
ഖത്തര്‍ വാണിജ്യ- വ്യവസായ മന്ത്രിയുമായി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി കൂടിക്കാഴ്ച നടത്തി
ദോഹ: ഖത്തറില്‍ റീട്ടെയ്ല്‍ സാന്നിധ്യം വിപുലമാക്കുന്നതിന്റെ ഭാഗമായി 500 ദശലക്ഷം റിയാലിന്റെ പദ്ധതികള്‍ പ്രാവര്‍ത്തികമാക്കുമെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി. ഖത്തര്‍ വാണിജ്യ- വ്യവസായ മന്ത്രി ശൈഖ് ഫൈസല്‍ ബിന്‍ താനി ബിന്‍ ഫൈസല്‍ അല്‍ താനിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.


ലുലു ഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങളെ ശൈഖ് ഫൈസല്‍ ബിന്‍ താനി ബിന്‍ ഫൈസല്‍ അല്‍ താനി അഭിനന്ദിച്ചു. പശ്ചിമേഷ്യന്‍ സംഘര്‍ഷ സമയങ്ങളില്‍ ലുലു ഗ്രൂപ്പ് നടത്തിയ പ്രവര്‍ത്തനത്തെ അദ്ദേഹം പ്രശംസിച്ചു. ഖത്തറിന്റെ വാണിജ്യ രംഗത്ത് റീട്ടെയ്ല്‍ മേഖല നിര്‍ണായക സംഭവനകളാണ് നല്‍കുന്നത്. രാജ്യത്തിന്റെ ഭക്ഷ്യ സുരക്ഷയ്ക്കും ഭക്ഷ്യ ശൃംഖലയ്ക്കും ലുലു നല്‍കുന്ന സംഭാവനകള്‍ എടുത്ത് കാണേണ്ടതാണെന്നും അദ്ദേഹം വ്യക്തമാക്കി. ലുലുവിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ശൈഖ് ഫൈസല്‍ ബിന്‍ താനി ബിന്‍ ഫൈസല്‍ അല്‍ താനി പൂര്‍ണ പിന്തുണയും ഉറപ്പുനല്‍കി.

ലുലുവിന്റെ വികസന പദ്ധതികള്‍ക്ക് ഖത്തര്‍ ഭരണകൂടം നല്‍കുന്ന പിന്തുണയ്ക്ക് എം എ യൂസഫലി നന്ദി അറിയിച്ചു. നിലവില്‍ 24 ഹൈപ്പര്‍ മാര്‍ക്കറ്റുകളാണ് ഖത്തറില്‍ ലുലുവിനുള്ളത്. മൂന്ന് ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ കൂടി അടുത്ത് തന്നെ യാഥാര്‍ഥ്യമാക്കും.
വാണിജ്യ- വ്യവസായ മന്ത്രാലയ അണ്ടര്‍ സെക്രട്ടറി സാലെ ബിന്‍ മജെദ് അല്‍ ഖുലൈഫി, ലുലു ഗ്രൂപ്പ് ഗ്ലോബല്‍ ഓപ്പറേഷന്‍സ് ആന്‍ഡ് ചീഫ് സസ്‌റ്റൈനിബിലിറ്റി ഓഫീസര്‍ ഡോ. മുഹമ്മദ് അല്‍ത്താഫ് എന്നിവരും കൂടിക്കാഴ്ചയില്‍ ഭാഗമായി.

