദേശീയ പുരസ്കാര ജേതാവുമായ സലിം കുമാറിന്റെ സ്മരണയ്ക്കായി ഇസെഡ് മീഡിയ ഓര്‍മകളില്‍ സലിമേട്ടന് എന്ന പേരില്‍ അനുസ്മരണ പരിപാടി സംഘടിപ്പിക്കുന്നു. ജൂണ്‍ 11 വ്യാഴാഴ്ച വൈകുന്നേരം 7 മണിക്ക് ദോഹയിലെ ഐ സി ബി എഫ് കഞ്ചാണി ഹാളില്‍ നടക്കുന്ന പരിപാടിയില്‍ പ്രശസ്ത ചലച്ചിത്ര സംവിധായകന് ലാല്‍ ജോസ് മുഖ്യാതിഥിയായി പങ്കെടുക്കും.

സലിം കുമാറിന്റെ കലാജീവിതവും വ്യക്തിത്വവും ഓര്‍മപ്പെടുത്തുന്ന അനുസ്മരണ പ്രഭാഷണവും അനുഭവം പങ്കുവെക്കലുകളും പരിപാടിയുടെ ഭാഗമായി നടക്കും. മലയാള സിനിമയ്ക്കും കലാരംഗത്തിനും അദ്ദേഹം നല്കിയ വിലമതിക്കാനാവാത്ത സംഭാവനകളെ അനുസ്മരിക്കാനും അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിച്ചവരുടെയും ആരാധകരുടെയും ഓര്‍മകള്‍ പങ്കുവെക്കാനുമുള്ള വേദിയായിരിക്കും ഈ സംഗമം.
