
ദോഹ: ദീര്‍ഘവീക്ഷണമുള്ള നേതൃത്വം, സര്‍ഗാത്മകത, ജനങ്ങളുടെ കഴിവുകളിലുള്ള നിക്ഷേപം എന്നിവയാണ് ഖത്തറിന്റെ ഭാവി വികസനത്തിന്റെ പ്രധാന അടിത്തറകളെന്ന് ഖത്തര്‍ മ്യൂസിയംസ് അധ്യക്ഷയും ശൈഖ ഹമദ് ബിന്‍ ഖലീഫ അല്‍താനിയുടെ മകളുമായ ശൈഖ അല്‍ മയാസ ബിന്ത് ഹമദ് ബിന്‍ ഖലീഫ അല്‍താനി. ആഗോളതലത്തിലും മേഖലാതലത്തിലും നിരവധി വെല്ലുവിളികള്‍ നിലനില്‍ക്കുമ്പോഴും രാജ്യത്തിന്റെ ഏറ്റവും വിപുലമായ സാംസ്കാരിക സീസണ് യാഥാര്‍ഥ്യമാക്കാന്‍ ഖത്തറിന് സാധിച്ചുവെന്നും അവര്‍ പറഞ്ഞു.

11-ാമത് ‘ആര്‍ട്ട് ഫോര്‍ ടുമാറോ’ സമ്മേളനത്തിന്റെ ഭാഗമായി അന്താരാഷ്ട്ര പ്രശസ്ത വാസ്തുശില്പി ലോര്‍ഡ് നോര്‍മന്‍ ഫോസ്റ്ററുമായി നടത്തിയ സംവാദത്തിലാണ് ശൈഖ അല്‍ മയാസ ഖത്തറിന്റെ വികസന കാഴ്ചപ്പാടുകള്‍ വിശദീകരിച്ചത്.

ഫരീജ് അല്‍ അസ്മഖില് ‘ദി ഫ്യൂച്ചര്‍ ഈസ് എ ഡിസൈന്‍ ക്വസ്റ്റ്യന്‍’ എന്ന തലക്കെട്ടില്‍ നടന്ന സംവാദം സാഖ ഹദീദ് ഫൗണ്ടേഷന് ഡയറക്ടര്‍ ആരിക് ചെന്‍ നിയന്ത്രിച്ചു.
ഖത്തര്‍ ക്രിയേറ്റ്സ് ഫാള്‍/ വിന്റര്‍ 2026- 27 സീസണിന്റെ ഭാഗമായി കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ രാജ്യത്തുടനീളം നിരവധി പ്രദര്‍ശനങ്ങളും സാംസ്കാരിക പരിപാടികളും സര്‍ഗാത്മക സംരംഭങ്ങളും സംഘടിപ്പിച്ചതായി ശൈഖ അല്‍ മയാസ പറഞ്ഞു.
ഭൗമരാഷ്ട്രീയ സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്ന അനിശ്ചിതത്വങ്ങള്‍ക്കും വെല്ലുവിളികള്‍ക്കുമിടയിലും സാംസ്കാരിക വികസന ലക്ഷ്യങ്ങളില്‍നിന്ന് ഖത്തര്‍ പിന്നോട്ടുപോയിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി.
‘ഭൗമരാഷ്ട്രീയ സാഹചര്യങ്ങള്‍ കാരണം പരിധിയില്ലാത്ത വെല്ലുവിളികളാണ് നാം നേരിടുന്നത്. എന്നിട്ടും ഇതുവരെ നടത്തിയതില്‍വെച്ച് ഏറ്റവും വിപുലമായ സാംസ്കാരിക സീസണ് യാഥാര്‍ഥ്യമാക്കാന്‍ നമുക്ക് സാധിച്ചു,’ അവര്‍ പറഞ്ഞു.
