
കൊച്ചി: നൂറ് ഷാര്‍കോട്ട് ഫൂട്ട് റീകണ്‍സ്ട്രക്ടീവ് ശസ്ത്രക്രിയകള്‍ പൂര്‍ത്തീകരിക്കുന്ന രാജ്യത്തെ ആദ്യ കേന്ദ്രമായി വി പി എസ് ലേക്ഷോര് ആശുപത്രിയിലെ സെന്റര്‍ ഓഫ് എക്സലന്‍സ് ഇന്‍ ഫൂട്ട് ആന്‍ഡ് ആങ്കിള്‍ സര്‍ജറി ആന്‍ഡ് പോഡിയാട്രി. 2022-ല്‍ പ്രവര്‍ത്തനം ആരംഭിച്ച കേന്ദ്രമാണ് ചുരുങ്ങിയ കാലങ്ങള്‍ക്കുള്ളില്‍ അപൂര്‍വ നേട്ടം കൈവരിച്ചതെന്ന് വാര്‍ത്താസമ്മേളനത്തില്‍ ആശുപത്രി അധികൃതര്‍ അറിയിച്ചു.

പ്രമേഹ രോഗികളില്‍ കൃത്യമായ രോഗനിര്‍ണയമില്ലാതെ വന്നാല്‍, ഗുരുതരമായേക്കാവുന്ന രോഗാവസ്ഥയാണ് ഷാര്‍ക്കോട്ട് ഫൂട്ടെന്ന് ആശുപത്രിയിലെ ഫൂട്ട് ആന്‍ഡ് ആങ്കിള്‍ സര്‍ജറി വിഭാഗം മേധാവിയും സീനിയര്‍ കണ്‍സള്‍ട്ടന്റുമായ ഡോ. രാജേഷ് സൈമണ്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഈ രോഗം കാല്‍പാദത്തിലെ അസ്ഥികളെയും സന്ധികളെയും ബാധിച്ച് അവയുടെ പ്രവര്‍ത്തനം തകരാറിലാക്കിയേക്കാം. ഇതുമൂലം കാല്പാദത്തിന് വൈകല്യം, അസ്ഥിരത, അണുബാധ എന്നിവയുണ്ടാകുന്നു. സമയബന്ധിതമായി രോഗനിര്‍ണയവും ചികിത്സയും ലഭിച്ചില്ലെങ്കില്‍ കാല് മുറിച്ചുമാറ്റേണ്ട സാഹചര്യം വരെ ഉണ്ടായേക്കാം. എന്നാല്‍ നേരത്തെയുള്ള രോഗനിര്‍ണയം, വിവിധ വിഭാഗങ്ങളെ സംയോജിപ്പിച്ചുള്ള ചികിത്സ രീതി, റീകണ്‍സ്ട്രക്ടീവ് സര്‍ജറി എന്നിവയിലൂടെ പാദത്തിന്റെ ആരോഗ്യം വീണ്ടെടുത്ത് കാലിനെ സംരക്ഷിക്കാനും രോഗിയുടെ ചലനശേഷി മെച്ചപ്പെടുത്താനും സാധിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കാല് മുറിച്ചുമാറ്റേണ്ടി വന്നാല്‍ പിത്ക്കാലത്ത് രോഗിയുടെ ചലനശേഷിയെ അത് ഗുരുതരമായി ബാധിക്കും. ഇത് അകാല മരണസാധ്യത വര്‍ധിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഏഷ്യന്‍ ഫെഡറേഷന് ഓഫ് ഫൂട്ട് ആന്‍ഡ് ആങ്കിള്‍ സര്‍ജന്‍സിന്റെ വൈസ് പ്രസിഡന്റാകുന്ന ആദ്യ ഇന്ത്യക്കാരന് കൂടിയാണ് ഡോ. രാജേഷ് സൈമണ്‍.
കാലുകളെ സംരക്ഷിക്കുകയും രോഗിയുടെ ജീവന് രക്ഷിക്കുകയുമാണ് തങ്ങളുടെ പ്രധാന ലക്ഷ്യമെന്ന് അദ്ദേഹം വിശദീകരിച്ചു. ഉയര്‍ന്ന അപകടസാധ്യതയുള്ള രോഗികളെ തിരിച്ചറിയാനും സങ്കീര്‍ണമായ പാദരോഗങ്ങള്‍ കൂടുതല്‍ ഫലപ്രദമായി കൈകാര്യം ചെയ്യാനും തങ്ങളുടെ കോംപ്ലക്സ് പോഡിയാട്രിക് ലബോറട്ടറി സഹായിക്കുന്നു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുമാത്രമല്ല, വിദേശ രാജ്യങ്ങളില്‍ നിന്നടക്കം സങ്കീര്‍ണമായ ഫൂട്ട് ആന്‍ഡ് ആങ്കിള്‍ രോഗങ്ങളുടെ ചികിത്സയ്ക്കായി രോഗികള്‍ ഇവിടെ എത്തുന്നുണ്ട്. ഇന്ത്യയില്‍ പ്രമേഹരോഗികളുടെ എണ്ണം വര്‍ധിച്ചുവരികയാണ്. ഇതിനനുസരിച്ച് ഷാര്‍കോട്ട് ഫൂട്ട് തിരിച്ചറിയപ്പെടാതെ പോകുന്ന സ്ഥിതിയും കൂടിവരുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കാലിന്റെ താഴെയുള്ള ഭാഗം മുറിച്ചുമാറ്റുന്നതിനുള്ള ശസ്ത്രക്രിയയ്ക്ക് വിധേയരാകുന്നവരില്‍ 50 മുതല്‍ 70 ശതമാനം വരെ പേരുടെ ദീര്‍ഘകാല അതിജീവനസാധ്യത ഗണ്യമായി കുറയുന്നതായും പഠനങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. ഇവരുടെ ശരാശരി അതിജീവനകാലം ഏഴ് വര്‍ഷത്തോളമാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ശ്വാസകോശ അര്‍ബുദവുമായി ബന്ധപ്പെട്ട മരണനിരക്കിന് തൊട്ടുതാഴെയാണ് കാല് മുറിച്ചുമാറ്റലിന് ശേഷമുള്ള മരണനിരക്കെന്നും അദ്ദേഹം വ്യക്തമാക്കി.
