
ദോഹ: വിമാനയാത്രക്കാര്‍ പവര്‍ ബാങ്കുകള്‍ കൈവശം വയ്ക്കുന്നതുമായി ബന്ധപ്പെട്ട പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ ഖത്തര്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി (സി എ എ) പുറത്തിറക്കി. അന്താരാഷ്ട്ര സിവില്‍ ഏവിയേഷന്‍ ഓര്ഗനൈസേഷന് (ഐസിഎഒ), ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്പോര്‍ട്ട് അസോസിയേഷന് (അയാട്ട) എന്നിവയുടെ ഏറ്റവും പുതിയ സുരക്ഷാ നിര്‍ദേശങ്ങള്‍ക്ക് അനുസൃതമായാണ് ചട്ടങ്ങള്‍ പുതുക്കിയിരിക്കുന്നത്.

പുതിയ ചട്ടപ്രകാരം, ഒരു യാത്രക്കാരന് പരമാവധി രണ്ട് പവര്‍ ബാങ്കുകള്‍ മാത്രമേ വിമാനത്തില്‍ കൊണ്ടുപോകാന്‍ അനുമതിയുള്ളു. ഓരോ പവര്‍ ബാങ്കിന്റെയും ശേഷി 100 വാട്ട്-മണിക്കൂര്‍ (ഡബ്ല്യുഎച്ച്) കവിയാന്‍ പാടില്ല.

ലിഥിയം ബാറ്ററികളുമായി ബന്ധപ്പെട്ട സുരക്ഷാ ആശങ്കകള്‍ കണക്കിലെടുത്ത് പവര്‍ ബാങ്കുകള്‍ കാബിന് ബാഗേജില്‍ മാത്രമേ കൊണ്ടുപോകാവൂ. ചെക്ക്-ഇന്‍ ലഗേജില്‍ പവര്‍ ബാങ്കുകള്‍ സൂക്ഷിക്കുന്നത് കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. വിമാനയാത്രയ്ക്കിടെ പവര്‍ ബാങ്കുകള്‍ ചാര്‍ജ് ചെയ്യുന്നതിനും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.
പവര്‍ ബാങ്കുകളുടെ ചാര്‍ജിങ് ടെര്‍മിനലുകള്‍ കേടുപാടുകള്‍ സംഭവിക്കാതെയും ഷോര്‍ട്ട് സര്‍ക്യൂട്ട് ഉണ്ടാകാതെയും സുരക്ഷിതമായി സംരക്ഷിക്കണമെന്ന് അതോറിറ്റി നിര്‍ദേശിച്ചു. കൂടാതെ അടിയന്തര സാഹചര്യങ്ങളില്‍ ക്യാബിന് ജീവനക്കാര്‍ക്ക് വേഗത്തില്‍ ഇടപെടാന്‍ കഴിയുന്ന തരത്തില്‍ പവര്‍ ബാങ്കുകള്‍ എളുപ്പത്തില്‍ ലഭ്യമാകുന്ന വിധത്തില്‍ സൂക്ഷിക്കണം. ഓവര്‍ഹെഡ് കംപാര്ട്ട്മെന്റുകളിലോ വശങ്ങളിലെ സ്റ്റോറേജ് ലോക്കറുകളിലോ ഇവ സൂക്ഷിക്കരുതെന്നും നിര്‍ദേശമുണ്ട്.
യാത്രയ്ക്ക് മുമ്പ് തങ്ങളുടെ വിമാനക്കമ്പനികളുമായി ബന്ധപ്പെട്ട് അധിക നിയന്ത്രണങ്ങളോ നിബന്ധനകളോ ഉണ്ടോയെന്ന് യാത്രക്കാര്‍ ഉറപ്പാക്കണമെന്നും സി എ എ അറിയിച്ചു.
അപകടകാരിയായ വസ്തുക്കളുമായി ബന്ധപ്പെട്ട വ്യോമയാന സുരക്ഷാ ചട്ടങ്ങളോ ക്യാബിന് ക്രൂവിന്റെ നിര്‍ദേശങ്ങളോ ലംഘിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അതോറിറ്റി മുന്നറിയിപ്പ് നല്കി.
വാണിജ്യ വിമാനങ്ങളില്‍ ലിഥിയം ബാറ്ററി ഉപയോഗിക്കുന്ന ഉപകരണങ്ങളുടെ ഗതാഗതവുമായി ബന്ധപ്പെട്ട അപകടസാധ്യതകള്‍ കുറയ്ക്കുകയും വ്യോമയാന സുരക്ഷ കൂടുതല്‍ ശക്തിപ്പെടുത്തുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ നടപ്പിലാക്കിയിരിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.