ഖത്തറിന്റെ സാംസ്കാരിക വികസനത്തിന് വ്യക്തമായ ദേശീയ കാഴ്ചപ്പാടാണ് മാര്ഗദര്ശനമാകുന്നതെന്ന് ശൈഖ അല്‍ മയാസ പറഞ്ഞു. വിദ്യാഭ്യാസം, സര്‍ഗാത്മക വ്യവസായങ്ങള്‍, യുവതലമുറയ്ക്കുള്ള അവസരങ്ങള്‍ എന്നിവയില്‍ നടത്തുന്ന നിക്ഷേപവും ഈ വികസനത്തിന്റെ ഭാഗമാണ്.
‘ഖത്തറിന് അതിന്റെ നേതൃത്വത്തിലൂടെ ലഭിച്ചിട്ടുള്ളത് ശക്തമായ രാഷ്ട്രീയ ഇച്ഛാശക്തിയാണ്,’ അവര്‍ പറഞ്ഞു. സമൂഹത്തിന് എന്താണ് ആവശ്യമെന്ന വ്യക്തമായ ധാരണയുടെയും ലക്ഷ്യബോധത്തിന്റെയും അടിസ്ഥാനത്തിലാണ് ഓരോ വികസന പദ്ധതിയും നടപ്പാക്കുന്നതെന്നും അവര്‍ വിശദീകരിച്ചു.
ഖത്തര്‍ ബ്ലൂപ്രിന്റ് പദ്ധതിയെക്കുറിച്ചും അവര്‍ പരാമര്‍ശിച്ചു. നഗരപ്രദേശങ്ങളുടെയും താമസമേഖലകളുടെയും പൊതുഇടങ്ങളുടെയും ആസൂത്രണത്തില്‍ വിവിധ മേഖലകളിലെ പങ്കാളികള്‍ തമ്മിലുള്ള ഏകോപനം ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
അന്തരിച്ച പിതാവ് അമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ അല്‍താനിയുടെ നേതൃത്വത്തില്‍ ആരംഭിക്കുകയും നിലവിലെ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയുടെ നേതൃത്വത്തില്‍ മുന്നോട്ടുകൊണ്ടുപോകുകയും ചെയ്യുന്ന ഖത്തര്‍ നാഷണല്‍ വിഷന്‍ 2030യും രാജ്യത്തിന്റെ വികസനത്തിന് വഴികാട്ടിയാണെന്ന് അവര്‍ ചൂണ്ടിക്കാട്ടി.
ഖത്തര്‍ മ്യൂസിയംസിന്റെ നേതൃത്വത്തില്‍ രാജ്യവ്യാപകമായി നടപ്പാക്കുന്ന ഖത്തര്‍ ബ്ലൂപ്രിന്റ്, ദേശീയ വികസന പദ്ധതികളെയും സാംസ്കാരിക പ്രവര്‍ത്തനങ്ങളെയും ഏകോപിപ്പിക്കുന്ന സംരംഭമാണ്.
‘അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ച് ചിന്തിക്കുമ്പോള്‍ അതിനെ ഉപയോഗപ്രദമാക്കുന്ന മനുഷ്യവിഭവശേഷിയെയും സാംസ്കാരിക ഘടകങ്ങളെയും മറക്കാനാവില്ല. അടിസ്ഥാന സൗകര്യങ്ങള്‍ക്കൊപ്പം അവയെ സജീവമാക്കുന്ന ഘടകങ്ങളും പരിഗണിക്കണം,’ അവര്‍ പറഞ്ഞു.
ഖത്തറിന്റെ ഏറ്റവും വലിയ സമ്പത്ത് ഇവിടുത്തെ ജനങ്ങളാണെന്ന പിതാവിന്റെ കാഴ്ചപ്പാടും അവര്‍ അനുസ്മരിച്ചു. ഖത്തറികളോടൊപ്പം ഈ രാജ്യത്തെ സ്വന്തം വീടായി തിരഞ്ഞെടുത്ത് താമസിക്കുന്നവരും രാജ്യത്തിന്റെ പ്രധാന സമ്പത്താണെന്ന് അവര്‍ വ്യക്തമാക്കി.