പാദങ്ങളിലെ സെന്സേഷന് കുറയുന്നതിനാല്‍ പലപ്പോഴും പ്രമേഹരോഗികള്‍ക്ക് തങ്ങളുടെ കാലുകളിലുണ്ടാകുന്ന പരിക്കുകള്‍ തിരിച്ചറിയാന്‍ കഴിയാറില്ലെന്ന് ഫൂട്ട് ആന്‍ഡ് ആങ്കിള്‍ സര്‍ജറി വിഭാഗം കണ്‍സള്‍ട്ടന്റ് ഡോ. ഡെന്നിസ് പി ജോസ് പറഞ്ഞു. അതിനാല്‍ ചെറിയ പരിക്കുകള്‍ പലപ്പോഴും ശ്രദ്ധയില്‍പ്പെടാതെ പോകുന്നു. ഇതേതുടര്‍ന്ന് അള്‍സര്‍, അണുബാധ എന്നിവയുണ്ടാകുന്നു. ഇത് ഒടുവില്‍ എത്തിച്ചേരുന്നത് കാല് തന്നെ മുറിച്ചുമാറ്റേണ്ട അവസ്ഥയിലായിരിക്കാം. എന്നാല്‍, വിശദമായ വാസ്കുലര്‍, ന്യൂറോപതിക് പരിശോധനകളിലൂടെ അപകടസാധ്യതയുള്ള രോഗികളെ നേരത്തെ തിരിച്ചറിയാനും തുടക്കത്തില്‍ തന്നെ ചികിത്സ ആരംഭിക്കാനും കഴിയും. ഇതിലൂടെ രോഗമുക്തി നിരക്ക് ഗണ്യമായി മെച്ചപ്പെടുത്താനാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കാല്പാദം മുറിച്ചുമാറ്റുന്ന സ്ഥിതിയിലേക്ക് പോകേണ്ടി വരുന്ന പ്രമേഹ ബാധിതരെ, അതൊഴിവാക്കി സുരക്ഷിതരാക്കാനുള്ള ആശുപത്രിയുടെ പ്രത്യേക ലക്ഷ്യത്തിന്റെ ഫലമാണ് ഈ നേട്ടമെന്ന് മാനേജിംഗ് ഡയറക്ടര്‍ എസ് കെ അബ്ദുള്ള പറഞ്ഞു. സമയോചിതമായ ഇടപെടലുകളിലൂടെ നിരവധി രോഗികളെ ഇത്തരത്തില്‍ രക്ഷപ്പെടുത്താന്‍ ഫൂട്ട് ആന്‍ഡ് ആങ്കിള്‍ വിഭാഗത്തിന് കഴിഞ്ഞിട്ടുണ്ട്. ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ ഏക സെന്റര്‍ ഓഫ് എക്സലന്‍സ് ഇന്‍ ഫൂട്ട് ആന്‍ഡ് ആങ്കിള്‍ സര്‍ജറി ആന്‍ഡ് പോഡിയാട്രി വിഭാഗം വി പി എസ് ലേക്ഷോറിലേതാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും അയല്‍രാജ്യങ്ങളില്‍ നിന്നുമുള്ള രോഗികള്‍ സങ്കീര്‍ണമായ ഫൂട്ട് ആന്‍ഡ് ആങ്കിള്‍ രോഗങ്ങളുടെ ചികിത്സയ്ക്കായി ഇവിടെ എത്തുന്നുണ്ട്. മുന്‍കൂട്ടിയുള്ള രോഗനിര്‍ണയം, പ്രതിരോധ പരിചരണം, തുടര്‍ചികിത്സ സൗകര്യങ്ങള്‍ എന്നിവ കൂടുതല്‍ ശക്തിപ്പെടുത്തി രോഗികള്‍ക്ക് സമയബന്ധിതമായ ചികിത്സ ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഷാര്‍കോട്ട് ഫൂട്ടിന്റെ ഗുരുതരാവസ്ഥ തടയുന്നതിനും കാല് മുറിച്ചുമാറ്റേണ്ടതടക്കമുള്ള സങ്കീര്‍ണാവസ്ഥ ഒഴിവാക്കുന്നതിനും മുന്‍കൂട്ടിയുള്ള രോഗനിര്‍ണയത്തിന്റേയും കൃത്യമായ ചികിത്സയുടെയും പ്രാധാന്യത്തെക്കുറിച്ചുള്ള അവബോധം പൊതുജനങ്ങളില്‍ വര്‍ധിപ്പിക്കേണ്ടതുണ്ടെന്ന് ഗ്രൂപ്പ് സി ഇ ഒ അഭിഷേക് പൊഡുരി പറഞ്ഞു. വി പി എസ് ലേക്ഷോര് മെഡിക്കല്‍ സൂപ്രണ്ട് ഡോ. സുര്‍ത റാം വിഷ്ണോയി, കോര്‍പറേറ്റ് കമ്മ്യൂണിക്കേഷന്‍ മാനേജര്‍ ടി അനില്‍കുമാര്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