മ്യൂസിയങ്ങളും സര്‍ഗാത്മക സ്ഥാപനങ്ങളും നിര്‍മിക്കുന്നതിനൊപ്പം വിദ്യാഭ്യാസം, തൊഴില്‍പരിശീലനം, പ്രൊഫഷണല്‍ പരിശീലനം, പ്രാദേശിക വൈദഗ്ധ്യം എന്നിവയുടെ വികസനത്തിനും ഖത്തര്‍ മ്യൂസിയംസ് പ്രാധാന്യം നല്‍കുന്നതായി അവര്‍ പറഞ്ഞു.
അന്താരാഷ്ട്ര പ്രശസ്തരായ വാസ്തുശില്പികളുമായി നടത്തുന്ന ശില്പശാലകളും യുവ ഡിസൈനര്‍മാരെ പ്രൊഫഷണല്‍ മേഖലയുമായി ബന്ധിപ്പിക്കുന്ന പങ്കാളിത്ത പദ്ധതികളും ഇതിന്റെ ഭാഗമാണെന്നും അവര്‍ വിശദീകരിച്ചു.
ലുസൈല്‍ നഗരത്തിന്റെ വികസനവും സംവാദത്തില്‍ ചര്‍ച്ചയായി. ഫിഫ ലോകകപ്പ് ഖത്തര്‍ 2022ന്റെ ഫൈനല്‍ നടന്ന ലുസൈല്‍ സ്റ്റേഡിയവും ഫോസ്റ്റര്‍ ആന്‍ഡ് പാര്‍ട്ണേഴ്സ് രൂപകല്പന ചെയ്ത അല്‍ സാദ് പ്ലാസ ടവറുകളും ഖത്തറിന്റെ നഗരവികസന കാഴ്ചപ്പാടിന്റെ ഭാഗമാണെന്ന് ശൈഖ അല്‍ മയാസ പറഞ്ഞു.
വാസ്തുവിദ്യാ പൈതൃകവുമായി ബന്ധം നിലനിര്‍ത്തിക്കൊണ്ട് ആധുനിക നഗരങ്ങള്‍ സൃഷ്ടിക്കുകയെന്നതാണ് ഖത്തറിന്റെ ലക്ഷ്യമെന്നും അവര്‍ വ്യക്തമാക്കി.
അല്‍ സാദ് പ്ലാസ ടവറുകളുടെ രൂപകല്പനയില് കാലാവസ്ഥയ്ക്കനുസരിച്ചുള്ള നിര്‍മാണരീതികള്‍ക്ക് നല്കിയ പ്രാധാന്യം നോര്‍മന്‍ ഫോസ്റ്റര്‍ വിശദീകരിച്ചു. പരമ്പരാഗത കെട്ടിടങ്ങളിലെ തണല്‍ സംവിധാനങ്ങളും മുറ്റം കേന്ദ്രീകരിച്ചുള്ള വാസ്തുവിദ്യാ രീതികളും ആധുനിക രൂപകല്പനയില് പ്രയോജനപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വലിയ വികസന പദ്ധതികള്‍ യാഥാര്‍ഥ്യമാക്കാനുള്ള ഖത്തറിന്റെ ദീര്ഘവീക്ഷണത്തെയും ഇച്ഛാശക്തിയെയും അദ്ദേഹം പ്രശംസിച്ചു.
‘ഇന്ന് നാം കാണുന്ന ഈ നഗരത്തിന്റെ യാഥാര്‍ഥ്യവല്‍ക്കരണം ശക്തമായ രാഷ്ട്രീയ ഇച്ഛാശക്തിയുടെ ഫലമാണ്. ധൈര്യവും നിശ്ചയദാര്‍ഢ്യവും അപകടസാധ്യതകള്‍ ഏറ്റെടുക്കാനുള്ള മനോഭാവവും ഖത്തറിന്റെ വികസനത്തിന് പിന്നിലുണ്ട്. അത് പ്രചോദനകരമാണ്,’ നോര്‍മന്‍ ഫോസ്റ്റര്‍ പറഞ്ഞു.
പ്രദേശത്തെ സര്‍ഗാത്മക പ്രതിഭകളെ ലോകത്തിന് പരിചയപ്പെടുത്തുന്നതിനും ഡിസൈനര്‍മാരെയും കരകൗശല വിദഗ്ധരെയും അന്താരാഷ്ട്ര വ്യവസായങ്ങളുമായി ബന്ധിപ്പിക്കുന്നതിനും പുതിയ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുമാണ് ഡിസൈന്‍ ദോഹ ബിനാലെ ആരംഭിച്ചതെന്ന് ശൈഖ അല്‍ മയാസ പറഞ്ഞു.
‘നമ്മുടെ മേഖലകളില്‍ വലിയ തോതില്‍ സര്‍ഗാത്മക പ്രതിഭകളുണ്ട്. ആ കഴിവുകള്‍ ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുകയാണ് ഡിസൈന്‍ ദോഹയുടെ ലക്ഷ്യം,’ അവര്‍ പറഞ്ഞു.
ഡിസൈനര്‍മാരെയും കരകൗശല വിദഗ്ധരെയും വാസ്തുശില്പികള്, നിര്‍മാതാക്കള്‍, വികസന രംഗത്തെ പ്രമുഖര്‍ എന്നിവരുമായി ബന്ധിപ്പിക്കുന്നത് ഡിസൈന്‍ വ്യവസായത്തിന്റെ വളര്‍ച്ചയ്ക്ക് സഹായകമാകുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഡിസൈന്‍ ദോഹ ബിനാലെയുടെ രണ്ടാം പതിപ്പില്‍ 20 രാജ്യങ്ങളില്‍നിന്നുള്ള 300 ഡിസൈനര്‍മാരുടെ 500-ലധികം സൃഷ്ടികളാണ് അവതരിപ്പിക്കുന്നത്. 20 പ്രദര്‍ശനങ്ങളും പൊതുഇടങ്ങളില്‍ ഒരുക്കിയ അഞ്ച് ഡിസൈന്‍ പദ്ധതികളും പരിപാടിയുടെ ഭാഗമാണ്.
ബിനാലെയിലെ പ്രധാന പ്രദര്‍ശനമായ ‘അറബ് ഡിസൈന്‍ നൗ 2026’ല്‍ 81 ഡിസൈനര്‍മാരുടെ സൃഷ്ടികള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 78 പുതിയ ഡിസൈന്‍ കമ്മീഷനുകളും 17 ചിത്രങ്ങളും പ്രദര്‍ശനത്തിലുണ്ട്. ഡിസൈനര്‍മാരും കരകൗശല വിദഗ്ധരും തമ്മിലുള്ള ബന്ധം, പരമ്പരാഗത കൈത്തൊഴില്‍ വൈദഗ്ധ്യം, സമകാലിക ഡിസൈന്‍ രീതികള്‍ എന്നിവയാണ് പ്രദര്‍ശനം പ്രധാനമായും പരിചയപ്പെടുത്തുന്നത്.
അടുത്തിടെ ആരംഭിച്ച ഖത്തര്‍ ഫാഷന്‍ ആന്‍ഡ് ക്രാഫ്റ്റ്സ് കൗണ്സിലിനെക്കുറിച്ചും അവര്‍ വിശദീകരിച്ചു. അറബ് മേഖലയിലെ 22 രാജ്യങ്ങളിലെ വ്യവസായ പ്രമുഖരെ ഒരുമിപ്പിച്ച് അറിവ് പങ്കുവെക്കുന്നതിനും പരമ്പരാഗത കരകൗശല വൈദഗ്ധ്യം സംരക്ഷിക്കുന്നതിനും വലിയ പദ്ധതികളില്‍ കരകൗശല വിദഗ്ധര്‍ക്ക് അവസരങ്ങള്‍ ഒരുക്കുന്നതിനുമുള്ള പ്രാദേശിക സംരംഭമാണിത്.
നിര്‍മിതബുദ്ധിയുടെ സ്വാധീനം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ മനുഷ്യന്റെ സര്‍ഗാത്മകത സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യവും ശൈഖ അല്‍ മയാസ ചൂണ്ടിക്കാട്ടി.
കലാകാരന്മാര്, ഡിസൈനര്‍മാര്‍, കരകൗശല വിദഗ്ധര്‍ എന്നിവര്‍ തമ്മിലുള്ള മനുഷ്യബന്ധങ്ങള്‍ക്കും സര്‍ഗാത്മക സംഭാവനകള്‍ക്കും പകരക്കാരനായി നിര്‍മിതബുദ്ധി മാറരുതെന്ന് അവര്‍ അഭിപ്രായപ്പെട്ടു.
‘ഒരു സര്‍ഗാത്മക വ്യക്തിക്ക് പകരമായി നിര്‍മിതബുദ്ധി വരുന്നത് ഞാന്‍ ഒരിക്കലും ആഗ്രഹിക്കുന്നില്ല,’ അവര്‍ പറഞ്ഞു. സാങ്കേതികവിദ്യയിലെ മാറ്റങ്ങള്‍ക്കിടയിലും സര്‍ഗാത്മക സമ്പദ്വ്യവസ്ഥയ്ക്ക് ശക്തമായ നിലനില്‍പ്പും പ്രതിരോധശേഷിയുമുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഖത്തറിന്റെ അന്താരാഷ്ട്ര സാംസ്കാരിക ലക്ഷ്യങ്ങള്‍ സ്വന്തം പൈതൃകത്തിലും പ്രാദേശിക സര്‍ഗാത്മക സമൂഹങ്ങളിലുമാണ് ആരംഭിക്കേണ്ടതെന്നും അവര്‍ വ്യക്തമാക്കി.
‘പ്രാദേശിക മേഖലയിലും ആഗോളതലത്തിലും ഒരുപോലെ നിക്ഷേപം നടത്തണം,’ അവര്‍ പറഞ്ഞു. സാംസ്കാരിക തനിമയും പരമ്പരാഗത അറിവുകളും സമകാലിക ഡിസൈനിന് പ്രചോദനമാകുന്നതിനൊപ്പം അന്താരാഷ്ട്ര ശ്രദ്ധ നേടാനും സഹായിക്കുമെന്നും അവര്‍ വിശദീകരിച്ചു.
ഭാവിതലമുറയ്ക്കായി മികച്ച നഗരാസൂത്രണം
വിജയകരമായ താമസമേഖലകളും നഗരസമൂഹങ്ങളും സൃഷ്ടിക്കുന്നതിന് പൊതുഗതാഗതം, കാല്‍നടയാത്രക്കാര്‍ക്കുള്ള സൗകര്യങ്ങള്‍, തണല്‍ ലഭിക്കുന്ന പൊതുഇടങ്ങള്‍, സാമൂഹിക ഇടപെടലുകള്‍ എന്നിവ അനിവാര്യമാണെന്ന് നോര്‍മന്‍ ഫോസ്റ്റര്‍ പറഞ്ഞു.
ഭാവിതലമുറയെ ലക്ഷ്യമിട്ടുള്ള അടിസ്ഥാന സൗകര്യ വികസനത്തിലും നഗരാസൂത്രണത്തിലും ഖത്തര്‍ സ്വീകരിക്കുന്ന സമീപനത്തെ അദ്ദേഹം പ്രശംസിച്ചു.
‘ഖത്തറിലെ ആസൂത്രണ പ്രവര്‍ത്തനങ്ങളില്‍ വളരെ അനുകൂലമായ ഊര്‍ജമാണ് കാണുന്നത്. ഇത് ഭാവിയിലേക്കുള്ള നിക്ഷേപമാണ്,’ അദ്ദേഹം പറഞ്ഞു.
ആര്‍ട്ട് ഫോര്‍ ടുമാറോയും ഡിസൈന്‍ ദോഹ ബിനാലെ 2026ഉം സംയുക്തമായി അവതരിപ്പിച്ച ‘റീഡിസൈനിങ് ഡയലോഗ്സ്’ പരിപാടിയുടെ ഭാഗമായിരുന്നു സംവാദം. ബിനാലെയുടെ ഭാഗമായി ഒരുക്കിയിരിക്കുന്ന പ്രദര്‍ശനങ്ങള്‍ 2027 ജനുവരി 31 വരെ തുടരും.

